ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടം ഒരു മതത്തിനും എതിരെ അല്ലെന്ന് പ്രധാനമന്ത്രി നരന്ദ്ര മോദി. യുവാക്കളെ വഴിതെറ്റിക്കുന്ന തരം മാനസികാവസ്ഥയ്ക്ക് എതിരെയാണ് പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിക പൈതൃകത്തെ കുറിച്ചുളള കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ദാന്‍ രാജാവ് അബ്ദുളളയും ചടങ്ങില്‍ പങ്കെടുത്തു.
ലോകത്തെ പ്രധാനപ്പെട്ട മതങ്ങളുടെ ഈറ്റില്ലമ്മാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലങ്ങള്‍ നീണ്ട നാനാത്വത്തിന്റെ ആഘോഷമാണ് ഇന്ത്യന്‍ ജനാധിപത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തോടൊപ്പം മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്ന് അബ്ദുളള രാജാവ് പറഞ്ഞു. വിദ്വേഷം പരത്തുന്ന ശബ്ദങ്ങളെ ജനങ്ങള്‍ തിരസ്കരിക്കണമെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സന്ദർശനത്തോടെ മെച്ചപ്പെട്ട ഇന്ത്യ-ജോർദാൻ ബന്ധം രൂപപ്പെടുത്തുക എന്നതാണ് അബ്ദുള്ള രാജാവിന്റെ സന്ദര്‍ശന ലക്ഷ്യം. പ്രതിരോധം, സുരക്ഷ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ അബ്ദുള്ള രണ്ടാമന്റെ സന്ദർശനം വഴിതുറന്നേക്കാം.
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരെയും അദ്ദേഹം മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ സന്ദര്‍ശിച്ചു. ഇതിന് മുൻപ് 2006ലാണ് അബ്ദുള്ള രണ്ടാമൻ രാജാവ് ഇന്ത്യയിലെത്തിയത്.