ന്യൂഡൽഹി: ആധാർ വിവരങ്ങൾ വാങ്ങിക്കാൻ  കിട്ടുമെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ലേഖികയ്ക്ക് അവാർഡ് കൊടുക്കുകയാണ് വേണ്ടതെന്ന് എഡ്‌വേഡ് സ്നോഡൻ. ആധാർ വിവരങ്ങൾ വിലകൊടുത്താൽ വാങ്ങിക്കാം പറ്റുമെന്ന വിവരം റിപ്പോർട്ട് ചെയ്ത ദ് ട്രിബ്യൂൺ പത്രത്തിന്രെ ലേഖിഖ രചനാ ഖൈരയ്ക്ക് എതിരെ സർക്കാർ കേസെടുക്കുകയാണ് ചെയ്തത്.

നീതിയെ കുറിച്ച് ഉത്കണ്ഠയുളള സർക്കാരാണെങ്കിൽ ” ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വകാര്യത ഇല്ലാതാക്കുന്ന” നയം പരിഷ്കരിക്കാൻ അവർ തയ്യാറാകണമെന്ന് സ്നോഡൻ പറഞ്ഞു.

സിഐഎ ഉദ്യോഗസ്ഥനായിരുന്ന സ്നോഡൻ ആഗോള സർവൈലൻസ് സംവിധാനങ്ങളെ എതിർത്തുകൊണ്ട് 2013 ൽ നിരവധി വിവരങ്ങൾ പുറത്തുവിട്ടിരുന്നു. നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ക്ലാസിഫൈഡ് വിവരങ്ങളാണ് സ്നോഡൻ പുറത്ത് വിട്ടത്.

യുഐഡിഎഐ ഡപ്യൂട്ടി ഡയറക്ടർ ആണ് ചണ്ഡീഗഡ് ആസ്ഥാനമായുള്ള  ട്രിബ്യൂൺ പത്രത്തിനും ലേഖികയ്ക്കും എതിരെ ക്രൈംബ്രാഞ്ച് സൈബർ സെല്ലിൽ പരാതി നൽകിയത്. ഐപിസി, ഐടി നിയമം, ആധാർ നിയമം എന്നിവയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പിൽ വരുന്നത്.

ആധാർ വിവരങ്ങൾ വിലയ്ക്ക് വാങ്ങാം എന്ന വാർത്ത വന്നതിന് പിന്നാലെ സ്നോഡൻ ഇതേക്കുറിച്ച് തന്രെ നിലപാട് വ്യക്തമാക്കിയിരുന്നു. “സ്വകാര്യ ജീവിതത്തിന്രെ കൃത്യമായ രേഖകൾ ആഗ്രഹിക്കുക” എന്നത് സർക്കാരുകളുടെ “സ്വാഭാവിക സ്വഭാവം”ആണെന്നായിരുന്നു അദ്ദേഹത്തന്രെ പ്രതികരണം.

ആധാർ വിവരങ്ങൾ വില കൊടുത്ത് വാങ്ങാൻ പറ്റുമെന്ന വാർത്ത പുറത്തുകൊണ്ടുവന്ന ലേഖികയ്ക്കും പത്രത്തിനുമെതിരെയുളള കേസിൽ എഡിറ്റേഴ്സ് ഗിൽഡ് ആശങ്ക രേഖപ്പെടുത്തി. “വിശാലമായ പൊതു താൽപര്യം മുൻനിർത്തി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്ത ലേഖികയെ ഭീഷണിപ്പെടുത്തുകയെന്നതിന് വേണ്ടി മാത്രമുളളതാണ് കേസ്” എന്ന് എഡിറ്റേഴ്സ് ഗിൽഡ് സംഭവത്തെ അപലപിച്ചു. യുഐഡിഎഐ നിലപാട് ഒട്ടും നീതികരണമില്ലാത്തതും ന്യയീകരിക്കപ്പെടുന്നതുമല്ല. എഫ്ഐആർ മാധ്യമ സ്വാതന്ത്രത്തിന് നേരെയുളള കടന്നുകയറ്റമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ