/indian-express-malayalam/media/media_files/uploads/2019/09/Post.jpg)
ലുധിയാന: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തപാല്‍ കൈമാറ്റം മൂന്നു മാസത്തിനുശേഷം ഭാഗികമായി പുനഃരാരംഭിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള തപാല്‍ കൈമാറ്റം പാക്കിസ്ഥാന്‍ ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു.
വാഗ-അട്ടാരി അതിര്‍ത്തിവഴി വെള്ളിയാഴ്ചയാണു തപാല്‍ ബാഗുകളുടെ കൈമാറ്റം പുനരാരംഭിച്ചത്. ഇന്ത്യയുമായുള്ള തപാല്‍ കൈമാറ്റം ഭാഗികമായി പുനഃരാരംഭിക്കാന്‍ പാക്കിസ്ഥാന്‍ പോസ്റ്റ് മൂന്നു ദിവസം മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കത്തുകളും എക്‌സ്പ്രസ്‌മെയില്‍ സര്‍വിസ് രേഖകളും മാത്രം കൈമാറാനാണു തീരുമാനം. പാഴ്‌സലുകള്‍ക്കും വ്യാപാരവസ്തുക്കള്‍ക്കുമുള്ള നിരോധനം പിന്‍വലിച്ചിട്ടില്ല.
വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള അനുമതി ലഭിച്ച സാഹചര്യത്തില്‍ പാക്കിസ്ഥാനിലേക്കുള്ള കത്തുകളും രേഖകളും സ്വീകരിക്കാന്‍ തപാല്‍ ഓഫീസുകള്‍ക്ക് ഇന്ത്യ പോസ്റ്റ് നിര്‍ദേശം നല്‍കി. തപാല്‍ കൈമാറ്റം പുനരാരംഭിച്ചതായി ഇന്ത്യ പോസ്റ്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആനഡ് ഗ്ലോബല്‍ ബിസിനസ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ തന്‍വീര്‍ ഖമര്‍ മുഹമ്മദ് സ്ഥിരീകരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് പാക്കിസ്ഥാനില്‍നിന്ന് നേരിട്ടുള്ള ആശയവിനിമയമോ നോട്ടിസോ ലഭിച്ചിട്ടില്ല. ഇന്ത്യയിലേക്കുള്ള തപാലുകളുടെ ബുക്കിങ് പുനരാരംഭിച്ച വിവരം മാധ്യമവാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. എങ്കിലും തപാലുകളുടെ കൈമാറ്റത്തിനായി ജീവനക്കാരെ ഇന്നു വാഗയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്നു പാക്കിസ്ഥാനില്‍നിന്ന് വാഗ വഴി രണ്ടു തപാല്‍ ബാഗുകള്‍ ലഭിച്ചതായി ഇന്ത്യാ പോസ്റ്റ് റെയില്‍വേ മെയില്‍ സര്‍വിസ് അമൃത്സര്‍ അസിസ്റ്റന്റ് സൂപ്രണ്ട് വികാസ് ശര്‍മ പറഞ്ഞു. ലാഹോറിലെ ഇന്റര്‍നാഷണല്‍ മെയില്‍ ഓഫീസിലേക്കുള്ള തപാലുകള്‍ ഡല്‍ഹിയിലെ ഫോറിന്‍ പോസ്റ്റ് ഓഫിസിന്റെ അനുമതിക്കുശേഷം അയച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്കുള്ള തപാല്‍ കൈമാറ്റം റദ്ദാക്കിക്കൊണ്ട് ഓഗസ്റ്റ് 23നാണു പാക്കിസ്ഥാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തപാല്‍ കൈമാറ്റം ഏകപക്ഷീയമായി റദ്ദാക്കിയ നടപടിക്കെതിരേ സ്വിറ്റ്‌സര്‍ലന്റിലെ ബേണില്‍ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന് (യുപിയു) ഇന്ത്യ അടുത്തിടെ കത്തെഴുതിയിരുന്നു. മുന്‍കൂട്ടി നോട്ടിസ് നല്‍കാതെയുള്ള പാക്കിസ്ഥാന്റെ നടപടി യുപിയു മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണു തപാല്‍ കൈമാറ്റ നിരോധനം പാക്കിസ്ഥാന്‍ ഭാഗികമായി പിന്‍വലിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.