ദുബായി: രാഷ്ട്രീയ, ദ്വിരാഷ്ട്ര തടവുകാരെ പാർപ്പിച്ചിരിക്കുന്ന ഇറാനിലെ ടെഹ്റാനിലുള്ള എവിൻ ജയിലിൽ തീപിടിത്തമുണ്ടായതായും വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടുകള്‍.
കുര്‍ദിഷ് ഇറാനിയൻ വനിതയായ മഹ്സ അമിനി എന്ന 22 കാരിയായ തടങ്കലിൽ വച്ചതിനെച്ചൊല്ലി ഇറാനിലുടനീളം ഒരു മാസത്തോളമായി പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ജയിലില്‍ കലാപസമാനമായ അന്തരീക്ഷമുണ്ടാകുന്നത്. സംഭവത്തില്‍ എട്ട് പേർക്ക് പരിക്കേറ്റതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി ഐആർഎൻഎ അറിയിച്ചു.
1979 ലെ വിപ്ലവത്തിന് ശേഷം ഇസ്ലാമിക് റിപ്പബ്ലിക്കിന് ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് പ്രതിഷേധം ഉയർത്തുന്നത്. രാജ്യത്തുടനീളം പ്രകടനങ്ങൾ വ്യാപിച്ചു. പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ മരണം പോലും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
“സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും മോഷണത്തിനും ശിക്ഷിക്കപ്പെട്ട നിരവധി തടവുകാർ തമ്മിലുള്ള വഴക്കിനെത്തുടർന്ന്” ജയിലിലെ ഒരു വര്‍ക്ക് ഷോപ്പിന് തീയിട്ടതായി ഇറാനിയൻ ജുഡീഷ്യറി പ്രസ്താവനയിലൂടെ അറിയിച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം അന്വേഷിച്ച് വരികയാണെന്ന് ടെഹ്റാൻ ഫയർ ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ് മീഡിയയോട് പറഞ്ഞു.
“ജയിലിലേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്. നിരവധി ആംബുലന്‍സുകളും ഇവിടെയുണ്ട്. ഇപ്പോഴും വെടിയൊച്ചകള്‍ കേള്‍ക്കാം,” സംഭവത്തിന്റെ ദൃക്സാക്ഷിയായ ഒരാള്‍ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിനോട് പറഞ്ഞു.
“തടവുകാരുടെ കുടുംബാംഗങ്ങള്‍ ജയിലിന്റെ പ്രധാന കവാടത്തിലെത്തിയിട്ടുണ്ട്. ഒരുപാട് തീയും പുകയും കാണാന്‍ കഴിയുന്നുണ്ട്. പ്രത്യേക സംഘങ്ങളുമുണ്ട്,” മറ്റൊരാള്‍ പറഞ്ഞു.
ഇറാനിയൻ തലസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ജയിലിൽ ക്രിമിനൽ കുറ്റവാളികളും രാഷ്ട്രീയ തടവുകാരും ഉണ്ട്.