ന്യൂഡൽഹി: ഡൽഹിയിലെ അനാജ് മന്ദിയിലെ ഫാക്ടറിയിലുണ്ടായ തീപിടത്തത്തിൽ നടപടിയുമായി സർക്കാർ. ഫാക്ടറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫാക്ടറി ഉടമ റെഹ്ഖാൻ, ഫാക്ടറി മാനേജർ ഫുക്രാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഐപിസി 304 പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
അപകടത്തിൽ 43 പേർ മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. അമ്പതോളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. ഝാൻസി റോഡിലുള്ള സ്കൂൾ ബാഗുകളും കുപ്പികളും നിർമിക്കുന്ന ഫാക്ടറിയിലാണ് പുലർച്ചെ അഞ്ചു മണിയോടെ തീപിടിത്തമുണ്ടായത്. 30ലധികം അഗ്നിശമന സേന യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം നടത്തിയിരുന്നു.
Death toll rises to 43 in #Delhi fire incident, according to police. pic.twitter.com/73cVF73MjT
— ANI (@ANI) December 8, 2019
തീ നിയന്ത്രണ വിധേയമാണെന്നും രക്ഷപ്പെടുത്തിയ 20 പേരെ റാം മനോഹർ ലോഹിയ ആശുപത്രിയിലും ഹിന്ദു റാവും ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തേക്കുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
കൂടുതൽ ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഡൽഹി സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താനും ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉത്തരവിട്ടു.