ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ തീരുമാനത്തില്‍ അയവ് വരുത്തിയില്ല. തിങ്കളാഴ്ചയും തന്റെ രാജി നിലപാടില്‍ തന്നെയാണ് അദ്ദേഹം ഉറച്ച് നിന്നത്. അനുയോജ്യനായ പിന്‍ഗാമിയെ നിയമിക്കും വരെ താന്‍ തുടരാമെന്നാണ് രാഹുല്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചതെന്നാണ് വിവരം. തന്റെ രാജി നിലപാടില്‍ രാഹുല്‍ ചെറുതായി അയവ് വരുത്തിയതായാണ് ഈ പ്രതികരണത്തിലൂടെ ചില നേതാക്കള്‍ കരുതുന്നത്. അതേസമയം, നിലവിലത്തെ സാഹചര്യത്തില്‍ പിന്‍ഗാമിയെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് മറ്റ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
രാഹുല്‍ അല്ലാതെ മറ്റൊരാളെ അധ്യക്ഷ പദവിയിലേക്ക് സങ്കല്പിക്കാന് കഴിയാത്ത നിലയിലാണ് പാര്‍ട്ടി. ആഭ്യന്തര ഛിദ്രത ബാധിച്ചിട്ട പാര്‍ട്ടിയെ പരസ്പരം ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണ് ഗാന്ധി കുടുംബം എന്നും ഏത് വിധേനയും രാഹുലിനെ പദവിയില്‍ നിലനിര്‍ത്തണമെന്നുമാണ് മുതിര്‍ന്ന അംഗങ്ങളുടെ നിലപാട്. അധ്യക്ഷ പദവിയില്‍ തീരുമാനമെടുത്തിട്ടു വേണം ലോക്സഭയിലെ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍. നിലവിലെ സ്ഥിതിയില്‍ കക്ഷിനേതാവെന്ന പദവിയും രാഹുല്‍ ഏറ്റെടുക്കാനിടയില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ അധ്യക്ഷ പദമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. രാജി പ്രവര്‍ത്തക സമിതി ഐക്യകണ്ഠ്യേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. രാഹുലിനെ പിന്തിരിപ്പിക്കാന് മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും കെ.സി.വേണുഗോപാലും ഇന്നലെ നടത്തിയ ശ്രമവും വിഫലമായി.
താന്‍ മാത്രമല്ല, സോണിയയോ, പ്രിയങ്കയോ അധ്യക്ഷപദവി ഏറ്റെടുക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നുമാണ് രാഹുലിന്റെ പക്ഷം. ലോക്സഭ തിരഞ്ഞെടുപ്പില്‍ നല്ലവണ്ണം പ്രവർത്തിച്ചിട്ടും മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കാത്തതാണ് രാഹുലിനെ ചൊടിപ്പിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുമായുള്ള കൂടിക്കാഴ്ചയും മറ്റ് യോഗങ്ങളുമെല്ലാം റദ്ദാക്കാനും രാഹുല്‍ നിര്‍ദേശം നല്കി. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.