/indian-express-malayalam/media/media_files/uploads/2017/09/mathew-ramdas-fi.jpg)
വയനാട്ടിലെ നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ മാത്യുവിന് അധ്യാപനത്തോളം പ്രിയപ്പെട്ടതാണ് കൃഷിയും. മണ്ണും വെള്ളവും വായും കീഴടക്കിയ രാസവള, കീടനാശിനി പ്രയോഗങ്ങളോട് കൃഷി രീതികളോട് വിട പറഞ്ഞാണ് മാത്യുവിന്രെ ശൈലി, ചെലവില്ലാ കൃഷിയുടെ പ്രചാരകനാവുന്ന മാത്യു അയല്‍ സംസ്ഥാനമായ ഗുണ്ടല്‍പേട്ടയില്‍ സൃഷ്ടിച്ചതൊരു അനുകരണീയ മാതൃക.
അമിതമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്ന ഗുണ്ടല്‍പേട്ടയിലെ കൃഷിയിടങ്ങളില്‍ മാത്യുവിന്റെ പച്ചക്കറി തോട്ടം വേറിട്ടു നില്‍ക്കുന്നു. രാസവളങ്ങളോ കീടനാശിനിയോ ഉപയോഗിക്കാതെ ഗുണമേന്മയുള്ള ഭക്ഷ്യവിളകള്‍ ഉത്പാദിപ്പിക്കാനാവുമെന്ന് മാത്യു പറയുന്നു. കര്‍ണാടക-ചാമരാജ് നഗര്‍ ജില്ലയിലെ നാഗപട്ടണത്തെ ചിഞ്ചയ്യയുടെ തോട്ടം ഇതിന് ഉദാഹരണമായി മാത്യു കാണിക്കുന്നു.
മലയാളികളുടെ തീന്‍മേശകളില്‍ വിളമ്പുന്ന ഭക്ഷ്യവിഭവങ്ങളുടെ ഉറവിടം തേടിയുള്ള അന്വേഷണം ഉള്‍നാടന്‍ കര്‍ണാടക ഗ്രാമമായ നാഗപട്ടണത്താണെത്തിയത്. ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിനോടടുത്താണ് ഈ ഗ്രാമം. സിനിമാ പ്രവര്‍ത്തകരുടെ പ്രിയ താവളം കൂടിയാണിത്. നിരവധി ചലിച്ചിത്രങ്ങളുടെ ഗാനരംഗങ്ങളുള്‍പ്പടെയുളള ചിത്രീകരണം ഇവിടെ നടന്നിട്ടുണ്ട്. പൊതുവേ വരണ്ട കാലാവസ്ഥയുള്ള കാവേരി തടമാണിത്. വയനാട്ടില്‍ പെയ്യുന്ന മഴയെ ആശ്രയിച്ചാണ് ഒരു പരിധിവരെ ഇവരുടെ കൃഷി.
പരമ്പരാഗത വിളകള്‍ പോലും നട്ടാല്‍ കുരുക്കാതായ വയനാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ പ്രധാന താവളം കൂടിയാണിത്. പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍ രാസവളവും കീടനാശിനികളും പ്രയോഗിച്ച് അമിത വിളവെടുക്കുന്ന സ്ഥലം. മലയാളികളായ നിരവധിപേര്‍ക്ക് ഇവിടെ ഫാംഹൗസുകളും തോട്ടങ്ങളും ഉണ്ട്.
/indian-express-malayalam/media/media_files/uploads/2017/09/mathew-ramdas-veg.jpg)
അത്യുല്പാദനശേഷിയുള്ള വിത്തുകളും ആധുനിക യന്ത്രങ്ങളും ഉപയോഗിച്ചാണിവിടെ കൃഷി. വിത്തു തിരഞ്ഞെടുക്കലും നിലമൊരുക്കലിനുമൊപ്പം വളപ്രയോഗവും നിര്‍ദ്ദേശിക്കുന്നതു കാര്‍ഷിക ബിരുദധാരികളായ കൃഷി ഓഫീസര്‍മാരാണ്. വളപ്രയോഗവും കീടനാശിനി തളിക്കലും തീരുമാനിക്കുന്നതിവരാണ്. പൂര്‍ണമായും ഭൂഗര്‍ഭ ജലം ചൂഷണം ചെയ്താണ് കൃഷി. ഓരോ ഹെക്ടര്‍ കൃഷി സ്ഥലത്തും ഒന്നും രണ്ടും കുഴല്‍ക്കിണറുണ്ട്. ജലസേചനത്തിന് സ്പ്രിംഗ്ലര്‍ സംവിധാനം മിക്കവര്‍ക്കുമുണ്ട്. ഭൂഉടമകളാണ് മിക്ക കൃഷിയിടങ്ങളിലെയും തൊഴിലാളികള്‍. വാര്‍ഷിക പാട്ടവും കൂലിയും ലഭിക്കുന്ന ഇവര്‍ സന്തുഷ്ടരാണ്.
അമിതമായ കീട, കള നാശിനികളടുയെും രാസവളങ്ങളുടെയം പ്രയോഗത്തിലൂടെ സൃഷ്ടിക്കപ്പെട്ട കൃഷിയുടെ ദുരന്തം വയനാട് കടന്ന് അയല്‍ നാട്ടിലുമെത്തിയിട്ടുണ്ട്. കേരളീയര്‍ തന്നെയാണ് അതിനും നിമിത്തമായത്. രൂക്ഷമായ പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്ന ഈ സങ്കീര്‍ണ സാഹചര്യത്തിലാണ് മാത്യു എന്ന അധ്യാപകന്‍ സീറോ ബജറ്റ് ഫാമിംഗ് എന്ന ചെലവില്ലാകൃഷി ഇവിടെ അവതരിപ്പിച്ചത്.
മാത്യുവിന്ര ചെലവില്ലാകൃഷി ഫാം വിഡിയോ
സമ്മിശ്ര കൃഷിയിടമാണ് ചിഞ്ചയ്യയുടെ ഭൂമിയില്‍ മാത്യു ഒരുക്കിയത്. തക്കാളി, പയറുകള്‍, ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, കോളി ഫ്ലവർ, വാഴ, ബീറ്റ്റ്റൂട്ട്, ഇഞ്ചി, പപ്പായ തുടങ്ങിയ ഏതാണ്ടെല്ലാ പച്ചക്കറികളും ഈ തോട്ടത്തിലുണ്ട്.
'കൃഷിയിറക്കാന്‍ തുടങ്ങിയതു മുതല്‍ ഈ കൃഷിയിടത്തില്‍ രാസവളം ഉപയോഗിച്ചിട്ടില്ല. കീടനാശിനി പ്രയോഗിച്ചിട്ടില്ല. ജൈവവളവും മണ്ണില്‍ തൊട്ടിട്ടില്ല'. സുബാഷ് പലേക്കറുടെ കൃഷിശൈലി പിന്തുടരാനാഗ്രഹിക്കുന്ന മാത്യു പറഞ്ഞു. 'രാസവളമുപയോഗിച്ചില്ലെങ്കില്‍ വിളവുണ്ടാവില്ലെന്നത് പച്ചക്കള്ളമാണ്. മണ്ണ് ദുഷിച്ചയിടത്തു മാത്രമേ കീടങ്ങളുണ്ടാവൂ. ഈ കൃഷിയിടത്തില്‍ രണ്ടു നാടന്‍ പശുക്കളുണ്ട്. ഇവയുടെ മൂത്രവും ചാണകവും ശേഖരിച്ച് ജീവാമൃതമുണ്ടാക്കും. വളവും കീടനാശിനികളുമെല്ലാം ഇതാണ്. ഈ പശുക്കളെ ചിലപ്പോൾ നിലമുഴുകാനും ഉപയോഗിക്കും. ചിഞ്ചയ്യയുടെ ഭൂമിയാണിത്. അദ്ദേഹവും മക്കളുമാണ് ഇവിടെ ജോലി ചെയ്യുന്നത്. സമീപത്തുള്ളവരെല്ലാം ഈ കൃഷി രീതിയെ തള്ളിപ്പറഞ്ഞവരാണ്. നിരുത്സാഹപ്പെടുത്തിയവരാണ്. എന്നാല്‍ ചിഞ്ചയ്യയ്ക്കിപ്പോള്‍ ആത്മവിശ്വാസം കൈവന്നിരിക്കുന്നു. വരുമാനം നഷ്ടപ്പെടില്ലെന്ന് ഉറപ്പുണ്ട്. ഒരു ക്വിന്റല്‍ ചെറിയ ഉള്ളി നട്ടപ്പോള്‍ പതിനെട്ടു മേനി വിളവുകിട്ടി. തക്കാളിയും നന്നായി വിളഞ്ഞു. കിലോയക്ക് പത്തു രൂപ കിട്ടിയാല്‍ തക്കാളിക്കൃഷി ലാഭമാണ്. ഒന്നരകിലോയുള്ള കാബേജ് ഈ തോട്ടത്തിലുണ്ടായി. ശീതകാല വിളകളൊക്കെ ദിവസങ്ങളോളം കേടുകൂടാതെയിരിക്കുമെന്ന് തെളിഞ്ഞുകഴിഞ്ഞു'. മാത്യു അവകാശപ്പെട്ടു.
'ജീവാമൃതം ഉപയോഗിച്ചതോടെ മണ്ണിലെ സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചു. തണുപ്പും ഈര്‍പ്പവും നിലനിര്‍ത്താനായാല്‍ മണ്ണില്‍ സൂക്ഷ്മാണുക്കളും നൈട്രജന്‍ ശേഖരവും സൃഷ്ടിക്കപ്പെടും. നമ്മുടെ വനം തന്നെയാണിതിന്റെ കൃത്യമായ ഉദാഹരണം. പച്ചക്കറികള്‍ക്ക് ഇപ്പോള്‍ ഒരു ഓര്‍ഗാനിക് വിപണി ഉണ്ട്. ജൈവ ഭക്ഷ്യഉല്പന്നങ്ങള്‍ക്ക് വിലകൂടുതല്‍ ലഭിക്കുന്നുണ്ട്. ഞങ്ങളുടെ ഉത്പന്നങ്ങളില്‍ 70 ശതമാനവും ഓര്‍ഗാനിക് മാര്‍ക്കറ്റിലാണ് വില്‍ക്കുന്നത്. ലാഭം മാത്രമല്ല ലക്ഷ്യം. കൃഷിയുടെ ഒരു നൂതന സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാനാണ് ശ്രമം. ഇത് പ്രചരിപ്പിക്കാനുദ്ദേശിക്കുന്നത്'. മാത്യു പറഞ്ഞു.
മാത്യുവിന്റെ കൃഷിയിടത്തിന് മൂന്നു തട്ടുകളുണ്ട്. തക്കാളിയും പയറും ഒരു വിഭാഗം. കിഴങ്ങുകള്‍ മറ്റൊന്നു. വാഴയും പപ്പായയും ഉയര്‍ന്നു നില്‍ക്കുന്നു. ഫലവൃക്ഷതൈകള്‍ നട്ടിട്ടുണ്ട്. അഞ്ചുകൊല്ലത്തിനകം ഒരു മാതൃക കൃഷിയിടമായി വളര്‍ത്തിയെടുത്തു വിമര്‍ശകരെ അമ്പരിപ്പിക്കാനാണ് ഈ അദ്ധ്യാപകന്‍ ലക്ഷ്യമിടുന്നത്.
കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്നു തോന്നുമെങ്കിലും മാത്യുവിന്റെ ഈ കൃഷിയിടം മുന്നിലുണ്ട്. വരണ്ട ഭൂമിയില്‍ ചിലയിടങ്ങളില്‍ ,ഉറവയാണെന്ന് തോന്നുന്ന രീതിയില്‍ ചതുപ്പു രൂപപ്പെട്ടുവരുന്നുണ്ട്. മാത്യു ഞങ്ങള്‍ക്ക് നല്‍കിയ ദിവസങ്ങളോളം കേടുകൂടാതിരുന്ന കാബേജ് തന്നെയാണ് മാത്യുവിന്റെ അവകാശവാദത്തിന് പിന്‍ബലം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.