ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ ദിയാല ബ്രിഡ്ജ് പ്രദേശത്തെ ഇബ്നു ഖത്തീബ് ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 27 മരണം. 46 പേര്‍ക്ക് പരുക്കേറ്റു. കോവിഡ് രോഗികളെ പാർപ്പിക്കാൻ സജ്ജമാക്കിയ ആശുപത്രിയിലാണ് അപകടം.
ശ്വാസകോശ തീവ്രപരിചരണ വിഭാഗത്തിനായി നിശ്ചയിച്ചിട്ടുള്ള നിലയിലാണ് തീപിടിത്തമുണ്ടായതെന്നും 120 പേരിൽ 90 പേരെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തിയതായും ഇറാഖ് സിവിൽ ഡിഫൻസ് യൂണിറ്റ് മേധാവി പറഞ്ഞു മേജർ ജനറൽ കാദിം ബോഹൻ. തീ അണച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: കോവാക്സിൻ: സർക്കാരിന് 600 രൂപ; സ്വകാര്യ ആശുപത്രികൾക്ക് 1200
തീപിടുത്തത്തിൽ പരുക്കേറ്റവരെ രക്ഷപ്പെടുത്തി നിരവധി ആംബുലൻസുകളില്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നെന്ന് ദൃക്സാക്ഷിയായ റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ പറഞ്ഞു. അപകടത്തില്‍ പരുക്കേല്‍ക്കാത്ത രോഗികളേയും ആശുപത്രിയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയില്‍ ഇതിനോടകം തന്നെ ഇറാഖിലെ ആരോഗ്യ സംവിധാനം തകര്‍ന്നിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത് . മരണസംഖ്യ 15,000 കടന്നു.