അലാഹാബാദ്: മാധ്യമങ്ങളുടെ ഇടപെടലോടെ പോലീസ് സംരക്ഷണം ലഭിച്ചതിനാല്‍ താനും ഭര്‍ത്താവും സുരക്ഷിതരാണെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയുടെ മകള്‍. ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് കുടുംബാംഗങ്ങള്‍ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച ബറേലി എംഎല്‍എ രജേഷ് മിശ്രയുടെ മകള്‍ സാക്ഷിയാണ് താന്‍ ഇപ്പോള്‍ സുരക്ഷിതയാണെന്ന് അറിയിച്ചത്. തനിക്ക് സുരക്ഷ നല്‍കാമെന്ന് പോലീസ് അറിയിച്ചതായി സാക്ഷി പറഞ്ഞു.

‘എനിക്ക് ഇപ്പോള്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ജില്ലാ പോലീസ് മേധാവിയെ ആദ്യം കണ്ടപ്പോള്‍ അദ്ദേഹം ശരിയായ പ്രതികരണമല്ല നടത്തിയത്. പിന്നീട് മാധ്യമങ്ങള്‍ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ സുരക്ഷ നല്‍കാന്‍ പോലീസ് തയാറാവുകയായിരുന്നു. തങ്ങള്‍ക്ക് ഇപ്പോള്‍ ഭയമില്ല, സുരക്ഷിതത്വം തോന്നുന്നു,’ സാക്ഷി പറഞ്ഞു.

Read More: ദലിത് യുവാവിനെ വിവാഹം ചെയ്തു; പിതാവ് കൊല്ലാന്‍ ശ്രമിക്കുന്നതായി ബിജെപി എംഎല്‍എയുടെ മകള്‍

നേരത്തെ മകള്‍ക്കെതിരായ വധഭീഷണി രജേഷ് മിശ്ര നിഷേധിച്ചിരുന്നു. ദളിത് വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്തതുകൊണ്ടല്ല എതിര്‍പ്പുണ്ടായതെന്നും യുവാവിന്റെ താഴ്ന്ന വരുമാനവും പ്രായവ്യത്യാസവുമായിരുന്നു എതിര്‍പ്പിന് കാരണമെന്നുമായിരുന്നു രാജേഷ് മിശ്രയുടെ പ്രതികരണം. എന്നാല്‍ സാക്ഷി ഇത് നിഷേധിച്ചു.

താന്‍ ആ വീട്ടിലാണ് ജീവിച്ചത്. അവര്‍ ജാതി വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരാണ്. തന്റെ സ്വന്തം ജാതിയില്‍പ്പെട്ട ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നെങ്കില്‍പോലും അവര്‍ ആ ബന്ധത്തെയും അംഗീകരിക്കുമായിരുന്നില്ല. രാജേഷ് മിശ്രയെ വിളിച്ച് സംസാരിക്കാനും അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടാനും പ്രധാനമന്ത്രിയോട് താന്‍ അഭ്യര്‍ഥിക്കുകയാണെന്നും സാക്ഷി പറഞ്ഞു.

പിതാവിൽ നിന്നും സഹോദരനിൽ നിന്നും ഭീഷണിയുള്ളതായി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സാക്ഷി ആദ്യമായി പുറംലോകത്തെ അറിയിച്ച്. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് വീഡിയോയില്‍ സാക്ഷി പിതാവിനോട് പറയുന്നുണ്ട്. തന്റെ ഭര്‍ത്താവിനോ തനിക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി പിതാവും സഹോദരനും ഇവരുടെ ഗുണ്ടകളും ആയിരിക്കുമെന്ന് സാക്ഷി പറയുന്നു. ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചാല്‍ പിതാവിനെ അഴിക്കുളളിലാക്കുമെന്നും സാക്ഷി വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook