സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാക്കിസ്ഥാനില്‍ പാല്‍, പെട്രോള്‍ പോലുള്ള അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. അടുത്ത ആഴ്ചയോടെ പെട്രോള്‍ ഒരു ലിറ്ററിന് 20 രൂപ കൂടിയേക്കുമെന്നാണ് ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാല്‍ ഒരു ലിറ്ററിന് 210 പികെആറാണ് (പാക്കിസ്ഥാന്‍ രൂപ) വില. ഇന്ത്യയില്‍ ഇത് 65.42 രൂപയാകും. ബ്രോയിലര്‍ കോഴിക്ക് 480 പികെആറാണ് വില. ഇന്ത്യയില്‍ ഇത് 149.52 രൂപയാണ്. പാക്കിസ്ഥാന്‍ ആസ്ഥാനമായ ഡോണ്‍ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്യാസ് വില 112.33 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നാണ് വിവരം.
ഔദ്യോഗികമായി പാല്‍ വില 190 പികെആറായി ചുരുക്കിയിട്ടുണ്ട്. എന്നാല്‍ മൊത്തക്കച്ചവടക്കാര്‍ ഉയര്‍ന്ന വിലയ്ക്കാണ് വില്‍ക്കുന്നത്. 1,000 കച്ചവടക്കാരാണ് ഉയര്‍ന് വിലയില്‍ പാല്‍ വില്‍ക്കുന്നതെന്ന് കറാച്ചി മില്‍ക്ക് റിട്ടെയിലേഴ്സ് അസോസിയേഷന്‍ മീഡിയ കോര്‍ഡിനേറ്റര്‍ വാഹിദ് ഗഡി ഡോണിനോട് പറഞ്ഞു. എന്നാല്‍ 4,000 കച്ചവടക്കാര്‍ യഥാര്‍ത്ഥ വിലയിലാണ് വില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിത്തീറ്റയിലെ പ്രധാന ഘടകമായ സോയാബീന്റെ ദൗർലഭ്യമാണ് കോഴി ഉൽപന്നങ്ങളുടെ ഉയർന്ന വിലയ്ക്ക് കാരണം. 50 കിലൊ കോഴി തീറ്റയുടെ വില 600 പികെആറില്‍ നിന്ന് 7,200 പികെആറായി ഉയര്‍ന്നു.
നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്ഥാൻ. സാഹചര്യം അതിജീവിക്കുന്നതിനായി പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായി (ഐഎംഎഫ്) ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ ഇതുവരെ വിജയിച്ചിട്ടില്ല.