ഗോരഖ്പൂർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിൽ ഐപിഎസ് ഓഫിസറെ ബിജെപി എംഎൽഎ പരസ്യമായി ശാസിച്ചത് വിവാദമാകുന്നു. എംഎൽഎ രാധ മോഹൻ അഗർവാളാണ് ഐപിഎസ് ഓഫിസർ ചാരു നിഗമിനെ പരസ്യമായി അപമാനിച്ചത്. എംഎൽഎയുടെ പരസ്യ ശാസനയെത്തുടർന്ന് ഐപിഎസ് ഓഫിസർ കരയുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

കൊയിൽഹ്‌വ വില്ലേജിനു സമീപത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യശാലയ്ക്ക് എതിരെ ഒരു കൂട്ടം സ്ത്രീകൾ പ്രതിഷേധം നടത്തി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്കുനേരെ ലാത്തിച്ചാർജ് നടത്തി. ഇതിൽ ചില സ്ത്രീകൾക്ക് പരുക്കേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി എംഎൽഎ ഐപിഎസ് ഓഫിസർ ചാരു നിഗവുമായി ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ ചാരു നിഗം ശ്രമിച്ചെങ്കിലും ബിജെപി എംഎൽഎ കേൾക്കാൻ തയാറായില്ല. ”എനിക്ക് നിങ്ങളോട് സംസാരിക്കേണ്ട. എന്നോട് നിങ്ങൾ ഒന്നും പറയാനും ശ്രമിക്കേണ്ട. മിണ്ടാതിരിക്കുക” എന്നു പറഞ്ഞ് ബിജെപി എംഎൽഎ ചാരുവിനോട് ദേഷ്യപ്പെട്ടു. ഒടുവിൽ മറ്റൊരു സീനിയർ പൊലീസ് ഉഗ്യോഗസ്ഥൻ സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ