മനില: ഹണിമൂണ്‍ ആഘോഷിക്കാനായി മാലിദ്വീപിലെത്തിയ ഫിലിപ്പീന്‍സ് സ്വദേശികളായ നവദമ്പതികള്‍ മുങ്ങിമരിച്ചു. 10 വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷമാണ് ഇരുവരും 2018 ഡിസംബറില്‍ വിവാഹിതരായത്. ലിയോമര്, എറിക എന്നിവര്‍ രണ്ട് പേരും നഴ്സുമാരാണ്. ലിയോമര് സിംഗപ്പൂരിലും എറിക റിയാദിയും ആണ് ജോലി ചെയ്യുന്നത്. ജനുവരി 11നാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാനായി മാലിദ്വീപിലെത്തിയത്.
കാഫു അറ്റോളിന്റെ കീഴിലുളള പ്രശസ്തമായ ദിഫൂഷി ദ്വീപില്‍ വച്ചാണ് അപകടം നടന്നത്. സ്നോര്‍ക്കല്‍ ഉപയോഗിച്ച് നീന്തുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കടലില്‍ നീന്തുമ്പോള്‍ ശ്വാസം കിട്ടാനായി മുഖാവരണം പോലെ ഉപയോഗിക്കുന്ന സംവിധാനമാണ് സ്നോര്‍ക്കല്‍. മാലി ദ്വീപില്‍ സ്നോർക്കലിങ്ങിനായി എല്ലാ ദ്വീപുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
നീന്തുന്നതിനിടെ ലിയോമറാണ് ആദ്യം അപകടത്തില്‍ പെട്ടതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭര്‍ത്താവ് അപകടത്തില്‍ പെട്ടത് കണ്ട എറിക സഹായം തേടിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് എറിക ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അപകടത്തില്‍ പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുവരേയും രക്ഷിക്കാന്‍ ചിലര്‍ ചെറുതോണി ഇറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നവദമ്പതികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ധാക്കയിലെ ഫിലിപ്പീന്‍സ് എംബസി മാലിദ്വീപിനോട് ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് അയക്കാനുളള പണം സ്വരൂപിക്കാനുളള പരിശ്രമത്തിലാണ് ഇപ്പോള്‍ നവദമ്പതികളുടെ സുഹൃത്തുക്കള്‍. ഇരുവരുടേയും ഹണിമൂണിന്റേയും വിവാഹത്തിന്റേയും വീഡിയോകളും ചിത്രങ്ങളും മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചു. മലയാളികളുടെ അടക്കം പ്രിയപ്പെട്ട ഹണിമൂണ്‍ കേന്ദ്രമാണ് മാലിദ്വീപ്.