ന്യൂഡല്‍ഹി : രാജ്യത്തെ കുട്ടികളില്‍ 53 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നതായി കേന്ദ്രസര്‍ക്കാര്‍ സര്‍വ്വേ. ബുധനാഴ്ച രാജ്യസഭയില്‍ സമര്‍പ്പിച്ച സര്‍വ്വേയിലാണ് ഈ കണക്കുകള്‍.

വനിതാ-ശിശു വികസന മന്ത്രാലയം 2007ല്‍ നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ ലഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാൻസ്രാജ് ആഹിർ രാജ്യസഭയെ അറിയിച്ചു. 13 സംസ്ഥാനങ്ങളില്‍ 13,000 കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു സര്‍വ്വേ.

സര്‍വ്വേയില്‍ പങ്കെടുത്ത കുട്ടികളില്‍ 53 ശതമാനം പേര്‍ ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക ചൂഷണത്തിന് വിധേയരായെന്ന് പറയുമ്പോള്‍ 21.90ശതമാനംപേര്‍ കടുത്ത ലൈംഗിക ചൂഷണത്തിന് വിധേയമായെന്നും പഠനം പറയുന്നു. 50.76 ശതമാനംപേര്‍ മറ്റുവിധത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരായവരാണ്.

അമ്പത് ശതമാനത്തോളം പേര്‍ കുട്ടികള്‍ക്ക് ചൂഷണം നേരിട്ടിട്ടുള്ളത് പരിചിതരില്‍ നിന്നുംതന്നെയാണ് എന്നും അവരത് ആരെയും അറിയിച്ചിട്ടില്ല എന്നും പഠനത്തില്‍ പറയുന്നു.

തെരുവുകളില്‍ കഴിയുന്നതും തൊഴിലെടുക്കുന്നതും സ്ഥാപനങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്നതുമായ കുട്ടികളാണ് ഏറ്റവും കൂടുതലായി ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുള്ളത്.

അസം, മിസോറം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലായാണ് സര്‍വ്വേ നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ