scorecardresearch

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രേഷ്ഠപദവി: രണ്ട് മന്ത്രാലയങ്ങളുടെ എതിര്‍പ്പ് മറികടന്ന്

മാനവവിഭവശേഷി മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ്‌ റിലയന്‍സ് സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാന്‍ ഇടപെടുന്നത്.

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രേഷ്ഠപദവി: രണ്ട് മന്ത്രാലയങ്ങളുടെ എതിര്‍പ്പ് മറികടന്ന്

ന്യൂഡല്‍ഹി: റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപനമായ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ആരംഭിക്കുന്നതിനും മുന്‍പ് ശ്രേഷ്ഠപദവി നല്‍കിയത് രണ്ട് മന്ത്രാലയങ്ങളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടെന്ന് കണ്ടെത്തല്‍. മാനവവിഭവശേഷി മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ്‌ റിലയന്‍സ് സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാന്‍ ഇടപെടുന്നത്. ദ് ഇന്ത്യന്‍ എക്‌സ്പ്രസ് വിവരാവകാശത്തിലൂടെ നേടിയ രേഖകളിലാണ് ഇത് വെളിപ്പെടുന്നത്.

ശ്രേഷ്ഠപദവി നല്‍കിയ ആദ്യ ആറ് സ്ഥാപനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ പഴികേട്ടിരുന്നു. അതിനാല്‍ തന്നെ ആരംഭിക്കുന്നതിനും മുന്‍പ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പദവി നല്‍കുന്നതിനെതിരെ മാനവവിഭവശേഷി മന്ത്രാലയം തുടക്കം മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ധനകാര്യ മന്ത്രാലയവും എതിര്‍പ്പ് അറിയിച്ചു എന്നാണ് ദ് ഇന്ത്യന്‍ എക്‌സ്പ്രസിന് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നത്. ‘കൃത്യമായ പദ്ധതിയും ഉദ്ദേശ്യവുമുള്ള’ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ശ്രേഷ്ഠപദവി നല്‍കാന്‍ പാടുള്ളൂ എന്ന് ധനകാര്യ മന്ത്രാലയവും രേഖാമൂലം അറിയിച്ചിട്ടുണ്ട്.

“ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഭാവി പരിപാടി കണക്കിലെടുത്ത് ശ്രേഷ്ഠപദവി നല്‍കുക എന്നത് യുക്തിയുള്ള കാര്യമല്ല. ഇതില്‍ പാലിച്ചിരിക്കുന്നത് വിഷയാധിഷ്ഠിതമായ സമീപനമാണ്,” മാനവവിഭവശേഷി മന്ത്രാലയത്തിന് ധനകാര്യ മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു.

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രേഷ്ഠപദവി വിവാദമായപ്പോൾ തന്നെ കേന്ദ്രസർക്കാരിന്റെ പക്ഷപാതപരമായ സമീപനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ശ്രേഷ്ഠപദവി നൽകേണ്ട സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത് വിദഗ്‌ധ സമിതിയായിരുന്നുവെന്നും അതിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്നും പറഞ്ഞ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേകർ ഒഴിഞ്ഞുമാറുകയായിരുന്നു.

ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് സഹായകരമാകും വിധം എല്ലാ നിബന്ധനകളും പ്രധാനമന്ത്രിയുടെ ഓഫീസ് മയപ്പെടുത്താൻ നിർദ്ദേശിക്കുകയായിരുന്നു.  ഉത്തരവാദിത്തം, സാമ്പത്തിക പ്രതിബദ്ധത, പിഴ, ഭൂമി, വൈദഗ്‌ധ്യം എന്നിവയിലെല്ലാം മാനവവിഭവശേഷി മന്ത്രാലയം കണിശമായ നിലപാടാണ് സ്വീകരിച്ചത്.

ശ്രേഷ്ഠപദവിയുമായി ബന്ധപ്പെട്ട ആശയ കുറിപ്പും കരട് നിബന്ധനകളും 2015 ഡിസംബർ മുതൽ 2016 സെപ്റ്റംബർ വരെയുളള നീണ്ട ഒൻപത് മാസക്കാലം രണ്ട് മന്ത്രാലയങ്ങൾക്കും ഇടയിൽ വെട്ടിയും തിരുത്തിയും സഞ്ചരിച്ചു എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് അറിയാന്‍ സാധിച്ചത്. മാനവവിഭവശേഷി മന്ത്രാലയം മുന്നോട്ടുവച്ച മിക്കവാറും എല്ലാ നിബന്ധനകളും മയപ്പെടുത്തുന്നതിൽ ഒടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിജയിക്കുകയായിരുന്നു.

മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ സര്‍ക്കാര്‍ രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

വിശദമായി ഇംഗ്ലീഷില്‍ വായിക്കാം : Finance Ministry told HRD: Eminence tag to non-existent institute defies logic, hurts education ecosystem

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Finance ministry told hrd eminence tag to non existent reliance jio institute defies logic hurts education ecosystem