റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും ശിക്ഷ. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
റാഞ്ചിയിലെ ഡോറന്‍ഡ ട്രഷറിയില്‍നിന്ന് 139.35 കോടി രൂപ അനധികൃതമായി പിന്‍വലിച്ചുവെന്ന കേസിലാണ് ശിക്ഷ. 1995-96 കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍, ലാലു ഉള്‍പ്പെടെ 75 കുറ്റക്കാരാണെന്നു സ്‌പെഷല്‍ കോടതി ജഡ്ജി എസ്‌കെ സാഷി ഫെബ്രുവരി 15നു വിധിച്ചിരുന്നു. 24 പേരെ വെറുതെ വിട്ടു.
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ലാലു പ്രസാദ് ഉള്‍പ്പെടെ 41 പ്രതികളുടെ ശിക്ഷ വിധിച്ചത്. എഴുപത്തിനാലുകാരനായ ലാലു അനാരോഗ്യം ചൂണ്ടിക്കാട്ടി റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പേയിങ് വാര്‍ഡില്‍ കഴിയുകയാണ്.
മറ്റു 34 പ്രതികള്‍ക്കു മൂന്ന് വര്‍ഷം പരമാവധി ശിക്ഷയും 20,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ പിഴയും കോടതി വിധിച്ചു. രണ്ട് കോടി രൂപയാണ് പരമാവധി പിഴത്തുകയെന്ന് അഭിഭാഷകര്‍ പറഞ്ഞു.
നിലവിലെ കേസില്‍ ലാലു പ്രസാദ് ഇതിനകം മൂന്നു വര്‍ഷവും പത്തൊന്‍പത് ദിവസവും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിട്ടുണ്ട്. ”അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ജഡ്ജി വിധിച്ചത്. അതില്‍ മൂന്ന് വര്‍ഷവും പത്തൊന്‍പത് ദിവസവും അദ്ദേഹം ഇതിനകം അനുഭവിച്ചിട്ടുണ്ട്. ശിക്ഷയുടെ പകുതി അനുഭവിച്ചതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും,” പ്രതിഭാഗം അഭിഭാഷകരിലൊരാളായ അനന്ത് കുമാര്‍ വിജ് പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവ്, കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച നാല് കേസുകളില്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. ബങ്ക-ഭഗല്‍പൂര്‍ ട്രഷറിയില്‍ നിന്ന് അനധികൃതമായി പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി പറ്റ്‌നയിലെ സിബിഐ യൂണിറ്റിനു മുമ്പാകെ നിലവിലുണ്ട്.
ചൈബാസ ട്രഷറിയില്‍നിന്ന് നിയമവിരുദ്ധമായി പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട 2013-ലെ ആദ്യ കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അദ്ദേഹത്തിനു 11 വര്‍ഷത്തെ വിലക്ക് ലഭിക്കാനിടയാക്കിയിരുന്നു. രണ്ട് വര്‍ഷത്തിലധികം തടവില്‍ കഴിയുന്ന പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ആറു വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കാനുള്ള സുപ്രീം കോടതി ഉത്തരവിന് അനുസൃതമായിട്ടായിരുന്നു ഇത്.
കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു.
ദിയോഘര്‍ ട്രഷറിയില്‍ നിന്ന് 80 ലക്ഷത്തിലധികം രൂപ അനധികൃതമായി പിന്‍വലിച്ചുവെന്ന രണ്ടാമത്തെ കേസില്‍ 2017 ഡിസംബര്‍ 23-ന് ലാലുവിനെ മൂന്നര വര്‍ഷം തടവിനു പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചിരുന്നു. ചൈബാസ ട്രഷറിയില്‍നിന്ന് 33.67 കോടി രൂപപിന്‍വലിച്ചതുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ 2018 ജനുവരി 24-ന് അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ദുംക ട്രഷറിയില്‍നിന്ന് 3.13 കോടി രൂപ അനധികൃതമായി പിന്‍വലിച്ചുവെന്ന നാലാമത്തെ കേസില്‍ 2018 മാര്‍ച്ച് നാലിന് ഏഴ് വര്‍ഷത്തേക്കും അദ്ദേഹം ശിക്ഷിക്കപ്പെട്ടു.