രാജ്യത്തെ മറ്റു മതവിഭാഗങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ പ്രത്യുൽപ്പാദന (ഫെര്‍ട്ടിലിറ്റി) നിരക്ക് കുത്തനെ കുറഞ്ഞതായി ദേശീയ കുടുംബാരോഗ്യ സര്‍വേ (എൻ എഫ് എച്ച് എസ്) റിപ്പോര്‍ട്ട്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയമാണ് സര്‍വേ നടത്തിയത്.
ദേശീയതലത്തില്‍ തന്നെ പ്രത്യുൽപ്പാദന നിരക്ക് താഴുന്ന പ്രവണതയാണ് കാണുന്നതെങ്കിലും മുസ്‌ലിങ്ങള്‍ക്കിടയില്‍ ഗണ്യമായ കുറവാണുണ്ടായതെന്ന് സർവേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2015-16 ല്‍ 2.6 ആയിരുന്നു പ്രത്യുൽപ്പാദന നിരക്കെങ്കില്‍ 2019-21 ആയപ്പോഴേക്കും ഇത് 2.3 ആയി കുറഞ്ഞു. ദേശീയ പ്രത്യുൽപ്പാദന നിരക്കിന്റെ ഇടിവിന് ആക്കം കൂട്ടി, അത് 1992- 93 ല്‍ 4.4 ല്‍ നിന്ന് 2019-21 ല്‍ 2.3 എത്തിയെന്നും കണക്കുകളില്‍നിന്ന് വ്യക്തമാകുന്നു.
രാജ്യത്തെ ആകെ പ്രത്യുൽപ്പാദന നിരക്ക് റീപ്ലെയ്‌സ്‌മെന്റ് ലെവലിനും താഴെയാണ്. ഒരു സ്ത്രീക്ക് 2.2 കുട്ടികൾ എന്നതിൽനിന്നു രണ്ട് കുട്ടികളെന്ന നിലയിലേക്ക് മാറിയെന്നും എന്‍എഫ്എച്ച്എസിന്റെ അഞ്ചാം റിപ്പോര്‍ട്ട് പറയുന്നു.
മുസ്‌ലിങ്ങളുടെ പ്രത്യുൽപ്പാദന നിരക്ക് മറ്റ് മതവിഭാഗങ്ങളെക്കാള്‍ ഇപ്പോഴും ഉയര്‍ന്നതാണ്. 2015-16 ല്‍ ഹിന്ദുക്കളിലെ പ്രത്യുൽപ്പാദന നിരക്ക് 2.1 ആയിരുന്നെങ്കില്‍ എന്‍എഫ്എച്ച്എസ് 5 അനുസരിച്ച് അത് 1.94 ആയി. 1992-93 കാലയളവില്‍ 3.3 ആയിരുന്നു ഹിന്ദുക്കള്‍ക്കിടയിലെ പ്രത്യുൽപ്പാദന നിരക്ക്. എന്‍എഫ്എച്ച്എസ് 5 അനുസരിച്ച് ക്രിസ്ത്യാനികള്‍ക്കിടയിലെ നിരക്ക് 1.88 ഉം, സിഖ് വിഭാഗത്തിന്റേത് 1.61 ഉം, ജൈനവിഭാഗക്കാരുടേത് 1.6 ഉം, ബുദ്ധമത- നവബുദ്ധമതക്കാരുടേത് 1.39 ഉം ആണ്. ബുദ്ധ-നവ ബുദ്ധമതക്കാരിലാണ് പ്രത്യുൽപ്പാദന നിരക്ക് ഏറ്റവും കുറവ്.
1992-93നും 1998-99നും ഇടയിലും 2005-06നും 2015-2016 നും ഇടയിലാണ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന നിലയിൽ മുസ്‌ലിങ്ങള്‍ക്കിടയിലെ പ്രത്യുൽപ്പാദന നിരക്ക് കുത്തനെ കുറഞ്ഞത്. 0.8പോയിന്റായിരുന്നു ആ കാലയളവിൽ രേഖപ്പെടുത്തിയ കുറവ്.
Also Read: ഉഷ്ണതരംഗങ്ങളും അവയെ മാരകമാക്കുന്നതില്‍ ഹ്യുമിഡിറ്റി വഹിക്കുന്ന പങ്കും
”ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും തമ്മിലുള്ള പ്രത്യുൽപ്പാദന നിരക്കിലെ വിടവ് കുറയുകയാണ്. പ്രത്യുൽപ്പാദന നിരക്ക് പ്രധാനമായും ആരോഗ്യ സേവനങ്ങള്‍, വരുമാനം, തൊഴില്‍, സാക്ഷരത തുടങ്ങിയ മതവുമായി ബന്ധമില്ലാത്ത ഘടകങ്ങളുടെ ഫലമായാണ്. ഈ കാര്യങ്ങളിൽ മുസ്‌ലിം സമുദായത്തിനുള്ള പിന്നാക്കാവസ്ഥയാണ് ഇരു മതവിഭാഗങ്ങള്‍ക്കിടയിലും പ്രത്യുൽപ്പാദന നിരക്കിലുള്ള പ്രകടമായ വ്യത്യാസത്തിന് കാരണം. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി മുസ്‌ലിങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന മധ്യവര്‍ഗം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും കുടുംബാസൂത്രണത്തിന്റെയും പ്രാധാന്യം മനസിലാക്കിയിട്ടുണ്ട് ” സർക്കാരേത സംഘടനയായ പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ പൂനം മത്രേജ പറയുന്നു.
വിദ്യാഭ്യാസം ലഭിക്കാത്ത മുസ്‌ലിം സ്ത്രീകളുടെ നിരക്ക് 2015-16 ല്‍ 32 ശതമാനമായിരുന്നെങ്കില്‍ 2019-21 ആയപ്പോഴേക്ക് 21.9 ശതമാനമായി കുറഞ്ഞു. ഇതിന് വിരുദ്ധമായി ഹിന്ദുക്കള്‍ക്കിടയില്‍ നേരിയ വ്യത്യാസം മാത്രമേയുണ്ടായുള്ളൂ. (31.4 ശതമാനത്തില്‍ നിന്നും 28.5 ശതമാനം)
സ്ത്രീകളുടെ വിദ്യാഭ്യാസം ഉയരുന്നതിനനുസരിച്ച് അവരുടെ കുട്ടികളുടെ എണ്ണവും കുറയുന്നതായി എന്‍എഫ്എച്ച്എസ് 5 പറയുന്നു. വിദ്യാഭ്യാസം ലഭിക്കാത്ത സ്ത്രീകളിലെ കുട്ടികളുടെ നിരക്ക് ശരാശരി 2.8 ആണ്. എന്നാല്‍ പന്ത്രണ്ടാം ക്ലാസോ അതിൽ കൂടുതലോ വിദ്യാഭ്യാസം ലഭിച്ച സ്ത്രീകളില്‍ ഇത് 1.8 ആണ്. സാമ്പത്തിക സ്ഥിതി മെച്ചമായ സ്ത്രീകളെക്കാള്‍ ശരാശരി 1.0 കൂടുതലാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കിടയിലെ കുട്ടികളുടെ നിരക്ക്. സാമ്പത്തികമായുള്ള ഉയര്‍ച്ച പ്രത്യുൽപ്പാദനനിരക്കില്‍ കുറവുണ്ടാക്കുമെന്നും സര്‍വേ പറയുന്നു.
”കുടുംബാസൂത്രണത്തെക്കുറിച്ച് മുസ്ലീങ്ങൾ കൂടുതൽ ബോധവാന്മാരാണെന്ന് ഡേറ്റ കാണിക്കുന്നു. മുസ്ലീങ്ങൾക്കിടയിലെ ആധുനിക ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം എൻഎഫ്എച്ച്എസ് 4-ൽ 37.9 ശതമാനത്തിൽ നിന്ന് എൻഎഫ്എച്ച്എസ് 5-ൽ 47.4 ശതമാനമായി വർധിച്ചു. വളർച്ചയുടെ മാർജിൻ ഹിന്ദുക്കളേക്കാൾ കൂടുതലാണ്,” മത്രേജ പറഞ്ഞു.
രണ്ട് പ്രസവങ്ങള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്നതിനായി ആധുനിക ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലും മുസ്‌ലിങ്ങള്‍ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എൻ എഫ് എച്ച് എസ് 4 ൽ ഇത് 17 ശതമാനമായിരുന്നുവെങ്കിൽ എൻ എഫ് എച്ച് എസ് 5 റിപ്പോർട്ടിൽ ഇത് 25.5 ശതമാനമായി ഉയർന്നു. സിഖ്, ജൈന മതക്കാർ മാത്രമാണ് ഇക്കാര്യത്തില്‍ മുസ്‌ലിങ്ങളേക്കാൾ മികച്ച നിരക്കുള്ളത്.
കുടുംബാസൂത്രത്തണത്തെക്കുറിച്ച് പുരോഗമനപരമായി ചിന്തിക്കുന്നതിലും മുസ്‌ലിം പുരുഷന്‍മാര്‍ മുന്‍പന്തിയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭനിരോധനം സ്ത്രീകളെ ബാധിക്കുന്ന കാര്യമാണെന്നും പുരുഷന്‍മാര്‍ അതില്‍ ആകുലപ്പെടേണ്ടതില്ലെന്നും ചിന്തിക്കുന്ന മുസ്ലിം പുരുഷന്മാർ 32 ശതമാനമാണ്. ഹിന്ദുക്കള്‍ക്കിടയില്‍ ഇങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണം 36 ശതമാനത്തോളമാണന്നാണ് റിപ്പോർട്ട് പറയുന്നു. എന്‍എഫ്എച്ച്എസ് 5 അനുസരിച്ച് ഗര്‍ഭനിരോധന ഗുളികയുടെ ഉപയോഗം മുസ്‌ലിങ്ങള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍. എന്നാല്‍ കോണ്ടം ഉപയോഗിക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ് മുസ്‌ലിങ്ങള്‍. സിഖുകാരും ജൈനന്‍മാരുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. കുടുംബാസൂത്രണം നടപ്പിലാക്കുന്നതില്‍നിന്നും അതിനോടുള്ള മുസ്ലീങ്ങളുടെ മനോഭാവത്തില്‍ നിന്നും കുടുംബാസൂത്രണത്തിന് ഇസ്‌ലാം ഒരുതരത്തിലും തടസമല്ലെന്ന് അംഗീകരിക്കേണ്ടതുണ്ട്.
രണ്ട് പ്രസവങ്ങള്‍ക്കിടയിലെ കാലയളവ് ദീര്‍ഘിപ്പിക്കാന്‍ സ്വീകരിക്കുന്ന വിവിധ നിയന്ത്രണമാര്‍ഗങ്ങളുടെ ഫലമായി പ്രത്യുൽപ്പാദന നിരക്ക് ഇന്തോനേഷ്യയിലും ബംഗ്ലാദേശിലുമുള്ള മുസ്‌ലിങ്ങള്‍ക്കിടയിലും കുറഞ്ഞതായി കാണാം. ഗര്‍ഭനിരോധനത്തിനായി സ്വീകരിക്കാവുന്ന മാര്‍ഗങ്ങളും ഇംപ്ലാന്റുള്‍പ്പടെയുള്ള സങ്കേതങ്ങളും കുടുംബാസൂത്രണത്തില്‍ ഇന്ത്യ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് പൂനം മത്രേജ പറയുന്നു.
ഒരു സ്ത്രീക്ക് ശരാശരി 3.7 എന്ന നിരക്കില്‍ (1992-93) നിന്ന് 2.1 (2019-21) എന്ന നിലയിലേക്ക് ഗ്രാമങ്ങളിലെ സ്ത്രീകളുടെ പ്രത്യുൽപ്പാദന നിരക്ക് കുറഞ്ഞു. നഗരങ്ങളില്‍ ഇത് മേല്‍പ്പറഞ്ഞ കാലയളവില്‍ 2.7 ല്‍ നിന്ന് 1.6 ആയി. ഗ്രാമ, നഗര വ്യത്യാസമില്ലാതെ പ്രത്യുൽപ്പാദന നിരക്ക് ഏറ്റവും ഉയര്‍ന്നതായി കാണുന്നത് 20-24 പ്രായത്തിലാണ്. അതിനുശേഷം നിരക്ക് കൃത്യമായി കുറയുന്നതായി എന്‍എഫ്എച്ച്എസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തെക്ക്, പടിഞ്ഞാറ്, വടക്ക് മേഖലകളിലായുള്ള മുപ്പത്തിയൊന്ന് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രത്യുൽപാദന ശേഷി റീപ്ലെയ്സ്മെന്റ് നിലവാരത്തിനും താഴെ ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന തോതിലാണ്. ബിഹാറും മേഘാലയിലുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രത്യുൽപ്പാദന നിരക്കുള്ളത്. സിക്കിമിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമാണ് ഏറ്റവും കുറവ്.