ക്വാലാലംപുര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരില്‍ സ്‌കൂളിന് തീപിടിച്ച് കുട്ടികളും മുതിര്‍ന്നവരുമടക്കം 25 പേര്‍ വെന്തു മരിച്ചു. ദാറുല്‍ ഖുറാന്‍ ഇത്തിഫഖിയ തഹ്ഫീസ് സ്‌കൂളില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യം കണ്ട ഏറ്റവും വലിയ തീപിടിത്തമാണിത് എന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വാലാലംപുരിലെ മതപഠനകേന്ദ്രത്തിന്റെ രണ്ടാം നിലയിലായിരുന്നു അപകടമുണ്ടായത്.

പുലര്‍ച്ചെ 5.30നോടടുത്ത് രക്ഷാ പ്രവര്‍ത്തകര്‍ സംഭസ്ഥലത്തെത്തുമ്പോള്‍ കെട്ടിടം മുഴുവനായും തീപിടിച്ച അവസ്ഥയിലായിരുന്നു. മുറിയിലെ ഏക വാതിലിനെ തീ വിഴുങ്ങിയതിനാല്‍ പുറത്തേക്കിറങ്ങാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ കുട്ടികളും അധ്യാപകരും മുറിക്കുള്ളില്‍ കുടുങ്ങിയതാണ് ദുരന്തത്തിന്റ തീവ്രത കൂട്ടിയത്.

തീയണച്ച രക്ഷാപ്രവര്‍ത്തകര്‍ മുറിക്കുള്ളില്‍ പ്രവേശിച്ചപ്പോള്‍ മൃതദേഹങ്ങളെല്ലാം മുറിയുടെ ഒരു ഭാഗത്ത് കൂട്ടിയിട്ടപോലെ കിടക്കുകയായിരുന്നു. ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 13നും 17നും മധ്യേ പ്രായമുളളവരായിരുന്നു മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും.

അഗ്‌നിബാധയുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള പ്രത്യേക ഗോവണിയുണ്ടായിരുന്നെങ്കിലും നവീകരണ പ്രവർത്തനം നടക്കുന്നതിനാല്‍ ഈ ഗോവണിയിലേക്കുള്ള ഇടങ്ങളിലെല്ലാം തടസ്സങ്ങളായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ജൊഹോറിലെ ഒരു ആശുപത്രിയിലെ ഐസിയുവില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് ആറു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ