ന്യൂഡൽഹി: കോവിഡ് -19 പകർച്ചവ്യാധിക്കിടയിൽ വായു മലിനീകരണം തടയുന്നതിനായി എല്ലാ പടക്കങ്ങളുടെയും വിൽപനയും ഉപയോഗവും നിരോധിച്ചുകൊണ്ടുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തിങ്കളാഴ്ച റദ്ദാക്കി.
ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജികളിൽ ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കറും അജയ് റസ്തോഗിയും അടങ്ങുന്ന പ്രത്യേക ബെഞ്ച് പശ്ചിമ ബംഗാൾ സർക്കാരിനോട് നിരോധിത പടക്കങ്ങളും അനുബന്ധ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു.
കാളിപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾക്കിടെ രാത്രി എട്ട് മണി മുതൽ 10 മണി വരെ ഗ്രീൻ പടക്കങ്ങൾ പൊട്ടിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് പിറകെ കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ വെള്ളിയാഴ്ച പടക്കങ്ങൾ ഡിസംബർ 31 വരെ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു.
മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങളിൽ നിന്ന് ഗ്രീൻ പടക്കങ്ങൾ വേർതിരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കോടതി നിരീക്ഷിച്ചിരുന്നു.
ഹൈക്കോടതി വിധിയെത്തുടർന്ന് നിരോധനം തുടരാൻ സംസ്ഥാന ഭരണകൂടം ഉത്തരവിടുകയും പടക്കങ്ങളുടെ ഉപയോഗവും വിൽപ്പനയും കർശനമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
Also Read: കോവാക്സിനെടുത്തവർക്ക് യാത്രാനുമതി നൽകി ഓസ്ട്രേലിയ