ന്യൂഡല്‍ഹി: കേരളത്തിലെ ഒരു ഗവേഷകന്‍ രണ്ടു വര്‍ഷം മുമ്പ് സൃഷ്ടിച്ച യൂസര്‍ അക്കൗണ്ട്, തങ്ങളുടെ ശിപാര്‍ശ സംവിധാനങ്ങളില്‍ ആഴമേറിയതും കൂടുതല്‍ കര്‍ശനവുമായ വിശകലനത്തിനു പ്രേരിപ്പിച്ചതായി ഫെയ്‌സ്ബുക്ക്. വിദ്വേഷ പ്രസംഗത്തിന്റെയും തെറ്റായ വിവരങ്ങളുടെയും നിരവധി സന്ദര്‍ഭങ്ങള്‍ അല്‍ഗോരിതം ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഈ അക്കൗണ്ട് കൈകാര്യം ചെയ്തതായും കമ്പനി വ്യക്തമാക്കി.
ഇന്ത്യയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ദി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെയ്‌സ്ബുക്ക്. പ്രത്യേകിച്ച് 2019 ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യം.
”ഒരു സാങ്കല്‍പ്പിക ടെസ്റ്റ് അക്കൗണ്ടിന്റെ ഈ അന്വേഷണശ്രമം ഞങ്ങളുടെ ശുപാര്‍ശ സംവിധാനങ്ങളുടെ ആഴമേറിയതും കൂടുതല്‍ കര്‍ക്കശവുമായ വിശകലനത്തിനു പ്രചോദനം നല്‍കി. അവ മെച്ചപ്പെടുത്തുന്നതിനായി ഉല്‍പ്പന്നങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു സംഭാവന നല്‍കി. കൂടുതല്‍ ശക്തമായ ഗവേഷണങ്ങളെത്തുടര്‍ന്നുള്ള ഉല്‍പ്പന്ന മാറ്റങ്ങളില്‍, വിനാശകരമായ ഉള്ളടക്കവും രാഷ്ട്രീയ വിഭാഗങ്ങളും പോലുള്ള കാര്യങ്ങള്‍ ഞങ്ങളുടെ ശിപാര്‍ശ സംവിധാനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നത് ഉള്‍പ്പെടുന്നു,”ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു.
വിദ്വേഷ പ്രസംഗം തടയുന്നതിനുള്ള തങ്ങളുടെ പ്രവര്‍ത്തനം തുടരുകയാണെന്നു പറഞ്ഞ ഫെയ്‌സ്ബുക്ക് വക്താവ്, നാല് ഇന്ത്യന്‍ ഭാഷകള്‍ കൂടി വിദ്വേഷ വര്‍ഗീകരണങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തിയതായും കൂട്ടിച്ചേര്‍ത്തു.
പ്ലാറ്റ്ഫോമിന്റെ ഇന്ത്യയിലെ സ്വാധീനത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ എഴുതിയ ഡസന്‍ കണക്കിനു പഠനങ്ങളിലും കുറിപ്പുകളിലുമൊന്നാണ് ഗവേഷകന്റെ റിപ്പോര്‍ട്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Also Read: എന്താണ് മെറ്റാവേഴ്‌സ്? ഫെയ്‌സ്ബുക്ക് പേര് മാറ്റുന്നത് എന്തിന്?
” ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടുന്ന മാധ്യമസ്ഥാപനങ്ങളുടെ കൂട്ടായ്മ ശേഖരിച്ച ആഭ്യന്തര രേഖകള്‍, ‘ഫെയ്‌സ്ബുക്ക് പേപ്പേഴ്‌സ്’ എന്ന വലിയൊരു വിവരശേഖരത്തിന്റെ ഭാഗമാണ്. വിസില്‍ ബ്ലോവറായി മാറിയ ഫെയ്‌സ്ബുക്ക് മുന്‍ പ്രൊഡക്റ്റ് മാനേജര്‍ ഫ്രാന്‍സസ് ഹൗഗന്‍ ശേഖരിച്ചതാണ് ഈ രേഖകള്‍. ഇവ സംബന്ധിച്ച്, കമ്പനിയെയും അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുമുള്ള സെനറ്റ് ഉപസമിതിക്ക് മുമ്പാകെ അദ്ദേഹം തെളിവ് നല്‍കിയിരുന്നു,” ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
ഒരു പരാതിയില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന് ഹൗഗന്‍ ഈ മാസം ആദ്യം സമര്‍പ്പിച്ച രേഖകളില്‍ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പല സ്ഥങ്ങളിലായുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെയ്‌സ്ബുക്കിന്റെ മാറ്റങ്ങള്‍, ആരോഗ്യ ഗ്രൂപ്പുകളെയും തെറ്റായ വിവരങ്ങള്‍ ആവര്‍ത്തിച്ച് പങ്കിടുന്ന ഗ്രൂപ്പുകളെയും നീക്കം ചെയ്യുന്നതു പോലുള്ള ശിപാര്‍ശകളില്‍ വരുത്തിയെന്ന് അവകാശപ്പെടുന്ന നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രത്യേകിച്ചും തെറ്റായ വിവരങ്ങള്‍ പങ്കിടുന്ന ഗ്രൂപ്പുകളെ. അത്തരം ഗ്രൂപ്പുകളുടെ ഉള്ളടക്കങ്ങളെ ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ താഴെയായി റാങ്ക് ചെയ്യാന്‍ തുടങ്ങി. അവരുടെ പോസ്റ്റുകള്‍ കുറച്ച് അംഗങ്ങള്‍ മാത്രം കാണുക എന്ന ലക്ഷ്യത്തോടെ നോട്ടിഫിക്കേഷനുകള്‍ പരിമിതപ്പെടുത്തുകയും ചെയ്തു.
കോവിഡ് സാഹചര്യത്തില്‍ ‘ഫെയ്‌സ്ബുക്കില്‍ പുതിയ തരം അധിക്ഷേപം’ കണ്ടതായും മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായി നയങ്ങള്‍ പുതുക്കിയതായും പ്ലാറ്റ്ഫോം പറഞ്ഞു.
ഉദാഹരണത്തിന്, വംശമോ മതമോ പോലുള്ള സംരക്ഷിത വ്യക്തിത്വ സവിശേഷതകളുള്ളവര്‍ക്കു വൈറസ് ഉണ്ടെന്നോ അവര്‍ വൈറസ് സൃഷ്ടിച്ചെന്നോ വൈറസ് പടര്‍ത്തുകയാണെന്നോ തരത്തിലുളളള ഉള്ളടക്കം ഇപ്പോള്‍ നീക്കംചെയ്യുന്നുവെന്ന് കമ്പനി പറഞ്ഞു. ഈ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, കോവിഡ് സാഹചര്യത്തില്‍ പ്രധാനമായും മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ട നിരവധി ഹാഷ്ടാഗുകള്‍ ബ്ലോക്ക് ചെയ്തതായി ഫെയ്‌സ്ബുക്ക് അവകാശപ്പെട്ടു.