/indian-express-malayalam/media/media_files/uploads/2020/02/Jamia-759.jpg)
ഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ വീണ്ടും വെടിവയ്പ്പ്. ഞായറാഴ്ച അർധരാത്രി അഞ്ചാം നമ്പർ ഗേറ്റിന് മുന്നിലാണ് വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വെടിവയ്പ്പ് നടത്തിയ രണ്ടംഗ അജ്ഞാതസംഘം രക്ഷപ്പെട്ടെന്നാണ് സൂചന. ക്യാമ്പസിന് മുന്നിലെ വെടിവയ്പ്പില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രാത്രിതന്നെ രംഗത്തെത്തിയിട്ടുണ്ട്. അക്രമികളെ പിടികൂടണമെന്നതാണ് ആവശ്യം.
Read More: കൊറോണ: മരണ സംഖ്യ 361, വൈറസ് ബാധിതരുടെ എണ്ണം 17,205
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവയ്പ്പുണ്ടാകുന്നത്. ചുവന്ന ജാക്കറ്റ് ധരിച്ച രണ്ട് പേരാണ് ഇന്നലെ അക്രമം നടത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു.
#JUSTIN: Protest happening outside Jamia Nagar police station after locals alleged that two scooterists fired at Gate No.5 of Jamia Millia Islamia. Police verifying all the facts before taking any legal action. @IndianExpress, @ieDelhipic.twitter.com/VYuf1SVSR5
— Mahender Singh (@mahendermanral) February 2, 2020
എന്നാൽ സംഭവ സ്ഥലത്ത് തങ്ങൾ പരിശോധന നടത്തിയെന്നും വെടിയുണ്ടകളൊന്നും കണ്ടെത്താനായില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധവുമായി തടിച്ചു കൂടിയ വിദ്യാർഥികൾ പരാതി നൽകിയതിനെ തുടർന്ന് കേസിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കുമാർ ഗ്യാനേഷ് പറഞ്ഞു.
കഴിഞ്ഞദിവസം ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്ക് നേരെയും വെടിവയ്പ്പുണ്ടായിരുന്നു. ഇവർക്കെതിരെ വെടിവയ്പ്പ് നടത്തിയ പ്രതിയെ കോടതി രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡൽഹി സാകേത് കോടതിയാണ് പ്രതി കപിൽ ഗുജ്ജാറിനെ റിമാന്‍ഡ് ചെയ്തത്. ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡിസിപി ചിന്മയ് ബിസ്വാൾ പറഞ്ഞു.
ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ശനിയാഴ്ച വൈകിട്ടോടെ വെടിവയ്പ്പ് ഉണ്ടായത്. പ്രതി ആകാശത്തേക്ക് വെടിവയ്ക്കുകയാണ് ചെയ്തതെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് വ്യക്താമാക്കിയിരുന്നു. ഇയാളുടെ തോക്കും പൊലീസ് പിടിച്ചെടുത്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.