മോസ്കോ: റഷ്യയിലെ ക്രിമിയയില്‍ ഇന്ധനം നിറച്ച രണ്ടുകപ്പലുകള്‍ക്ക് തീപിടിച്ച സംഭവത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു. ആറ് ഇന്ത്യാക്കാരെ കാണാതായി. ഒരു മലയാളിയെ അടക്കം നാല് പേരെ രക്ഷപ്പെടുത്തി. ആശിഷ് അശോക് നായരാണ് രക്ഷപ്പെട്ട മലയാളി.
പിനല്‍ കുമാര്‍ ഭരത്ബായി ടണ്ടൽ, വിക്രം സിങ്, ശരവണ്‍ നാഗരാജന്, വിശാല്‍ ദോഡ്, രാജ് ദേവ് നാരയണന് പനിഗ്രഹി, കരണ്‍ കുമാര്‍ ഹരിഭായ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. അപകടത്തില്‍ ചുരുങ്ങിയത് 14 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രിമിയയെയും റഷ്യയെയും വേര്‍തിരിക്കുന്ന കെര്‍ഷ് കടലിടുക്കില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. ടാന്‍സാനിയന്‍ പതാക പ്രദര്‍ശിപ്പിച്ചിട്ടുള്ള കാന്‍ഡി, മയസ്ട്രോ എന്നീ കപ്പലുകള്‍ക്കാണ് തീപിടിച്ചത്. കപ്പലുകളിൽ ഇന്ത്യ, തുർക്കി, ലിബിയ രാജ്യങ്ങളിൽ നിന്നുളളവരാണ് ഉണ്ടായിരുന്നത്.
രണ്ടുകപ്പലുകളിലായി 15 ഇന്ത്യക്കാരുണ്ടായിരുന്നു. ഇന്ധനം കൈമാറുന്നതിനിടെയാണ് കപ്പലുകള്‍ക്ക് തീപിടിച്ചത്. ജീവനക്കാര്‍ കടലിലേക്കുചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കപ്പലുകളിലെ തീ ചൊവ്വാഴ്ച രാവിലെയായിട്ടും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. കപ്പലുകൾ രണ്ടും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്.