scorecardresearch

ഖാന്‍ ത്രയം: കോവിഡിനെതിരായ പോരാട്ടത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍

Facebook Covid-19 Stories of Strength: കോവിഡ്-19നെ നേരിട്ട അനുഭവം പഠിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ കേരളത്തിലേക്ക് അയച്ച വിദഗ്ധരുടെയും സംഘത്തില്‍ അംഗമായിരുന്നു ഡോ. മഹബൂബ് ഖാൻ

ഖാന്‍ ത്രയം: കോവിഡിനെതിരായ പോരാട്ടത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍

ഹൈദരാബാദ്: ഷാരൂഖ്, സല്‍മാന്‍, ആമിര്‍…ബോളിവുഡില്‍ സൂപ്പര്‍ സ്റ്റാറുകളായ ഖാന്‍മാര്‍ മൂന്നാണ്. ഇവിടെ ഹൈദരാബാദിലുമുണ്ട് സൂപ്പര്‍ സ്റ്റാര്‍ ഖാന്‍ ത്രയം. ബീഗംപേട്ട് ഇന്ത്യന്‍ എയര്‍ലൈന്‍സ് കോളനിയിലെ ഡോക്ടര്‍ കുടുംബത്തിലെ മഹബൂബ് ഖാന്‍ (56), ഭാര്യ ഷഹാന ഖാന്‍, മകള്‍ റാഷിക ഖാന്‍ (22) എന്നിവരാണവര്‍. കോവിഡ്-19നെതിരായി മുന്‍നിരയില്‍നിന്നു പോരാടിക്കൊണ്ടാണ് ഇവര്‍ ജനമനസില്‍ ഇടം നേടുന്നത്.

കോവിഡ്-19 രോഗികളെ ചികിത്സിക്കുന്ന സര്‍ക്കാര്‍ നെഞ്ചുരോഗ ആശുപത്രിയിലെ സൂപ്രണ്ടാണ് 22 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഡോ. മഹബൂബ് ഖാന്‍. ഭാര്യ ഡോ. ഷഹാന ഖാന്‍ ഗാന്ധി ആശുപത്രിയിലാണു ജോലി ചെയ്യുന്നത്. മകള്‍ റാഷിക ഖാന്‍ ഇവിടെ ഹൗസ് സര്‍ജനാണ്. സംസ്ഥാനത്തെ കോവിഡ്-19 ചികിത്സയുടെ നോഡല്‍ സെന്ററാണു ഗാന്ധി ഹോസ്പിറ്റല്‍. ഇവിടെ ചികിത്സിച്ച 545 രോഗികളില്‍ 90 ശതമാനം പേരുടെയും രോഗം ഭേദമായി.

Read More: വീണ്ടും പറക്കാന്‍ തയ്യാര്‍; കോവിഡ് ബാധിച്ച മലയാളി പൈലറ്റ് ഡിസ്ചാര്‍ജ് ആയി

ആഴ്ചകള്‍ക്കുശേഷം  വീട്ടില്‍ ഒത്തുകൂടിയ ഡോക്ടര്‍ കുടുംബത്തെ പുഷ്പവൃഷ്ടി നടത്തിയാണു കോളനി നിവാസികള്‍ സ്വീകരിച്ചത്. അയല്‍വാസികള്‍ അസാധാരണമായി കുടുംബത്തെ ആദരിച്ചതില്‍ അതീവ സന്തോഷവാനാണു ഡോ. മഹബൂബ് ഖാന്‍. പ്രത്യേകിച്ച്, രാജ്യത്തിന്റെ പലഭാഗങ്ങളില്‍ ഡോക്ടര്‍മാരോട് അയല്‍വാസികള്‍ മോശമായി പെരുമാറുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍.

”അവര്‍ യഥാര്‍ഥ നായകരാണ്. കോവിഡിനെതിരെ മുന്നണിയില്‍നിന്ന് പോരാടി അവര്‍ മഹത്തായ ജോലി ചെയ്യുകയാണ്. പ്രധാനമന്ത്രി മുതല്‍ എല്ലാവരും അവരുടെ പ്രവര്‍ത്തനത്തെ പ്രശംസിക്കുന്നു,” ഖാന്‍ കുടുംബത്തെക്കുറിച്ച് കോളനിവാസിയായ ഗോപാല്‍ ഗിരിധര്‍ പറയുന്നു. ഡോ. മഹബൂബ് ഖാനും കുടുംബവും ആറു വര്‍ഷമായി ഇന്ത്യന്‍ എയര്‍ലൈന്‍സ് കോളനിയിലാണു താമസം.

അറിയപ്പെടാത്ത ശത്രുവിനെ കൈകാര്യം ചെയ്യുന്നതിനാല്‍ തുടക്കത്തില്‍ തങ്ങള്‍ പേടിച്ചുവെന്നാണു കോവിഡ്-19നെ നേരിടാനൊരുങ്ങിയ സാഹചര്യത്തെക്കുറിച്ച് ഡോ. ഖാന്‍ പറയുന്നത്.

Read More: ഇന്ത്യയിൽ കോവിഡ് വ്യാപനം ഇനിയും രൂക്ഷമായേക്കും; മുന്നറിയിപ്പ്

”ആര്‍ക്കും അണുബാധയുണ്ടാകാം. മെഡിക്കല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം വരുന്നതായും ചിലര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായുമുള്ള സംഭവങ്ങളുണ്ടായി,” ഡോ. ഖാന്‍ പറഞ്ഞു. കോവിഡ്-19നെ നേരിട്ട അനുഭവം പഠിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ഫെബ്രുവരിയില്‍ കേരളത്തിലേക്ക് അയച്ച ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും സംഘത്തില്‍ ഖാനും അംഗമായിരുന്നു.

നൂറുകണക്കിനു കോവിഡ് രോഗികളെ ഈ ഡോക്ടര്‍ കുടുംബം കണ്ടുകഴിഞ്ഞു. ‘അറിയാത്ത ശത്രു’വിനെ ദിവസവും നേരിടുന്നതിലെ സമ്മര്‍ദം ഡോ. ഖാനെ ഒരിക്കലും ക്ഷീണിതനാക്കുന്നില്ല. ”ഈ രോഗവുമായി പതിവായി ഇടപഴകുന്നത് ഞങ്ങളെ കൂടുതല്‍ അറിവുള്ളവരാക്കുന്നു. പ്രശംസയും പ്രചോദനവും ഞങ്ങളെ മുന്നോട്ടുനയിക്കുന്നു,” അദ്ദേഹം പറഞ്ഞു.

എങ്കിലും അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ കഴിഞ്ഞ മാസം സമ്മര്‍ദമുണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. പലപ്പോഴും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സംശയത്തിലാകുമ്പോള്‍ അവരെ ഒരുമിച്ചുനിര്‍ത്തുന്നത് അഡ്മിനിസ്ട്രേറ്റീവ് തലവനാണ്. ആരോഗ്യപ്രവര്‍ത്തകരെ ദൃഢവിശ്വാസത്തോടെ ഒരുമിച്ചുനിര്‍ത്തുന്നതും പ്രചോദിപ്പിക്കുന്നതും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതും തുടക്കത്തിലൊരു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

Read More: കോവിഡ് വാക്സിൻ: ഓക്സ്ഫോർഡ് കൊറോണ വാക്സിൻ ട്രയലിന് അനുമതി നൽകി ബ്രസീൽ

‘കാലമാണ് ഏറ്റവും നല്ല മരുന്നെന്ന് ഞാന്‍ പറയും,’ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, രോഗികള്‍, സമൂഹം എന്നിവര്‍ക്കിടയിലെ പരിഭ്രാന്തി ചൂണ്ടിക്കാണിച്ചുകൊണ്ട് ഡോ. ഖാന്‍ പറഞ്ഞു. സമൂഹം തങ്ങളുടെ പ്രവൃത്തിയെ പ്രശംസിക്കുന്നു. രോഗം ഭേദമാകുന്നവരുടെ എണ്ണം വളരെക്കൂടുതല്‍ ആയതുകൊണ്ടാണ് ഇതെന്നു ഡോ. ഖാന്‍ പറഞ്ഞു.

ഖാന്‍ കുടുംബം കോവിഡിനെതിരായ മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇവരെക്കുറിച്ച് ആശങ്കാകുലരാണു ബന്ധുക്കളും സുഹൃത്തുക്കളും. ”രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ബന്ധുക്കളുടെ ഫോണ്‍ വിളികള്‍ ധാരാളം ലഭിക്കുന്നുണ്ട്. സുഹൃത്തുക്കളും ക്ഷേമാന്വേഷണം നടത്തുന്നു. അവര്‍ ഞങ്ങളുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും ഞങ്ങളില്‍ അഭിമാനം കൊള്ളുന്നുവെന്ന് പറയുകയും ചെയ്യുന്നു,” ഡോ. ഖാന്‍ പറഞ്ഞു.

covid fighters, stories of strength

തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ കോവിഡ്-19 തീന്‍മേശയിലെ പൊതു സംസാര വിഷയമാണെന്നു ഡോ. ഷഹാന പറയുന്നു. ”എനിക്ക് ഞങ്ങളുടെ വീടിന്റെ കാര്യം കൂടി നോക്കണം. കുടുംബത്തെ അവഗണിക്കാനാകില്ല. തുല്യ പരിഗണന രോഗികളോടും വേണം. അതിനാല്‍ വീട്ടില്‍ കോവിഡ്-19നെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ മടിക്കാറില്ല. അത് സഹായകരവുമാണ്,” അവര്‍ പറഞ്ഞു.

വീട്ടുജോലിക്ക് ആരെയും ലഭിക്കാത്തതിനാല്‍ തന്റെ ജോലി ഇരട്ടിച്ചുവെന്നാണു ഡോ. ഷഹാന പറയുന്നത്. ഷഹാനയുടെ 72 വയസുള്ള അമ്മ അസിമുന്നിസാ ബീഗം, ഖാന്‍ കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. ”അവര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. പ്രത്യേകിച്ച് ഇപ്പോള്‍. അവര്‍ക്കു പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ട്,” ഷഹാന പറയുന്നു.

Read More: ഇന്ത്യയിൽ യുഎസിലേക്കാൾ കൂടുതൽ കോവിഡ് ബാധിതരുണ്ടാവും, കൂടുതൽ ടെസ്റ്റ് നടത്തിയാൽ: ഡോണൾഡ് ട്രംപ്

കുടുംബത്തിലെ ഇളയ ഡോക്ടറായ റാഷികയ്ക്ക് ഇപ്പോഴത്തെ സാഹചര്യം തീയില്‍ ജ്ഞാനസ്നാനം ലഭിച്ചതുപോലെയാണ്. മാതാപിതാക്കളെപ്പോലെ ഡോക്ടറാകണമെന്ന് റാഷിക എപ്പോഴും ആഗ്രഹിച്ചത്. പക്ഷേ, ഇന്റേണ്‍ഷിപ്പ് ഇങ്ങനെ തുടങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു അടുത്തിടെ എംബിബിഎസ് കഴിഞ്ഞ റാഷിക പറഞ്ഞു.

റാഷികയ്‌ക്കൊപ്പം കോഴ്‌സ് കഴിഞ്ഞ എല്ലാവര്‍ക്കും ആദ്യദിനം മുതല്‍ കോവിഡ് ഡ്യൂട്ടിയാണു ലഭിച്ചത്. റാഷികയെപ്പോലെയുള്ള ഹൗസ് സര്‍ജന്‍മാര്‍ക്കു ഭീതികരമായ അനുഭവമാണിത്. കാരണം, ആര്‍ക്കും ഈ രോഗത്തെക്കുറിച്ച് അറിയില്ല. ”മുതിര്‍ന്നവരുടെ മാര്‍ഗനിര്‍ദേശപ്രകാരം എല്ലാ ഇന്റേണ്‍സും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ പുതിയ ഇന്റേണ്‍സാണെന്ന് ആരും വിശ്വസിക്കുകയില്ല,” റാഷിക പറഞ്ഞു.

Read More: ന്യൂസിലൻഡ് കോവിഡ് മുക്തം; നൃത്തം വച്ച് പ്രധാനമന്ത്രി ജസീന്ത ആർഡേൻ

മാതാപിതാക്കളുടെയും സഹോദരിയുടെയും വഴിയെ ഡോക്ടറാകണമെന്നാണു പതിനെട്ടുകാരനായ റെഹാന്റെ ആഗ്രഹം. റെഹാന്‍ നീറ്റ് പരീക്ഷയ്ക്കുവേണ്ടിയുള്ള തയാറെടുപ്പിലാണ്. വീട്ടില്‍ മൂന്ന് കൊറോണ പോരാളികളുള്ളത് കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്ന് റെഹാന്‍ പറയുന്നു. ”ഒരു വലിയ മഹാമാരിക്കെതിരെ പൊരുതുന്ന മൂന്ന് കുടുംബാംഗങ്ങളുണ്ടെന്ന് ഞാന്‍ എന്നെ ഓര്‍മിപ്പിക്കാറുണ്ട്. അത് എന്റെ ലക്ഷ്യം കൈവരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു,” റഹാന്‍ പറഞ്ഞു.

കോവിഡ്-19 ബാധിക്കുമോയെന്ന ഭീതിയുള്ളവരോട് പേടിക്കാനൊന്നുമില്ലെന്നാണ് ഡോ. ഖാന് പറയാനുള്ളത്. ”സര്‍ക്കാരും ആരോഗ്യ വകുപ്പും സാഹചര്യം ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. ജനം അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയാണു വേണ്ടത്. രോഗം അപ്രത്യക്ഷമാകാന്‍ ചിലപ്പോള്‍ ആറ്- ഏഴ് മാസം വരെ എടുത്തേക്കാം. പക്ഷേ, ഇതേ സാഹചര്യം തുടരില്ല,” അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Fight against covid 19 a family in the forefront