Latest News

അഫ്ഗാൻ: മൂന്ന് വടക്കൻ ജില്ലകളിൽ വീണ്ടും താലിബാൻ നിയന്ത്രണം; ഒഴിപ്പിക്കലിനുള്ള സമയം നീട്ടാൻ യുഎസിനു മേൽ സമ്മർദ്ദം

കഴിഞ്ഞയാഴ്ച പ്രാദേശിക സായുധ സംഘടനകൾ നിയന്ത്രണം നേടിയ പ്രദേശങ്ങളാണ് ഇപ്പോൾ താലിബാൻ വീണ്ടും കൈയടക്കിയത്

Taliban, Afghanistan, Gunfight
Photo: Twitter/ Stefano Pontecorvo

അഫ്ഗാനിസ്താനിൽ വടക്കൻ മേഖലയിലെ മൂന്ന് ജില്ലകൾ താലിബാൻ സംഘം നിയന്ത്രണം നേടിയതായി റിപ്പോർട്ട്. താലിബാൻ വക്താവിനെ അധികരിച്ച് റോയ്റ്റേഴ്സ് വാർത്താ ഏജൻസിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച പ്രാദേശിക സായുധ സംഘടനകൾ നിയന്ത്രണം നേടിയ പ്രദേശങ്ങളാണ് ഇപ്പോൾ താലിബാൻ വീണ്ടും കൈയടക്കിയത്.

ആഗസ്റ്റ് 15 ന് തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാനെതിരായ ഉയർന്ന ആദ്യ സായുധ പ്രതിരോധങ്ങളിൽ ഒന്നിന്റെ ഭാഗമായാണ് ബാഗ്ലാൻ പ്രവിശ്യയിലെ ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ ജില്ലകളുടെ നിയന്ത്രണം പ്രാദേശിക സായുധ ഗ്രൂപ്പുകൾ നേടിയെടുത്തത്.

താലിബാൻ അധികാരം നേടിയതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് നിരവധി പേർ പുറത്ത് കടക്കാൻ ശ്രമിക്കുന്നുണ്ട്. ഇതോടെ അഫ്ഘാനിസ്താനിലെ ഒഴിപ്പിക്കൽ നടപടിക്കുള്ള സമയപരിധി നീട്ടുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബിഡന് മേലുള്ള സമ്മർദ്ദം വർധിക്കുന്നുണ്ട്.

കുടിയൊഴിപ്പിക്കൽ ബുദ്ധിമുട്ടുള്ളതും വേദനാജനകവുമാവുമെന്ന് യുഎസ് പ്രസിഡന്ര് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയും ഒരുപാട് തെറ്റുകൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ യുഎസ് സൈന്യം അവരുടെ ഓഗസ്റ്റ് 31 എന്ന സമയപരിധിക്കപ്പുറവും അഫ്ഗാനിൽ തുടർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ഇന്ന് രാവിലെ ഉണ്ടായ വെടിവയ്പ്പില്‍ ഒരു അഫ്ഗാനിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.45 നാണ് സംഭവം. അഫ്ഗാനിസ്ഥാന്റേയും യുഎസ്, ജര്‍മന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെയും അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഫ്ഗാന്‍ പൗരന്മാരും വിദേശികളും താലിബാനില്‍ നിന്ന് രക്ഷപെടുന്നതിനായി വിമാനത്താവളത്തില്‍ തടിച്ചു കൂടിയപ്പോഴാണ് സംഭവം.

Also Read: അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിക്കുന്നത് ഏതെല്ലാം രാജ്യങ്ങൾ

ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ അമേരിക്കയുടേയും ജര്‍മനിയുടേയും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മന്‍ സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്ററാണ് ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്. യുഎസ് സൈന്യവും നാറ്റോയും വെടിവയ്പ്പ് നടന്ന് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍ പിടിച്ചെടുക്കാന്‍ ബാക്കിയുള്ള ഏക പ്രവിശ്യയായ പാഞ്ച്ശീര്‍ ലക്ഷ്യമാക്കി താലിബാന്‍ നീങ്ങുന്നതിനിടെയാണ് വിമാനത്താവളത്തില്‍ വെടിവയ്പ്പുണ്ടായത്. ഹിന്ദു കുഷിലെ പർവതങ്ങളിൽ മൂന്ന് ഗ്രാമീണ ജില്ലകൾ വിമതർ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ യുദ്ധം ഉണ്ടായിട്ടില്ലെന്ന് താലിബാൻ അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍ സൈന്യം താലിബാന്റെ മുന്നേറ്റത്തില്‍ തകര്‍ന്നടിയുകയും പിന്മാറുകയും ചെയ്തെങ്കിലും, ഒരു വിഭാഗം കാബൂള്‍ വിമാനത്താവളത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി തുടരുന്നുണ്ട്. ഇവര്‍ അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി സേനയില്‍പ്പെട്ടവരാണോ അതൊ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്നവരാണൊ എന്നതില്‍ വ്യക്തതയില്ല.

വിമാനത്താവളത്തിന് പുറത്തുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ബാറ്റേണ്‍ കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും തങ്ങളെ അഫ്ഗാന്‍ ജനത ഭയപ്പെടേണ്ടതില്ല എന്നാണ് താലിബാന്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഉണ്ടായ അപകടം അമേരിക്കന്‍ സൈന്യത്തിന്റെ വീഴ്ചകൊണ്ടാണെന്നും താലിബാന്‍ ആരോപിച്ചു. കാബൂള്‍ വിമാനത്താവളത്തില്‍ പലായനത്തിനായി ആയിരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണമാണ് സംഭവിച്ചത്.

അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുന്നത് വൈകിപ്പിക്കുകയാണെങ്കില്‍ ഓഗസ്റ്റ് 31 ന് ശേഷം രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാമെന്ന് ഓസ്ട്രേലിയ അറിയിച്ചു. താലിബാന്റെ പുതിയ നീക്കങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ജി-7 ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക നേതാക്കളുമായി ചര്‍ച്ച ചെയ്യും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ ബ്രിട്ടണ് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 17-ാം തിയതിയാണ് താലിബാന്‍ സൈന്യം അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെത്തിയതും ഭരണം പിടിച്ചെടുത്തതും. താലിബാന്‍ കാബൂളിലെത്തിയതിന് പിന്നാലെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി യുഎഇലേക്ക് പലായനം ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലുള്ള ഉദ്യോഗസ്ഥര്‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നും, സ്ത്രീകള്‍ ഭരണകൂടത്തിന് ഒപ്പം നില്‍ക്കണമെന്നും താലിബാന്‍ നിര്‍ദേശിച്ചു. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുകയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Firefight in kabul airport one killed and three injured

Next Story
രാജ്യത്ത് 25,072 പേര്‍ക്ക് കോവിഡ്; 2020 മാര്‍ച്ചിന് ശേഷമുള്ള കുറഞ്ഞ സംഖ്യmucormycosis cases, mucormycosis symptoms, mucormycosis treatment,
The moderation of comments is automated and not cleared manually by malayalam.indianexpress.com