ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ തീപിടിത്തം. ഡൽഹിയിൽ ഒരു ഷൂ ഫാക്‌ടറിയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും നാല് പേർക്ക് പരുക്കേറ്റതായുമാണ് വിവരം.

ഡൽഹിയുടെ പ്രാന്ത പ്രദേശമായ സുൽത്താൻപുരിയിൽ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ആറ് മണിയോടെയാണ് അഗ്നിരക്ഷാസേനയ്ക്ക് അപകടം സംബന്ധിച്ച അറിയിപ്പ് കിട്ടിയത്. 15 യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി.

കൊല്ലപ്പെട്ടവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വീടുകൾ ധാരാളമായുളള സ്ഥലത്താണ് ഫാക്ടറി സ്ഥാപിച്ചിരുന്നതെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്.

ഫാക്‌ടറി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് തീ ഉയർന്നത്. ഈ സമയത്ത് 20 പേരാണ് ഫാക്ടറിയിൽ ഉണ്ടായത്. തിപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ആത്മരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്കാണ് പരുക്കേറ്റത്. ഇവരെ സഞ്ജയ് ഗാന്ധി സ്മാരക ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ