ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും എന്നാല്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. അമേരിക്കയും ജര്‍മ്മനിയും ചൈനയുമൊക്കെ തകര്‍ച്ചയിലാണെന്നും അവര്‍ പറഞ്ഞു.

‘ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. അമേരിക്കയും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയുള്ളത്’ രാാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ട് പോവുകയാണെന്നും അവര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ജിഎസ്ടി ലളിതമാക്കും. ഓഹരി അടക്കം വന്‍കിട നിക്ഷേപങ്ങള്‍ക്ക് സര്‍ചാര്‍ജില്ല. എഫ്പിഐ നിക്ഷേപകര്‍ക്കും ആഭ്യന്തര നിക്ഷേപകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) ജിഎസ്ടി അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും. കെട്ടിക്കിടക്കുന്ന റീഫണ്ടുകളെല്ലാം ഇന്നു മുതല്‍ 30 ദിവസത്തിനകം കൊടുത്തുതീര്‍ക്കും. ഇനി മുതല്‍ റീഫണ്ടിങ് 60 ദിവസത്തിനകം കൊടുത്തുതീര്‍ക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്‌സ് ഒഴിവാക്കി സംരംഭകര്‍ക്ക് ഇളവുകള്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.

രൂപയുടെ മൂല്യമിടിയുന്നതു തുടരുന്നതു മന്ത്രാലയത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ ഓഗസ്റ്റ് 23-ന് രൂപ എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. 10 പൈസയുടെ ഇടിവോടെ 71.91 നിലവാരത്തിലേക്കാണെത്തിയത്. അതിനിടെയാണ് വാര്‍ത്താസമ്മേളനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook