മോസ്‌കോ: ലോകകപ്പ് മൽസരങ്ങള്‍ക്കായി സൗദി അറേബ്യന്‍ ടീം സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിനില്‍ തീ. ഇതേതുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. തങ്ങളുടെ രണ്ടാമത്തെ കളിയ്‌ക്കായി താരങ്ങളുമായി മൽസരവേദിയിലേക്ക് പറക്കുകയായിരുന്നു വിമാനം.

എന്നാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതാണെന്നുമായിരുന്നെന്നാണ് വിമാനക്കമ്പനി പറയുന്നത്.

റോസ്സിയ എയര്‍ബസ് എ319 ആണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. ബുധനാഴ്‌ച യുറുഗ്വായ്‌ക്കെതിരെയാണു സൗദിയുടെ രണ്ടാം മല്‍സരം. എന്‍ജിനു തീപിടിക്കുന്നതെന്ന പേരില്‍ ചില ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവ ആധികാരികമാണോയെന്നു വ്യക്തമായിട്ടില്ല.

ആദ്യ മൽസരത്തില്‍ റഷ്യയോട് നാണം കെട്ട് തോറ്റതിന്റെ ക്ഷീണം മാറ്റാനായി രണ്ടാം മൽസരത്തിന് തയ്യാറെടുക്കുകയാണ് ഏഷ്യന്‍ കരുത്തര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ