ജമ്മു: കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ വേലി തകർക്കാൻ ശ്രമിച്ച യുവാവിനെ വെടിവച്ച സൈനികർക്ക് നേരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. സൈന്യം യുവാവിനെതിരെ വെടിവച്ച് 24 മണിക്കൂറുകൾക്കകം കൊലപാതക ശ്രമത്തിനാണ് കശ്മീർ പൊലീസ് കേസ് എടുത്തത്.

ഖാരി മേഖലയിലെ 62 മീഡിയം റെജിമന്റ് സൈനിക യൂണിറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. രൺബീർ പീനൽ കോഡ്(ആർപിസി) സെക്‌ഷൻ 307, ആമ്‌സ് ആക്‌ട് സെക്‌ഷൻ 3/25 എന്നീ വകുപ്പുകൾ പ്രകാരമാണ് സൈന്യത്തിന് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

ഷൗക്കത്ത് ഹുസൈൻ എന്ന 28 വയസ്സുകാരനെ ഞായറാഴ്ചയാണ് നിയന്ത്രണ രേഖയിലെ മുളളുകമ്പി വേലി തകർക്കാൻ ശ്രമിച്ചതിനെത്തുടർന്ന് സൈന്യം വെടിവച്ചത്. ഖാരി ഖമാര പ്രദേശത്ത് നടന്ന സംഭവത്തിൽ യുവാവിന് സാരമായ പരുക്കുണ്ട്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് അറിയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ