ന്യൂഡല്‍ഹി: ജൂണിലെ 16,982 കോടി രൂപ ഉള്‍പ്പെടെ മുഴുവന്‍ ചരക്കു സേവന നികുതി (ജി എസ് ടി) നഷ്ടപരിഹാര കുടിശ്ശികയും അനുവദിക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. ജി എസ് ടി കൗണ്‍സിലിന്റെ 49-ാമതു യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ലിക്വിഡ് ശര്‍ക്കര, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിങ് ഉപകരണങ്ങള്‍ എന്നിവയുടെ ജി എസ് ടി കുറച്ചതായി മന്ത്രി പറഞ്ഞു.
പാന്‍ മസാല, ഗുട്ഖ വ്യവസായം വഴിയുള്ള നികുതി വെട്ടിപ്പ് പരിശോധിക്കുന്നതിനെക്കുറിച്ചും ചരക്കുസേവന നികുതി അപ്പലേറ്റ് ട്രിബ്യൂണലുകളെ(ജി എസ് ടി എ ടി)ക്കുറിച്ചും മന്ത്രിമാരുടെ സംഘം റിപ്പോര്‍ട്ടുകള്‍ നല്‍കിയതായും ഇതു പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
വാര്‍ഷിക ജി എസ് ടി റിട്ടേണുകള്‍ നിശ്ചിത തീയതിക്കു ശേഷം ഫയല്‍ ചെയ്യുമ്പോള്‍ നല്‍കേണ്ടുന്ന ഫീസ് യുക്തിസഹമാക്കാന്‍ ജി എസ് ടി കൗണ്‍സില്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളിലെയും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.