ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം രാജ്യത്തിന്റെ മതേതര ഘടനയെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി.വിദ്വേഷ പ്രസംഗങ്ങളില്‍ പരാതിയൊന്നും ലഭിച്ചില്ലെങ്കിലും അത്തരം കുറ്റകൃത്യങ്ങളില്‍ സ്വമേധയാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സംസ്ഥാനങ്ങളുടെ നിഷ്‌ക്രിയത്വത്തെച്ചൊല്ലിയുള്ള ഒരു കൂട്ടം കേസുകള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വിദ്വേഷ പ്രസംഗങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതികള്‍ ആവശ്യമില്ല. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരേ മതം നോക്കാതെ നടപടി എടുക്കണം. വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ ഘടനയെ ബാധിക്കുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ മാസം ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ച്, വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നത് ‘രാജ്യത്തിന് ശക്തിയില്ലാത്തതും അധികാരമില്ലാത്തതും ഭരണകൂടം കൃത്യസമയത്ത് പ്രവര്‍ത്തിക്കാത്തതും കാരണമാണ്’, ‘രാഷ്ട്രീയവും മതവും വേര്‍തിരിക്കുന്ന നിമിഷം അവസാനിപ്പിക്കും’ എന്ന് പറഞ്ഞിരുന്നു.
വിദ്വേഷ പ്രസംഗങ്ങളുടെയും അക്രമ പ്രവര്‍ത്തനങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന സംഭവങ്ങള്‍ക്കിടയിലാണ് സുപ്രീം കോടതിയുടെ ഇന്നത്തെ അഭിപ്രായപ്രകടനങ്ങള്‍, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയും ഭയവും വളര്‍ത്തുന്ന സാഹചര്യത്തില്‍. ഭരണകൂടത്തിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവില്ലായ്മയെ ബെഞ്ച് കഴിഞ്ഞ മാസം ചൂണ്ടികാണിച്ചിരുന്നു, രാഷ്ട്രീയവും മതവും വേര്‍തിരിക്കുകയാണെങ്കില്‍ ഈ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാകുമെന്നും ബെഞ്ച് പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.