മോസ്കോ: 2018 ഫിഫ ലോകകപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം. ഒരു ജര്‍മ്മന്‍ ചാനലിന് വേണ്ടി ലൈവായി റിപ്പോര്‍ട്ട് ചെയ്യുമ്പോഴായിരുന്നു ഫുട്ബോള്‍ ആരാധകന്‍ മാധ്യമപ്രവര്‍ത്തകയെ കടന്നുപിടിച്ച് ചുംബിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ലൈവായി ലോകം കാണുകയും ചെയ്‌തു.

സരാന്‍സ്കില്‍ ലൈവായി റിപ്പോര്‍ട്ട് നടത്തുകയായിരുന്ന ജൂലിയത് ഗോന്‍സാലസ് തെരാന്‍ എന്ന മാധ്യമപ്രവര്‍ത്തകയെ ആണ് യുവാവ് കടന്നുപിടിച്ച് ചുംബിച്ചത്. ജൂയത്തിന്റെ മാറില്‍ കൈവച്ചാണ് ഇയാള്‍ ചുംബിച്ചത്. ജര്‍മ്മന്‍ ചാനലായ ഡ്യുച്ചെ വെല്ലിന്റെ മാധ്യമപ്രവര്‍ത്തക ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു. അക്രമം നടത്തിയയാള്‍ താന്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതും കാത്ത് അടുത്ത് തന്നെ നില്‍ക്കുകയായിരുന്നുവെന്ന് ജൂലിയത് പറഞ്ഞു.

‘ലൈവ് ടെലികാസ്റ്റ് തുടങ്ങുന്നതിന് 2 മണിക്കൂര്‍ മുമ്പേ അവിടെ ഞാനുണ്ടായിരുന്നു. എന്നാല്‍ ലൈവ് തുടങ്ങിയപ്പോഴാണ് അയാള്‍ കടന്നുപിടിച്ച് ചുംബിച്ചത്. ലൈവില്‍ എനിക്ക് കൂടുതല്‍ പ്രതികരിക്കാനാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം അയാള്‍ കാത്തിരുന്നത്’, ജൂലിയത് പറഞ്ഞു. ലൈവ് ടെലികാസ്റ്റ് കഴിഞ്ഞതിന് ശേഷം ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു.

ലൈംഗികാതിക്രമം നടത്തിയയാള്‍ റഷ്യനാണോ വിദേശിയാണോ എന്ന് വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇയാളെ കണ്ടെത്തണമെന്ന് അറിയിച്ച് നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ