ന്യൂഡൽഹി: അയോധ്യ ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇന്നു മുതല്‍ അന്തിമവാദം കേള്‍ക്കാനാണ് കോടതി തീരുമാനം. അയോധ്യയിലെ രണ്ടര ഏക്കര്‍ എഴുപത്തി ഏഴ് സെന്റ് വരുന്ന തര്‍ക്കഭൂമി സുന്നിവഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച് നല്കിയ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് സുപ്രീം കോടതിവാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതിയിലുളള ബെഞ്ച് ഉച്ചയ്ക്ക് മൂന്നിനാണ് അപ്പീലുകള്‍ പരിഗണിക്കുക.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്. എസ്.അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നേരത്തെ കേസില്‍ വിധി പുറപ്പെടുവിക്കും മുന്‍പ് അലഹബാദ് ഹൈക്കോടതി പതിനാറാം നൂറ്റാണ്ടു മുതലുള്ള വിവിധ ചരിത്ര രേഖകള്‍ പരിശോധിച്ചിരുന്നു. ഇവയില്‍ അറബിയിലും പേര്‍ഷ്യന്‍ ഭാഷകളിലും ഉള്ള രേഖകളുമുണ്ടായിരുന്നു. ഇവ പരിഭാഷപ്പെടുത്തി സമര്‍പ്പിക്കാൻ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തര്‍ക്കപ്രദേശത്ത് രാമക്ഷേത്രം നിർമ്മിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നും പകരം മുസ്ലിം പള്ളിക്കായി സ്ഥലം അനുവദിക്കണമെന്നുമാണ് ഷിയ വഖഫ് ബോര്‍ഡിന്റെ വാദം.