ഷോപ്പിയാൻ: ഒരിടവേളയ്ക്ക് ശേഷം കശ്മീർ താഴ്വരയിൽ വീണ്ടും സംഘർഷം. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് ഇന്ത്യൻ സൈന്യവും പ്രദേശവാസികളും തമ്മിൽ ഏറ്റുമുട്ടിയത്. സൈന്യത്തിന് നേരെ ജനങ്ങൾ കല്ലെറിഞ്ഞു. ഇതേത്തുടർന്ന് പ്രകോപിതരായ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു.
ഷോപ്പിയാൻ ജില്ലയിലെ പെഞ്ചൂര പ്രദേശത്ത് മൂന്നു തീവ്രവാദികൾ എത്തിയിട്ടുണ്ടെന്ന പൊലീസ് വിവരത്തെത്തുടർന്നാണ് സൈന്യം പരിശോധനയ്ക്ക് എത്തിയത്. ഷോപ്പിയാനിലേക്ക് എത്തിയ സൈനികവ്യൂഹത്തിന് നേരെ കല്ലേറ് ഉണ്ടായി. തീവ്രവാദികൾക്കായി സൈന്യം തിരച്ചിൽ നടത്താൻ ഒരുങ്ങിയെങ്കിലും ജനങ്ങളുടെ പ്രതിഷേധം തടസ്സമായി. തുടർന്നാണ് പ്രകോപിതരായ ജനക്കൂട്ടത്തിനു നേരെ പൊലീസും സൈന്യവും ചേർന്ന് കണ്ണീർ വാതക പ്രയോഗം നടത്തിയത്.
തീവ്രവാദികൾക്ക് നേരെയുള്ള നടപടികൾ തടയുന്ന നടപടി അനുവദിക്കില്ലെന്ന നിലപാടാണ് സൈന്യം സ്വീകരിച്ചിരിക്കുന്നത്. സ്ഥലത്തേക്ക് കൂടുതൽ സൈനിക വിന്യാസം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രതിഷേധങ്ങൾക്കിടയിലും തീവ്രവാദികൾക്കായുളള തിരച്ചിൽ സൈന്യം തുടരുകയാണ്.