ന്യൂഡൽഹി: മുൻ സിബിഐ ഡയറക്ടർ രഞ്ജിത്ത് സിൻഹയെ കൽക്കരി അഴിമതി കേസിൽ കുറ്റക്കാരനായി സുപ്രീം കോടതി കണ്ടെത്തിയതിന് പിന്നാലെ മറ്റൊരു സിബിഐ ഡയറക്ടർ കൂടി അഴിമതിയുടെ കളത്തിൽ. 2010 ഡിസംബർ മുതൽ 2012 ഡിസംബർ വരെ സിബിഐ ഡയറക്ടറായിരുന്ന എ.പി.സിൻഹയ്‌ക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.

ഇറച്ചി കയറ്റുമതിക്കാരനായ മൊയിൻ ഖുറേഷി, സുഹൃത്ത് പ്രദീപ് കൊനേരു തുടങ്ങിയവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ പരാതിയിലാണ് എ.പി.സിംഗ് പ്രതിപട്ടികയിലെത്തിയത്. ഇദ്ദേഹം സിബിഐ ഡയറക്ടറായിരിക്കേ വ്യക്തികളിൽ നിന്നും ബിസസിനസ് സ്ഥാപനങ്ങളിൽ നിന്നും അഴിമതി കേസുകളിലെ അന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് ഖുറേഷി പണം കൈപ്പറ്റിയതായാണ് കണ്ടെത്തൽ. സുപ്രധാനമായ അന്വേഷണ വിവരങ്ങൾ ഖുറേഷിക്ക് കൈമാറിയതിന് പിന്നിൽ എ.പി.സിംഗാണെന്നാണ് സിബിഐ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

“അഴിമതി കേസുകളിൽ സർക്കാർ ജീവനക്കാർക്കും അന്വേഷണ ഏജൻസിക്കും ഇടയിലെ ഇടനിലക്കാരനായിരുന്നു ഖുറേഷി”യെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ബ്ലാക്ക്ബെറി മെസ്സഞ്ചർ വഴി ഖുറേഷിയും എ.പി.സിംഗും തമ്മിൽ സംഭാഷണം നടത്തിയത് 2014 ൽ ഇന്ത്യൻ എക്സ്‌പ്രസാണ് പുറത്തു വിട്ടത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറായിരിക്കെ ഇരുവരും തമ്മിൽ ബ്ലാക്ബെറി മെസഞ്ചർ വഴി മൂന്ന് തവണ ബന്ധപ്പെട്ടിട്ടുണ്ട്. സിംഗ് സ്ഥാനമൊഴിഞ്ഞ ശേഷം 22 മെസേജുകളാണ് ഇരുവരും പരസ്പരം കൈമാറിയത്. 2012 ഒക്ടോബർ മൂന്നിന് അയച്ച സന്ദേശത്തിൽ ബാങ്ക് ഓഫ് ഇന്ത്യ ചെയർമാനെതിരായ കേസിന്റെ ഗതി എന്താണെന്നാണ് ഖുറേഷി അന്വേഷിച്ചത്. ആറ് മണിക്കൂറിന് ശേഷം എ.പി.സിംഗ് ഈ സന്ദേശത്തിന് മറുപടി നൽകി. “പരിശോധിച്ചു. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അയാൾ കോടതിയെ സമീപിക്കുന്നതാണ് ഉചിതം” എന്നാണ്.

2013 ജൂലൈ നാലിന് അയച്ച സന്ദേശത്തിൽ “സർ, 500 വാക്കുള്ള ലേഖനമാണോ 1000 വാക്കുള്ള ലേഖനമാണോ ഉചിതം? ദയവായി താങ്കളുടെ ജാക്കറ്റിന്റെയും ഷർട്ടിന്റെയും അളവുകൂടി അയക്കൂ” എന്നാണ് ഖുറേഷി കുറിച്ചത്. ഇതിന് “500 വാക്ക്.40 സെന്റിമീറ്റർ. 16 കോളർ സൈസ്” എന്ന് എ.പി.സിംഗ് മറുപടി നൽകി.

2013 ഡിസംബർ 13 ന്റെ മറ്റൊരു സന്ദേശത്തിൽ അമർ പ്രതാപ് സിംഗിന്റെ പേരിനൊപ്പം ഐ.പി.എസ് ചേർക്കണമോ വേണ്ടേ എന്നാണ് ഖുറേഷി ആരാഞ്ഞത്. ഇതിന് ” ഐ.പി.എസ് റിട്ട” എന്ന് സിംഗ് മറുപടി നൽകി.

ഈ ഇടപാടുകളിൽ നിന്നെല്ലാം വൻതോതിൽ പണം നേടിയ ഖുറേഷി, ഇന്ത്യയ്‌ക്ക് പുറത്ത് ലണ്ടൻ, ദുബൈ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് ആസ്തികൾ നേടിയിട്ടുണ്ട്. ഇതും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലിലുണ്ട്. ഖുറേഷിയുടെ ഡൽഹിയെലെയും ഗാസിയബാദിലെയും വസതികളിൽ സിബിഐ സംഘം റെയ്‌ഡ് നടത്തി. സിംഗിന്റെ ഡൽഹിയിലെ വസതിയിലും റെയ്ഡ് നടന്നു.

ട്രൈമാക്സ് ഗ്രൂപ്പ് ഉടമ പ്രദീപ് കൊനേരുവിന്റെ ഹൈദരാബാദിലെയും ചെന്നൈയിലെയും വസതികളിലും റെയ്ഡ് നടന്നിട്ടുണ്ട്. ഖുറേഷി വഴി, തനിക്കെതിരായ കേസുകളുടെ വിവരശേഖരണത്തിനായി സിംഗിനെ കൊനേരുവും ബന്ധപ്പെട്ടതായാണ് കണ്ടെത്തൽ.

നിലവിൽ യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷൻ അംഗമാണ് ഖുറേഷി. 2015 ൽ നിയമിതനായ ഇദ്ദേഹത്തിന്റെ കാലാവധി 2019 ലാണ് അവസാനിക്കുക. എന്നാൽ അഴിമതി കേസിൽ ഉടൻ തന്നെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ഖുറേഷിയും സിംഗും ദിനംപ്രതിയെന്നോണം തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ മുകുൾ റോത്തഗി വാദിച്ചു. ഖുറേഷി 157 കോടി നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഖുറേഷി രഞ്ജിത്ത് സിൻഹയുടെ വസതിയിൽ നിത്യസന്ദർശകനായിരുന്നുവെന്നും ഇക്കാര്യത്തിലും അന്വേഷണം നടത്തണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ