ബുലന്ദ്ശഹര്‍: മുസ്ലീങ്ങള്‍ ചെറിയ പെരുന്നാളായ ഈദ് ആഘോഷിക്കുന്ന ദിവസം വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി ഭോലാ സിങാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.
“ഏതെങ്കിലും മതത്തിന്റെ ആഘോഷ പരിപാടികള്‍ കാരണം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലായിരിക്കണം മതങ്ങള്‍ അവരുടെ ആഘോഷ പരിപാടികള്‍ നടത്തേണ്ടത്. ഹിന്ദുക്കളുടെ ഹോളി, ദീപാവലി, രക്ഷാ ബന്ധന്‍ തുടങ്ങിയവ രാജ്യം മൊത്തം ആഘോഷിക്കുന്ന ഉത്സവങ്ങളാണ്. എന്നാല്‍, ഇതുവരെ ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ല” എന്നും ബിജെപി എംപി എഎന്‍ഐയോട് പറഞ്ഞു.
“ആരാധന നടത്തുന്നതിന് പ്രത്യേകം സ്ഥലങ്ങളുണ്ട്. റോഡില്‍ തടസ്സം സൃഷ്ടിക്കരുത്. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. അത്തരക്കാര്‍ക്ക് എതിരെ നടപടി എടുക്കണം” – ഭോലാ സിങ് പറഞ്ഞു.
Read More: മേലില്‍ ആവര്‍ത്തിക്കരുത്: വര്‍ഗീയ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രിക്ക് അമിത് ഷായുടെ താക്കീത്
ഇഫ്താര്‍ വിരുന്ന് പോലെ എന്തുകൊണ്ട് ഹിന്ദു ഉത്സവമായ നവരാത്രി ആഘോഷിക്കുന്നില്ല എന്ന ചോദ്യം ഉന്നയിച്ച കേന്ദ്രമന്ത്രിയും ബിഹാറില്‍ നിന്നുള്ള ബിജെപി എംപിയുമായ ഗിരിരാജ് സിങിനെ കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ വിമർശിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ വിവാദ പരാമർശവുമായി ബിജെപി എംപി എത്തിയിരിക്കുന്നത്.
ഇഫ്താര്‍ പോലെ എന്തുകൊണ്ട് നവരാത്രി ആഘോഷിക്കുന്നില്ല എന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടാണ് സോഷ്യല്‍ മീഡിയയിലൂടെ ഗിരിരാജ് സിങ് ചോദിച്ചത്. പ്രകോപനപരമായ പരാമര്‍ശത്തില്‍ ഗിരിരാജ് സിങിനെ വിളിച്ചുവരുത്തിയാണ് അമിത് ഷാ വിമര്‍ശിച്ചത്. ഇത്തരം പ്രസ്താവനകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് അമിത് ഷാ ഗിരിരാജ് സിങിന് നിര്‍ദേശം നല്‍കി. വാര്‍ത്തകളില്‍ വരാന്‍ വേണ്ടിയാണ് ഗിരിരാജ് സിങ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് എന്‍ഡിഎയിലെ സഖ്യകക്ഷിയും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും പ്രതികരിച്ചു.
Read More: അബ്ദുള്ളക്കുട്ടി പോകുന്ന വഴികള്‍: ബിജെപി എംപിയുമായി കൂടിക്കാഴ്ച നടത്തി
എല്‍ജെപി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ ബിഹാറിൽ ഒരുക്കിയ ഇഫ്താര്‍ വിരുന്നിനെതിരെയാണ് ഗിരിരാജ് സിങ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. എന്തുകൊണ്ട് ഇത്തരം ആഘോഷ പരിപാടികള്‍ ഹിന്ദു ഉത്സവമായ നവരാത്രിക്ക് നടത്തുന്നില്ല എന്ന് ഗിരിരാജ് സിങ് ചോദിച്ചു. നമ്മുടെ മതത്തിന്റെ ഉത്സവങ്ങള്‍ നടത്തുന്നതില്‍ എന്തുകൊണ്ട് നമ്മള്‍ കുറവ് വരുത്തുന്നു എന്നും ഗിരിരാജ് സിങ് ചോദിച്ചു.