തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെ ബാധിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. രാജ്യത്തെ ജനാധിപത്യവും ഫെഡറൽ സംവിധാനവും അട്ടിമറിക്കാൻ നിരന്തരം ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. ജനാധിപത്യപാതയിൽ ഇന്ത്യ മുന്നേറുന്നു. രാജ്യത്തെ ആദ്യത്തെ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലം മാറിയത് അഭിമാനകരമായ നേട്ടമാണ്,” കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഭരണഘടനയെയും രാജ്യം ഉയർത്തിപ്പിടിക്കുന്ന മാനവീക മൂല്യങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ കേരളം പ്രതിരോധം തീർക്കുകയാണ്, മന്ത്രി പറഞ്ഞു. രാജ്യത്തെ മതനിരപേക്ഷത വലിയ ഭീഷണി നേരിടുകയാണിപ്പോള്‍. വർഗീയത രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിക്കഴിഞ്ഞു,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വരാനിരിക്കുന്ന സംസ്ഥാന ബജറ്റില്‍ നികുതി വര്‍ധനയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം കൂട്ടുമെന്നും കിഫ്ബി വഴി വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.