scorecardresearch
Latest News

ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് പോരാടുന്നത്, എന്ത് വില കൊടുക്കാനും തയാറെന്ന് രാഹുല്‍ ഗാന്ധി

ഹിന്ദിയിലാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

Rahul Gandhi, Congress

ന്യൂഡല്‍ഹി: എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് അംഗത്വത്തില്‍ അയോഗ്യനാക്കപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം രാഹുലിന്റെ പ്രതികരണം. ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടി പോരാടുന്നതിന് എന്ത് വിലയും കൊടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് താന്‍ പോരാടുന്നതെന്നും എന്തു വില കൊടുക്കാനും തയ്യാറാണെന്നും ഹിന്ദിയിലാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നീക്കം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാണാണെന്നാണ് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി പ്രതികരിച്ചത്. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് രാഹുല്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനകത്തും പുറത്തും രാഹുല്‍ ഗാന്ധി നിര്‍ഭയമായി സംസാരിക്കുന്നു. കേന്ദ്രം രാഹുലിനെ നിശബ്ദനാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ സ്വാധീനിക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്. ശിക്ഷിക്കപ്പെട്ട ദിവസമായ മാര്‍ച്ച് 23 മുതല്‍ അദ്ദേഹത്തെ സഭയില്‍ നിന്ന് അയോഗ്യനാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് നല്‍കിയ നോട്ടീസില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്ക് ഇനിമേല്‍ കോടതിയെ സമീപിച്ച് ശിക്ഷ സ്റ്റേ ചെയ്യേണ്ടതുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാവിലെയാണ് ലോക്‌സഭയിലെത്തിയത്. രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സഭാ നടുത്തളത്തിലേക്ക് ഓടിക്കയറിയതോടെ ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Fighting for indias voice ready to pay any price