scorecardresearch

മഹുവ മൊയ്ത്ര: ‘ഒരിഞ്ചു പോലും വിട്ടുകൊടുക്കാത്ത‘ പ്രതിപക്ഷ പോരാളി

മൊയ്ത്രക്കെതിരേയുളള നിഷികാന്ത് ദുബെയുടെ ആരോപണം പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ മുൻനിര ശബ്ദമാവുന്നതിനെതിരേ ബിജെപി പക്ഷത്തുനിന്നുളള ഏറ്റവും പുതിയ ആക്രമണം മാത്രം

മൊയ്ത്രക്കെതിരേയുളള നിഷികാന്ത് ദുബെയുടെ ആരോപണം പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ മുൻനിര ശബ്ദമാവുന്നതിനെതിരേ ബിജെപി പക്ഷത്തുനിന്നുളള ഏറ്റവും പുതിയ ആക്രമണം മാത്രം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mahua Moitra

രാഷ്ട്രീയത്തിലേക്കുളള മൊയ്ത്രയുടെ കടന്നുവരവും തീപ്പൊരി നേതാവിലേക്കുളള വളർച്ചയും അവരെ ചെറുപ്പം മുതൽ അറിയുന്നവർക്ക് അമ്പരിപ്പിക്കുന്ന മാറ്റങ്ങളായിരുന്നു

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വാർത്തകളിൽ നിറയുന്നത് ആദ്യമായിട്ടല്ല. ചിലപ്പോൾ ചില പ്രസ്താവനകളുടെ പേരിൽ, മിക്കവാറും പാർലമെന്റിനകത്തെ തീപ്പൊരി പ്രസംഗങ്ങളുടെ പേരിൽ, ഇപ്പോൾ ബിജെപി എംപി നിഷികാന്ത് ദുബെയുമായുളള വാക്പോരിന്റെ പേരിലും.

Advertisment

ഇക്കഴിഞ്ഞ പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ സഹ എംപിക്കെതിരേ നടത്തിയ മോശം പരാമർശത്തെ തുടർന്ന് പ്രിവിലേജസ് പാനലിൽ പരാതി നേരിടുന്ന ദുബെയുടെ പുതിയ ആരോപണം മൊയ്ത്രക്ക് എതിരെയാണ്. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മൊയ്ത്ര “കൈക്കൂലി” വാങ്ങിയെന്നും സ്പീക്കർ ഓം ബിർല ഇക്കാര്യം അന്വേഷിക്കണം എന്നുമാണ് ദുബെയുടെ ആരോപണം.

അങ്ങനെയെങ്കിൽ ദുബെയ്ക്ക് എതിരേയുളള ഒന്നിലധികം അവകാശലംഘന പരാതികൾ സ്പീക്കർ അന്വേഷിക്കണമെന്ന ടിഎംസി എംപിയുടെ മറുപടി ഉടനടി വന്നു.

ഈ വർഷം തുടക്കത്തിൽ ദുബെയുടെ എംബിഎ, പിഎച്ച്ഡി ബിരുദങ്ങൾ വ്യാജമാണെന്നും അതിനാൽ ദുബെയെ അയോഗ്യനാക്കണമെന്നും മൊയ്ത്ര ആവശ്യപ്പെട്ടിരുന്നു.

Advertisment

ദുബെയുമായുളള വാക്കുതർക്കത്തിനപ്പുറം, ടിഎംസി പരമാധികാരിയായ മമതാ ബാനർജിയോടു എക്കാലവും വിധേയപ്പെട്ടു നിൽക്കുന്നൊരു പാർട്ടിയിൽ നിയന്ത്രണങ്ങൾക്കതീതമായ വ്യത്യസ്തയായൊരു നേതാവായാണ് മൊയ്ത്ര തന്നെത്തന്നെ രൂപപ്പെടുത്തിയിരിക്കുന്നത്.

“ഫാസിസത്തിന്റെ ആദ്യ ഏഴ് ലക്ഷണങ്ങൾ “ എന്നപേരിൽ മൊയ്ത്ര അവതരിപ്പിച്ച പാർലമെന്റിലെ കന്നിപ്രസംഗം വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയത്. തിരികെ സീറ്റിലിരുത്താനുളള ഭരണപക്ഷത്തിന്റെ അട്ടഹാസങ്ങളെ വകവെയ്ക്കാതെ പത്തുമിനിറ്റോളം പ്രസംഗിച്ച മൊയ്ത്രയെ പ്രതിപക്ഷവും സ്വന്തം പാർട്ടിയും ഡസ്കിലടിച്ച് പ്രോത്സാഹിപ്പിച്ചു.

അന്നു മുതൽ പ്രതിപക്ഷത്തെ സ്റ്റാർ പ്രാസംഗികയായി മൊയ്ത്ര മാറി. പ്രത്യേകിച്ചും INDIAയുടെ കുടക്കീഴിൽ ടിഎംസിയും അണിനിരന്ന ഈയവസരത്തിൽ. പൗരത്വനിയമ ഭേദഗതിക്കെതിരേയും രാജ്യദ്രാഹ നിയമത്തിനെതിരേയും 2022 പകുതിയോടെ സുപ്രീം കോടതിയിൽ പെറ്റീഷനുകൾ ഫയൽ ചെയ്തിട്ടുളള മഹുവ വാങ്ങിക്കൂട്ടിയ പരാതികളും എഫ്ഐആറുകളും ചില്ലറയല്ല. ലീന മണിമേഖലയുടെ കാളിയെകുറിച്ചുള്ള ഡോക്യുമെന്ററി ഉയർത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യാ ടുഡേ ഈസ്റ്റ് കോൺക്ലേവിൽ നടത്തിയ പരാമർശങ്ങളാണ് ആളുകളെ ചൊടിപ്പിച്ചത്. ബിജെപിയും ഹിന്ദുത്വ സംഘങ്ങളും മാത്രമല്ല, ടിഎംസി നേതാക്കൾ വരെ പരാതിയുമായി രംഗത്തുവന്നു.

രാഷ്ട്രീയത്തിലേക്കുളള മൊയ്ത്രയുടെ കടന്നുവരവും തീപ്പൊരി നേതാവിലേക്കുളള വളർച്ചയും അവരെ ചെറുപ്പം മുതൽ അറിയുന്നവർക്ക് അമ്പരിപ്പിക്കുന്ന മാറ്റങ്ങളായിരുന്നു. അസമിലെ തേയില തോട്ടമുടകളുടെ കുടുംബത്തിൽ ജനിച്ചുവളർന്ന് പഠിക്കാൻ സമർത്ഥയായിരുന്ന വിദ്യാർഥി ആയിരുന്നു മഹുവ മൊയ്ത്ര. മസാച്യുസെറ്റ്സിലെ മൗണ്ട് ഹോളിയോക് കോളേജിൽ നിന്ന് സ്കോളർഷിപ്പോടെ ഗണിതബിരുദം നേടിയ അവർ പിന്നീട് ന്യൂയോർക്കിലും ലണ്ടനിലും ഉയർന്ന ശമ്പളം വാങ്ങുന്ന ബാങ്കർ ആയി ജോലി നോക്കി.

ജൂലൈ 2019ൽ ഒരു സ്കൂളിൽ പ്രസംഗിക്കവേ മൊയ്ത്ര പറഞ്ഞത് "2008ലെ തന്റെ പത്താമത്തെ കോളേജ് ഒത്തുചേരലിനാണ് പൊതുരംഗത്തേക്കിറങ്ങുന്നതിനെ കുറിച്ച് താനാദ്യമായി ചിന്തിച്ചത് എന്നാണ്. ഇരുപതാമത്തെ കോളേജ് സംഗമത്തിന് ജെപി മോർഗന്റെ മറ്റൊരു എംഡിയായി തിരിച്ചുവരണോ അതോ വലിയൊരു മാറ്റമുണ്ടാക്കിയ ശേഷം തിരിച്ചുവരണോ," എന്നായിരുന്നു ആ ചിന്ത.

ഇന്ത്യയിൽ തിരിച്ചെത്തിയ മൊയ്ത്രയുടെ ആദ്യത്തെ ഇടം കോൺഗ്രസ്സായിരുന്നു. ബംഗാളിൽ രാഹുൽ ഗാന്ധി നയിച്ച ‘സാധാരണക്കാരന്റെ ശിപായി’ എന്ന ബൂത്തു തല കാമ്പെയ്നിൽ രാഹുൽ തിരഞ്ഞെടുത്തയാളായി മൊയ്ത്ര അവതരിപ്പിക്കപ്പെട്ടു.

പക്ഷേ 2010ൽ, ഇടതിനെ പുറത്താക്കി ടിഎംസി അധികാരത്തിൽ വരുന്നതിന് ഒരു വർഷം മുമ്പ് മൊയ്ത്ര പാർട്ടി മാറി. ബംഗ്ലാദേശുമായി അതിരിടുന്ന ഗ്രാമമായ കരിംപൂരിൽ മൂന്നുവർഷം എംഎൽഎ ആയിരുന്നതിനു ശേഷം 2019ൽ കൃഷ്ണനഗറിൽ നിന്നും മൊയ്ത്ര ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മമതാ ബാനർജിയുടെ വിശ്വാസം നേടിയെടുത്തതിന്റെ പ്രതീകമായി പാർട്ടിയുടെ നാഡിയ ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ട് അധികം വൈകാതെയായിരുന്നു ഇത്. മമതയുടെ വിശ്വാസം തെറ്റിയില്ലെന്ന് മൊയ്ത്ര പാർലമെന്റിൽ തെളിയിക്കുകയും ചെയ്തു.

പാർട്ടി നേതാവായിരുന്ന കാലം അത്ര സുഗമമായിരുന്നില്ല. മൊയ്ത്രയുടെ മണ്ഡലമായ കൃഷ്ണനഗറിന്റെ ഭാഗമായ നാഡിയ ജില്ലയിൽ നിന്ന് ജില്ലാ പ്രസിഡന്റെന്ന നിലയിൽ മൊയ്ത്ര പതിവായി മുതിർന്ന നേതാക്കളെ അവഹേളിക്കുന്നുവെന്ന പരാതികൾ സ്ഥിരമായി. 2021 ഡിസംബറിൽ നാഡിയയിൽ വെച്ചു നടന്ന ഭരണതല റിവ്യൂ മീറ്റിങ്ങിൽ മൊയ്ത്രയെ മമത പരസ്യമായി ശാസിക്കുകയും ചെയ്തു.

'കാളി വിവാദ'ത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദുത്വ ശക്തികളുടെ ഉഗ്ര നിയമങ്ങൾക്കെതിരായുളള തന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നു കൊണ്ട് മൊയ്ത്ര തന്റെ പരാമർശത്തെ പൂർവാധികം ശക്തിയായി പ്രതിരോധിച്ചു. “കാളി മാതാവിനെ ഭക്തർ എങ്ങനെയാണ് ആരാധിക്കുന്നതെന്ന്, കാളി എനിക്കെന്താണ് എന്നതിന്റെയും അനുഭവത്തിലും വസ്തുതയിലും നിന്നുളള പരാമർശമായിരുന്നു അത്. മതം നമ്മുടെ വ്യക്തിഗത ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്, അതുകൊണ്ടുതന്നെ നമ്മുടെ വിശ്വാസങ്ങളെയും ആരാധനാരീതികളെയും കുറിച്ച് സംസാരിക്കാനുളള അവകാശത്തെ തിരിച്ചുപിടിക്കാനുളള സമയം അതിക്രമിച്ചിരിക്കുകയാണ്,” ഇന്ത്യൻ എക്സ്പ്രസ്സിനോട് സംസാരിക്കവെ മഹുവ മൊയ്ത്ര പറഞ്ഞു.

“അതുകൊണ്ടാണ് ബിജെപിക്ക് അവരുടെ വ്യാജ ഹിന്ദുത്വത്തെ നമ്മുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയുന്നത്. ഹിന്ദുത്വം അവരുടെ അധീനതയിലൊന്നുമല്ല, ഞാനൊരിഞ്ചു പോലും മാറുകയുമില്ല,” മൊയ്ത്ര കൂട്ടിച്ചേർത്തു.

എന്നാൽ സഭയിൽ മൊയ്ത്രയുടെ പരാമർശം ബാലിശവും അപക്വവുമായിപ്പോയെന്നായിരുന്നു ചിലരുടെ പ്രതികരണം. ഒരു സെഷനിൽ തന്റെ സംസാരസമയം കുറച്ചതിൽ മൊയ്ത്ര പ്രതിഷേധിക്കുകയും പിന്നീട് സ്പീക്കർ ഓംപ്രകാശ് ബിർലയെ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു. പിറ്റേന്ന് സഭ അവരുടെ പ്രവൃത്തിയെ അപലപിച്ചു.

“എല്ലാവരും അവരിൽ നിന്നൊരു അകലം പാലിക്കുന്നുണ്ട്. കാരണം അവരൽപം മുൻകോപക്കാരിയാണെന്നാണ് എംപിമാർക്ക് തോന്നിയിട്ടുളളത്. വാഗ്മിയാണ്, പക്ഷേ രൂക്ഷവുമാണ്.” ഒരു രാജ്യസഭ എംപി പറഞ്ഞു.

ഇത്തരം വിമർശനങ്ങളിൽ മൊയ്ത്രയ്ക്ക് യാതൊരു കുലുക്കവുമില്ല. “ഈ വിശേഷണങ്ങളൊക്കെ ഒരു പുരുഷനാണുളളതെങ്കിൽ അയാളൊരു നേതാവാണ്. മറിച്ച് സ്ത്രീയ്ക്കാണെങ്കിൽ അവർ മോശക്കാരിയും. അത് പൊതുസ്വഭാവമാണ്. തിരികെ തർക്കിക്കുന്നതിനു പകരം ഞാനിപ്പോൾ ഇത്തരം വിശേഷണങ്ങൾ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു!” മൊയ്ത്ര പറഞ്ഞുനിർത്തി.

Member Of Parliament Trinamool Congress Mp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: