പൂനെ: ജിഗ്നേഷ് മേവാനി എം എൽ എയും ജെ എൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദും പങ്കെടുക്കുന്ന പരിപാടിക്ക് മൂംബൈ പൊലീസ് അനുമതി നിഷേധിച്ചു. നേരത്തെ ഇരുവർക്കും എതിരെ പുനൈ പൊലീസ് കേസെടുത്തിരുന്നു. എൽഗാർ പരിഷദിൽ ഇരുവരും നടത്തിയ പ്രസംഗത്തിന്രെ പേരിലാണ് പൊലീസ് കേസെടുത്തിട്ടുളളത്. ” സാമുദായിക സൗഹാർദ്ദത്തെ ബാധിക്കുന്ന”തരത്തിൽ പ്രകോപനമപരമായിരുന്നു ഇരുവരുടെയും പ്രസംഗം എന്നാരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മുംബൈയിൽ നടക്കുന്ന ഓൾ ഇന്ത്യ നാഷണൽ സ്റ്റുഡന്ര് സമ്മിറ്റിനാണ് അനുമതി നിഷേധിച്ചിരിക്കുുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ ഗുജറാത്തിൽ നിന്നുളള എം എൽ എയായ ജിഗ്നേഷ് മേവാനിയെയും ജെ എൻയു വിലെ വിദ്യാർത്ഥിനേതാവായ ഉമർ ഖാലിദിനെയും ക്ഷണിച്ചിരുന്നു. ഭായിദാസ് ഹാൾ സമ്മിറ്റിനായി ബുക്ക് ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അവിടെ പ്രവേശിക്കാൻ അനുമതി നിഷേധിക്കുകയാണെന്ന് സംഘാടകർ പറഞ്ഞതായി എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉമറും ജിഗ്നേഷുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇതെന്നും പൊലീസ് പറഞ്ഞതായി അവർ പറയുന്നു.

കൊറേഗാൻ പോരാട്ടത്തിന്രെ ഇരുന്നൂറാം വാർഷികാചരണത്തിന്രെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ ഇരുവരുടെയും പ്രസംഗം പ്രകോപനമായിരുന്നുവെന്ന് ആരോപിച്ച് പൂനെ പൊലീസ് കേസെടുത്തിരുന്നു. വിവിധ വിഭാഗങ്ങൾ തമ്മിൽ ശത്രുത ജനിപ്പിക്കുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തിട്ടുളളത്.

ജനുവരി ഒന്നാം തീയതി ഭിമാ കൊറേഗാവ് യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികം ആചരിക്കുന്ന പൊതുപരിപാടിക്ക് നേരെ മറാത്ത അനുകൂല സംഘടനകള്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്നായിരുന്നു കലാപം. ഇതിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ മുംബൈ നഗരമടക്കം മഹാരാഷ്ട്രയിലെ മറ്റു പ്രദേശങ്ങളിലൊക്കെ വ്യാപിച്ചു മുംബൈ പൊലീസ് ഈ സംഭവുമായി ബന്ധപ്പെട്ട് 15 കേസ്സെടുത്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ