സോൾ: ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാമിനെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന യുവതികളിൽ ഒരാളെ പിടികൂടിയതായി റിപ്പോർട്ട്. കൊലപാതകത്തിൽ പങ്കാളികളായ രണ്ടു യുവതികളിൽ ഒരാളെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും മലേഷ്യൻ പൊലീസ് പിടികൂടിയതായാണ് റിപ്പോർട്ടുകൾ.
ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ച് രണ്ടു യുവതികൾ കിം ജോങ് നാമിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ക്വാലലംപുർ വിമാനത്താവളത്തിൽ ഉത്തര കൊറിയയുടെ ചാരസംഘടനയിലെ രണ്ടു യുവതികൾ വിഷസൂചികൾ ഉപയോഗിച്ചു തിങ്കളാഴ്ച നാമിനെ കൊലപ്പെടുത്തിയെന്നാണു ദക്ഷിണ കൊറിയയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിനുശേഷം രണ്ടു യുവതികളും ടാക്സിയിൽ രക്ഷപ്പെട്ടതായും ദക്ഷിണ കൊറിയൻ ടിവി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഉത്തര കൊറിയൻ ഏകാധിപതിയായിരുന്ന അന്തരിച്ച കിം ജോങ് ഇല്ലിന്റെ മൂത്ത മകനാണു കിം ജോങ് നാം. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ എതിർത്തിരുന്നയാളാണ് നാം.