റോം: പീഡനത്തിന് ഇരയായ യുവതിക്ക് പുരുഷത്വം ഉണ്ടെന്ന കാരണം പറഞ്ഞ് പ്രതികളെ ഇറ്റാലിയന്‍ കോടതി വെറുതെ വിട്ടു. പെണ്‍കുട്ടിയെ കാണാന്‍ പുരുഷനെ പോലുണ്ടെന്നും അത്കൊണ്ട് പ്രതികള്‍ പീഡനത്തിന് ഇരയാക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ഇറ്റലിയിലെ അപ്പീല്‍ കോടതി രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയത്. മൂന്ന് വനിതാ ജഡ്ജിമാരാണ് ഈ പാനലിലുളളത്. കോടതി വിധിക്കെതിരെ ആയിരക്കണക്കിന് പേര്‍ അഡ്രിയാട്ടിക് കോസ്റ്റില്‍ പ്രതിഷേധം നടത്തി.

വിവാദമായതോടെ ഉന്നത കോടതി വിധി റദ്ദാക്കി. 2015ലാണ് 22കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയായിരുന്നു പീഡനം. അന്ന് പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികളെ 2016ല്‍ പിടികൂടിയിരുന്നു. എന്നാല്‍ അന്‍കോന അപ്പീല്‍ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

പീഡന ഇര ‘നന്നായി മസിലുളള’ ആളാണെന്നും പീഡിപ്പിക്കാന്‍ കഴിയില്ലെന്നും വാദിച്ച പ്രതിഭാഗത്തിന്റെ വാദം വനിതാ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ട് തങ്ങള്‍ക്ക് അത് ബോധ്യമായി എന്നാണ് കോടതി വിധിയില്‍ പറയുന്നത്. കൂടാതെ കൂട്ടത്തില്‍ ഒരാള്‍ക്ക് ‘പെണ്‍കുട്ടിയെ ഇഷ്ടമല്ലെന്നും വെറുപ്പാണെന്നും’ വിധിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കോടതി വിധി അറപ്പുളവാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ചിത്രം കണ്ട് അവളുടെ രൂപം മോശമാണെന്ന് കോടതി നിരീക്ഷിച്ചതായും അഭിഭാഷകന്‍ പറഞ്ഞു. കേസ് ഇറ്റാലിയന്‍ സുപ്രിംതോടതി പുനപരിശോധിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ