/indian-express-malayalam/media/media_files/uploads/2018/01/right-to-privacy.jpg)
ന്യൂഡല്‍ഹി: പണം നല്‍കുകയാണ് എങ്കില്‍ അജ്ഞാതതായ വില്‍പ്പനക്കാരന്‍ ആധാര്‍ കാര്‍ഡ് നമ്പരുകള്‍ നല്‍കും എന്ന് ആരോപിച്ചുകൊണ്ട് ദ് ട്രിബ്യൂണ്‍ ന്യൂസ്പേപ്പര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍ മേല്‍ യുണീക് ഐഡന്‍റ്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) നിയമനടപടി. പത്രത്തിനും പത്രത്തിന്‍റെ റിപ്പോര്‍ട്ടര്‍മാര്‍ക്കും എതിരായാണ് യുഐഡിഎഐ കേസ് ഫയല്‍ ചെയ്തത്.
ഇതിനുപുറമേ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന അനില്‍കുമാര്‍, സുനില്‍കുമാര്‍, രാജ് എന്നിവര്‍ക്കെതിരെയും എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിനായി ദ് ട്രിബ്യൂണ്‍ സമീപിച്ച ഖൈരയിലെ ജനങ്ങളാണിവര്‍.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചു. ഐപിസിയുടെ 419 (മോഷണം), 420 (തട്ടിപ്പ്), 468 (വ്യാജരേഖചമയ്ക്കല്‍), 471 (വ്യാജമായ വ്യാജ രേഖ ഉപയോഗിച്ചുള്ള തടിപ്പ്), ഐടി ആക്റ്റിന്‍റെ സെക്ഷൻ 66, ആധാർ നിയമത്തിലെ 36/37 വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ഇതേകുറിച്ച് ദ് ട്രിബ്യൂണിന്‍റെ ചീഫ് എഡിറ്റര്‍ ഹരീഷ് ഖാരെയെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന മറ്റ് വ്യക്തികളെ എങ്ങനെയാണ് റിപ്പോര്‍ട്ടര്‍ കണ്ടെത്തിയിരിക്കുന്നത് എന്ന വിശദാംശങ്ങളിലേക്കും എഫ്ഐആര്‍ കടക്കുന്നുണ്ട്. " മുകളില്‍ പറഞ്ഞ വ്യക്തിക്ക് ആധാറിന്‍റെ സുരക്ഷാസംവിധാനത്തിലേക്ക് ഗൂഡാലോചനാപരമായി കടന്നുകയറുകയായിരുന്നു. എഫ്.ഐ.ആറിൽ വിവരിച്ചിരിക്കുന്ന (വിവിധ വകുപ്പുകൾ) ലംഘിക്കുന്ന കാര്യമാണ് ഈ വ്യക്തി ചെയ്തിരിക്കുന്നത് ... അതിനാല്‍ തന്നെ സൈബർ സെല്ലിലും ഒരു ഒരു എഫ്ഐആർ സമർപ്പിക്കേണ്ടതാണ്." എന്നും ക്രൈംബ്രാഞ്ച് എഫ്ഐആറില്‍ പറയുന്നു.
യുഐഡിഎഐ മാധ്യമ യൂണിറ്റ് ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല. താനൊരു മീറ്റിങ്ങില്‍ ആണ് എന്നായിരുന്നു സണ്ടേ എക്‌സ്പ്രസ്സ് ബന്ധപ്പെട്ടപ്പോള്‍ യുഐഡിഎഐ സിഇഒ നല്‍കിയ മറുപടി.
" അഞ്ഞൂറ് രൂപ പേ ടിഎം വഴി നല്‍കിയാല്‍ മതി പത്ത് മിനുട്ടില്‍ റാക്കറ്റ് നടത്തുന്ന എജന്റ്റ് ഒരു ലോഗിന്‍ ഐഡിയും പാസ്സ്‌വേര്‍ഡും കൈമാറും. ആ ലോഗിന്‍ വച്ച് കയറിയാല്‍ പേര്, വിലാസം , പോസ്റ്റല്‍ കോഡ്, ഫോണ്‍ നമ്പര്‍ എന്നിവയടക്കം യുഐഡിഎഐക്ക് സമര്‍പ്പിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും." എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.
ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അത് നിഷേധിച്ചുകൊണ്ട് യുഐഡിഎഐയും പ്രസ്താവനയിറക്കി. " ആധാര്‍ വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല" എന്നായിരുന്നു യുഐഡിഎഐയുടെ പ്രതികരണം.
" ബയോമെട്രിക് വിവരങ്ങള്‍ അടങ്ങുന്ന ആധാര്‍ വിവരങ്ങള്‍ മുഴുവനും സുരക്ഷിതമാണ്. ഏറ്റവും ഉയര്‍ന്ന എന്ക്രിപ്ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആധാറിന്‍റെ സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നത്. " യുഐഡിഎഐ പ്രതികരിച്ചു.
അതേസമയം റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ് എടുത്ത യുഐഡിഎഐയുടെ നടപടിക്കെതിരെ വിവിധ മാധ്യമ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. "പൊതുജനതാത്പര്യാര്‍ത്ഥം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ് എടുത്തതില്‍ ബന്ധപ്പെട്ട മന്ത്രാലയം ഇടപെടണം എന്ന് പറഞ്ഞ എഡിറ്റേഴ്സ് ഗില്‍ഡ് എന്ന സംഘടന സംഭവത്തില്‍ സര്‍ക്കാര്‍ നിക്ഷ്പക്ഷമായൊരു അന്വേഷണം നടത്തണം എന്നുമുള്ള ആവശ്യമുയര്‍ത്തി.
പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്സ്, പ്രസ് അസോസിയേഷന്‍ എന്നിവരും പ്രതിഷേധവുമായി മുന്നോട്ടുവന്നു. "നിക്ഷ്പക്ഷമായതും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് ഭീഷണിയുയര്‍ത്തുന്ന" നടപടിയാണ് യുഐഡിഎഐയുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് പറഞ്ഞ സംയുക്ത പത്രകുറിപ്പില്‍ ദ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ യുഐഡിഎഐ നല്‍കിയ പരാതി പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.