രാജ്കോട്ട്: മുൻകൂർ അനുമതി വാങ്ങാതെ രാജ്കോട്ടിൽ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചെന്ന കേസിൽ പട്ടിദാർ സമുദായ നേതാവ് ഹാർദിക് പട്ടേലിനെതിരെ എഫ്ഐആർ. നേരത്തേ ജില്ല ഭരണകൂടത്തിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും റാലി നടത്താൻ അനുവാദം ലഭിച്ചിരുന്നില്ല. എന്നാൽ ഹാർദിക് പട്ടേലും പ്രവർത്തകരും റാലിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതേ തുടർന്നാണ് മാളവ്യ നഗർ പൊലീസ് സ്റ്റേഷനിൽ തിരഞ്ഞെടുപ്പ് നിരീക്ഷണ അധികാരി പി.ആർ.ജാനി പരാതി നൽകിയത്.
15000 ത്തിലധികം ആളുകളാണ് ഹാർദിക് പട്ടേലിന്റെ റാലിയിൽ പങ്കെടുത്തത്. ഹാർദിക് പട്ടേലിനും മറ്റുള്ളവർക്കും എതിരെ ഐപിസി 143, 188 വകുപ്പുകൾ പ്രകാരമാണ് കേസ്.
തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ ഭാഗമാണെന്ന് ഇതിനെ വിമർശിച്ച് ഹാർദിക് പട്ടേൽ രംഗത്തെത്തി. നേരത്തെ അനുമതി വാങ്ങിയിരുന്നതാണെന്നും എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ റാലി നടത്താനുള്ള അനുമതി പിന്നീട് റദ്ദാക്കുകയായിരുന്നുവെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.