ന്യൂഡല്‍ഹി: ദേശീയ പതാകയ്ക്ക് സമാനമായ ചവിട്ടിയും മഹാത്മാഗാന്ധിയുടെ ചിത്രം അച്ചടിച്ച ചെരുപ്പും വിറ്റ് വിവാദമുണ്ടായതിന് പിന്നാലെ ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളുമായി വീണ്ടും ഓണ്‍ലൈന്‍ സൈറ്റുകള്‍. ഓം ചിഹ്നം ഷൂവിലും ഗണപതിയുടെ ചിത്രം ബിയര്‍ കുപ്പിയിലും പതിപ്പിച്ച രണ്ട് അമേരിക്കന്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ പരാതി.

യെസ്‌വിവൈബ് ഡോട്ട് കോം, ലോകോസ്റ്റ് ഡോട്ട് കോം എന്നീ ഓണ്‍ലൈന്‍ സൈറ്റുകളാണ് മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളുമായി പ്രത്യക്ഷപ്പെട്ടത്. ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കമ്മീഷണര്‍ നരേഷ് കദ്യാന്‍ ആണ് സൈറ്റുകള്‍ക്കെതിരെ പരാതി നല്‍കിയത്.
വിവാദമായ ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്ന് സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കദ്യാന്‍ വിദേശകാര്യ മന്ത്രാലയത്തിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഡെല്‍ഹിയിലും അമേരിക്കയിലും ഉത്പന്നങ്ങള്‍ നിരോധിക്കണമെന്നാണ് ആവശ്യം.

നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ബിജെപി- ആം ആദ്മി സര്‍ക്കാരുകളെ സമീപിച്ച് പരാതി നല്‍കുമെന്നും പരാതിക്കാരന്‍ പറഞ്ഞു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ചവിട്ടികള്‍ കഴിഞ്ഞ വര്‍ഷം ആമസോണ്‍ വില്‍പ്പനയ്ക്ക് വച്ചത് വന്‍ വിവാദമായിരുന്നു. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ആമസോണ്‍ ഇത് പിന്‍വലിക്കുകയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിലൂടെയാണ് അന്ന് കാനഡയില്‍ അടക്കമുള്ള വിപണികളില്‍ നിന്നും ഉത്പന്നങ്ങളുടെ വില്‍പന റദ്ദാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ