ന്യൂഡൽഹി: വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പണം നൽകിയില്ലെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെതിരെ ട്രാവൽ ഏജന്റിന്റെ കേസ്. 21 ലക്ഷത്തോളം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അസ്ഹറുദീനും സഹായികളായ രണ്ടുപേർക്കുമെതിരെയാണു പരാതി നൽകിയത്. അതേസമയം,  ആരോപണം അടിസ്ഥാന രഹിതമാണെന്ന് അസ്ഹറുദ്ദീൻ പ്രതികരിച്ചു. പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ഔറംഗബാദ് സിറ്റിയിൽ ദാനിഷ് ടൂർസ് ആൻഡ് ട്രാവൽസ് ഏജൻസി ഉടമയായ ഷഹാബ് നവംബറിൽ അസ്ഹറുദീനും മറ്റു ചിലർക്കുമായി 20.96 ലക്ഷത്തോളം രൂപയുടെ വിവിധ രാജ്യാന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തെങ്കിലും പണം നൽകിയില്ലെന്ന് എഫ്ഐആറിൽ പറയുന്നു. മുൻ ഇന്ത്യൻ നായകനായ അസ്ഹറുദീന്റെ പേഴ്സണൽ അസിസ്റ്റന്റ് മുജീബ് ഖാന്റെ ആവശ്യപ്രകാരമാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാമെന്നുമാണ് പറഞ്ഞതെന്നും എഫ്ഐആറിൽ പറയുന്നു.

Read Also: കൊറോണ വൈറസ്: സൗദിയിൽ മലയാളി നഴ്‌സുമാർ നിരീക്ഷണത്തിൽ

ഖാനിന്റെ സഹായിയായ സുധേഷ് അവാക്കലിനോട് പണം ചോദിച്ചപ്പോൾ 10.6 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായി ഇ-മെയിൽ അയച്ചു. പക്ഷേ പണം കിട്ടിയില്ലെന്ന് ഷഹാബിന്റെ പരാതിയിൽ പറയുന്നു. നവംബറിൽ അവാക്കൽ ഷഹാബിന് അയച്ച ചെക്കിന്റെ ചിത്രം വാട്സാപ്പിൽ അയച്ചു. പക്ഷേ തനിക്ക് യാതൊരു ചെക്കും കിട്ടിയില്ലെന്നാണ് പരാതിക്കാരൻ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ച സിറ്റി ചൗക് പൊലീസ് സ്റ്റേഷനിലാണ് അസ്ഹറുദീൻ, ഖാൻ, അവാക്കൽ എന്നിവർക്കെതിരെ ഷഹാബ് പരാതി നൽകിയത്. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അസ്ഹറുദീൻ നിഷേധിച്ചു.

പരാതിയിൽ യാതൊരു സത്യവുമില്ലെന്നും പൊതുജനശ്രദ്ധ നേടാൻ വേണ്ടിയാണെന്നും അസ്ഹറുദീൻ പറഞ്ഞു. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. നിയമോപദേശം തേടിയശേഷം 100 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും വീഡിയോയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook