scorecardresearch
Latest News

മാധ്യമപ്രവർത്തകരുടെ പ്രവേശനം നിയന്ത്രിച്ച് ധനമന്ത്രാലയം

പിഐബി അംഗീകൃത കാര്‍ഡ് കൈവശമുള്ളവര്‍ ഉള്‍പ്പെടെ എല്ലാ മാധ്യമപ്രവര്‍ത്തകരുടേയും പ്രവേശനം മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും

മാധ്യമപ്രവർത്തകരുടെ പ്രവേശനം നിയന്ത്രിച്ച് ധനമന്ത്രാലയം

ന്യൂഡൽഹി: അപ്രതീക്ഷിത നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. സര്‍ക്കാര്‍ അംഗീകൃത മാധ്യമപ്രവര്‍ത്തകരെ പോലും മുന്‍ നിയമനമില്ലാതെ നോര്‍ത്ത് ബ്ലോക്കില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ തീരുമാനം. ബജറ്റിനു മുന്നോടിയായി രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തില്‍ ഒരു നിയന്ത്രണം കൊണ്ടുവരാന്‍ ധനമന്ത്രാലയം നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ മുന്‍ കാലങ്ങളില്‍ ബജറ്റ് അവതരണത്തിനു ശേഷം തൊട്ടടുത്ത ദിവസം തന്നെ ഈ നിയന്ത്രണം എടുത്ത് കളയുകയാണ് പതിവ്.

നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യ മന്ത്രാലയത്തിലും മറ്റ് അന്വേഷണ, റെഗുലേറ്ററി ഓഫീസുകളിലും മാത്രമേ മുന്‍കൂര്‍ നിയമനത്തിന്റെ ആവശ്യമുള്ളൂ.

ബജറ്റിന് തൊട്ടടുത്ത ദിവസം ശനിയാഴ്ച മുതല്‍ നോര്‍ത്ത് ബ്ലോക്കിലേക്കുള്ള പ്രവേശന നിയന്ത്രണത്തെ തുടര്‍ന്ന് മാധ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിർമല സീതാരാമന്‍ ചൊവ്വാഴ്ച മാധ്യപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More: മകള്‍ ചരിത്രം രചിക്കുന്നത് കാണാന്‍ അവരെത്തി; താരമായി നിര്‍മല സീതാരാമന്‍

‘പിഐബി അംഗീകൃത കാര്‍ഡ് കൈവശമുള്ളവര്‍ ഉള്‍പ്പെടെ എല്ലാ മാധ്യമപ്രവര്‍ത്തകരുടേയും പ്രവേശനം മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും. ധനകാര്യമന്ത്രാലയത്തിന്റെ നോര്‍ത്ത് ബ്ലോക്കില്‍ പ്രവേശിക്കുന്നതിന് മറ്റ് നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല,’ യോഗത്തിന് ശേഷം നിർമല സീതാരാമന്റെ ഓഫീസ് ട്വീറ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.

‘മാധ്യമപ്രവര്‍ത്തകര്‍ക്ക് കാണേണ്ട ഉദ്യോഗസ്ഥരുമായി അപ്പോയിന്റ്‌മെന്റ് എടുക്കാം. കൂടിക്കാഴ്ച നിശ്ചയിച്ചതിന് ശേഷം പിഐബി കാര്‍ഡ് കൈവശമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പ്രവേശന പാസിന്റെ ആവശ്യമില്ല. തടസങ്ങളില്ലാതെ സുഗമമായ റിപ്പോര്‍ട്ടിങ് പ്രദാനം ചെയ്യാന്‍ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിക്രമങ്ങള്‍, നിലവില്‍ നിരോധനങ്ങള്‍ ഒന്നും തന്നെയില്ല,’ എന്നും പ്രസ്താവനയില്‍ പറയുന്നു.

കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അംഗീകാരം നല്‍കുന്നുണ്ട്. അവര്‍ക്ക് ഫ്രൊഫഷണല്‍ ജേര്‍ണലിസ്റ്റുകള്‍ എന്നതല്ലാതെ മറ്റെന്തെങ്കിലും പദവി നല്‍കുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് അക്രഡിഷന്‍ നല്‍കുന്നത്. അവരുടെ താമസ സ്ഥലം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.

ആഭ്യന്തര മന്ത്രാലയ സുരക്ഷാ മേഖലയ്ക്ക് കീഴിലുള്ള കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പിഐബി അക്രഡിറ്റേഷൻ കാർഡ് സാധുവാണ്. ഉദ്യോഗ് ഭവൻ, നിർമ്മൻ ഭവൻ, നിതി ആയോഗ് തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും മിക്കവാറും എല്ലാ സർക്കാർ കെട്ടിടങ്ങളും പി‌ഐ‌ബി അംഗീകൃത പത്രപ്രവർത്തകർക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുന്നു.

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഹ്രസ്വകാല ചർച്ചയ്ക്കായി പതിനാറ് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യ നായിഡുവിന് നോട്ടീസ് സമർപ്പിച്ചു. എൻ‌സി‌പി മേധാവി ശരദ് പവാർ ഉൾപ്പെടെയുള്ളവർ ഒപ്പിട്ട നോട്ടീസ് ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്നാൽ അടുത്തയാഴ്ച ഇത് ചർച്ചയ്ക്ക് എടുക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു.

ഒപ്പിട്ടവരിൽ ബിജെപി അംഗം സുബ്രഹ്മണ്യൻ സ്വാമിയും ഉൾപ്പെടുന്നു. കോൺഗ്രസ്, ടിഎംസി, ആർജെഡി, എസ്പി, ബിഎസ്പി, എഎപി, സിപിഐ, പിഡിപി, സിപിഐ (എം), ഡിഎംകെ, കേരള കോൺഗ്രസ് (എം), ഐയുഎംഎൽ എന്നിവരും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Finance ministry restricts access to the press