ന്യൂഡല്‍ഹി : മനുഷ്യന്റെ ഉളളിൽ ചെറിയ അളവിലെത്തിയാൽ പോലും വേഗത്തിൽ മരണകാരണമാകുന്ന ലഹരിമരുന്നായ രാസവസ്തു ഇന്ത്യയിലാദ്യമായി പിടികൂടി.  50 ലക്ഷം മനുഷ്യരെ വരെ മിനിട്ടുകൾക്കുളളിൽ കൊലപ്പെടുത്താൻ സാധിക്കുന്ന അളവിലുളള മാരക രാസപദാർത്ഥം ഉൾക്കൊളളുന്ന ലഹരിമരുന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി. ഇൻഡോറിലെ അനധികൃത ലാബിൽ നിന്നാണ് ഇത് പിടികൂടിയത്. ഫെന്‍റനൈല്‍ എന്നറിയപ്പെടുന്ന അപകടകാരിയായ  ലഹരിവസ്തുവാണ് പിടികൂടിയത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഫെന്‍റനൈല്‍ പിടികൂടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒമ്പത് കിലോ  ഫെന്‍റനൈലാണ് ഇൻഡോറിലെ ലബോറട്ടറിയിൽ നിന്നും ഡി ആർ ഐ പിടികൂടിയത്. ഈ അളവ് കൊണ്ട് വളരെ വേഗം നാൽപത് ലക്ഷം മുതൽ അമ്പത് ലക്ഷം വരെ ആളുകളെ കൊന്നൊടുക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് ഫെന്‍റനൈല്‍ ആണെന്ന് സ്ഥിരീകരിച്ചത്. ഇത് പിടിച്ചെടുത്ത അനധികൃത ലബോറട്ടറി, പ്രദേശത്തെ ഒരുവ്യവസായിയും ‘അമേരിക്കൻ വിദ്വേഷിയായ’ഒരു കെമിസ്റ്റും ചേര്‍ന്നാണ് നടത്തുന്നതെന്നാണ് വിവരം.രാസായുധമായി ഉപയോഗിച്ചാല്‍ നിരവധി ആളുകള്‍ കൂട്ടത്തോടെ കൊല്ലപ്പെടാന്‍ കാരണമാകുന്ന രാസവസ്തുവാണിത്.

സിന്തറ്റിക് രാസവസ്തുവായ ഫെന്‍റനൈലിന്റെ പൊടി ചെറിയ അളവിൽ ശ്വസിച്ചാൽ തന്നെ ജീവന് അപകടമുണ്ടാക്കുമെന്നാണ് ഇത് സംബന്ധിച്ചുളള വിവരം. രണ്ട് മില്ലിഗ്രാം ഫെന്റനൈൽ മനുഷ്യശരീരത്തിലെത്തിയാൽ പോലും മരണകാരണമാകാം. വായുവിലൂടെ വേഗത്തിൽ പടരുകയും മനുഷ്യ ശരീരത്തിലേയ്ക്ക് ശ്വസനം വഴിയോ ത്വക്കിലൂടെയോ കടന്നാൽ അത് മരണകാരണമാകും ലഹരിമരുന്നായ മോർഫിനേക്കാൾ നൂറ് മടങ്ങും ഹെറോയിനേക്കാൾ അമ്പത് മടങ്ങ് അധിക വീര്യമാണ് ഇതിനുളളതെന്നുമാണ് റിപ്പോർട്ട്.

അനസ്‌തേഷ്യ നടത്തുന്നതിനും വേദനാ സംഹാരിയായും നിയന്ത്രിത അളവില്‍, ശാസ്ത്രീയമായ രീതിയിൽ ഫെന്റനൈല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ചില രാഷ്ട്രങ്ങളില്‍ ക്ളാസിഫൈഡ് ഡ്രഗായും ഫെന്റനൈൽ ഉപയോഗിക്കുന്നു.

പരിശീലനം ലഭിച്ച ശാസ്ത്രജ്ഞര്‍ വളരെ മികച്ച ഉന്നത ഗുണനിലവാരമുളള ലബോറട്ടറികളില്‍ മാത്രമേ ഈ രാസവസ്തു നിര്‍മ്മിക്കുകയുളളൂ.
രാസായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിച്ചുളള യുദ്ധമുഖത്തിനെതിരെ പ്രവർത്തിക്കുന്ന പരിശീലനം സിദ്ധിച്ച സയന്റിസ്റ്കളാണ് ഫെന്‍റനൈലാണ് പിടിച്ചെടുത്തതെന്ന് സ്ഥിരീകരിച്ചത്.

മോർഫിനേക്കാൾ നൂറ് മടങ്ങ് വീര്യമുളള ഫെന്‍റനൈലിന്റെ പിടിച്ചെടുത്ത ലഹരിമരുന്നിന് രാജ്യാന്തര വിപണിയില്‍ 110 കോടി വിലമതിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയില്‍ ലഹരി മരുന്ന മാഫിയ മറ്റ് രാസവസ്തുക്കൾക്കൊപ്പം ഗുളിക രൂപത്തിൽ ഫെന്‍റനൈല്‍ കടത്ത് നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയിൽ 2016ല്‍ മാത്രം അമിതമായ ഫെന്‍റനൈല്‍ ഉപയോഗത്തെ തുടര്‍ന്ന് 20,000 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പല വിദേശ രാജ്യങ്ങളിലും ഫെന്‍റനൈല്‍ സുലഭമായി ലഭിക്കുന്നതിന് മാർഗങ്ങളുണ്ട്. . അപ്പാഷെ, ചൈനാ ഗേൾ ചൈനാ ടൗണ്‍ തുടങ്ങിയ പേരുകളിലാണ് ഈ ഗുളികകൾ അറിയപ്പെടുന്നത്.

അടുത്തിടെയായി മെക്സിക്കൻ ലഹരിമരുന്ന് സംഘങ്ങൾ മാരകമായ ലഹരിമരുന്നുകൾ നിർമ്മിക്കുന്നതിനുളള കേന്ദ്രമാക്കി ഇന്ത്യയെ ഉപയോഗിക്കാൻ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ ചൈനയായിരുന്നു ഈ​ സംഘങ്ങളുടെ താവളമായിരുന്നത്.

ഫെന്‍റനൈല്‍ നിര്‍മിക്കുന്നതിനാവശ്യമായ പ്രധാന അസംസ്‌കൃത വസ്തുവായ 4ANPP എന്ന രാസപദാർത്ഥത്തെ കുറിച്ചുളള വിവരം പിന്തുടര്‍ന്നതാണ് ഡി ആർ ഐ ഉദ്യോഗസ്ഥരെ  ഫെന്‍റനൈല്‍ പിടികൂടിയതിലേയ്ക്ക എത്തിച്ചത്. എൻ പി പി എന്ന രാസവസ്തു ഉപയോഗിക്കാമെങ്കിലും അതിൽ​ വളരെയധികം സ്കിൽ ആവശ്യമാണെന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook