/indian-express-malayalam/media/media_files/2025/06/04/environment-day-feature-1-766088.jpg)
ചിത്രീകരണം : വിഷ്ണു റാം
ജൂണ്‍ അഞ്ച്, ലോക പരിസ്ഥിതി ദിനം.
അടുത്തിടെ കാറില്‍ സഞ്ചരിക്കവേ, റേഡിയോ മാംഗോയിലൂടെ ഒരറിയിപ്പ് കേട്ടു- സോഷ്യല്‍ ഫോറെസ്ട്രി വകുപ്പ്, ഈ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തെകള്‍ വിതരണം ചെയ്യുന്നില്ല. കാരണം ഫണ്ടില്ല എന്നത് തന്നെ.
വിതരണം ചെയ്ത ഒട്ടനവധി തൈകളും നടാതെ നശിച്ചു പോയി എന്നും ആ ബ്രോഡ്കാസ്റ്റിലുണ്ടായിരുന്നു. ഇനി അഥവാ, മുന്‍ വര്‍ഷങ്ങളില്‍ വൃക്ഷത്തൈകള്‍ വാങ്ങികൊണ്ട് പോയതിലാരെങ്കിലുമൊക്കെ അവ നട്ട് പരിപാലിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ ഫോട്ടോയെടുത്ത് സോഷ്യല്‍ ഫോറെസ്ട്രി വകുപ്പിന് അയച്ചു കൊടുക്കണം എന്ന നിര്‍ദ്ദേശം കൂടി ഫോണ്‍ നമ്പര്‍ സഹിതം ആര്‍ ജെ നീന പറയുന്നുണ്ടായിരുന്നു.
ഈ അറിയിപ്പ് കേട്ടപ്പോള്‍ കോളേജ് കാലത്തിലെ ചില പരിസ്ഥിതി ദിനങ്ങളുടെ ഓര്‍മ്മകള്‍ മനസിലേക്ക് വന്നു. അന്ന്, ഞങ്ങളുടെ കലണ്ടറില്‍ ജൂണ്‍ അഞ്ച് വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ മഹാരാജാസ് കോളേജിലെ ഒരു ചെറിയ സംഘം. മഹാരാജാസ് കോളേജ് നേച്ചര്‍ ക്ലബ് എന്നായിരുന്നു അതിന് പേര്.
മിക്ക വര്‍ഷങ്ങളിലും വൃക്ഷത്തെകള്‍ നടല്‍ പതിവായിരുന്നു. അത് ഇന്നത്തെപ്പോലെ ജൂണ്‍ അഞ്ചില്‍ തുടങ്ങി അന്നു തന്നെ അവസാനിക്കുന്ന ഒരു വെറും ചടങ്ങല്ലായിരുന്നു ഞങ്ങള്‍ക്ക്. മിക്കവാറും തന്നെ, കാലവര്‍ഷവും തുലാവര്‍ഷവും കഴിഞ്ഞേ ആ പരിപാടി അവസാനിക്കാറുണ്ടായിരുന്നുള്ളു.
അങ്ങനെ ഓരോ മഴക്കാലത്തും കൊച്ചിനഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞങ്ങള്‍ വൃക്ഷത്തെകള്‍ നട്ടു. അവ പലതും അല്പമൊക്കെ വളര്‍ന്നെങ്കിലും കന്നുകാലികള്‍ തിന്നുകയോ കരിഞ്ഞു പോവുകയോ ചെയ്ത് നാമാവശേഷമായി. അതിജീവിച്ച ചിലതാവട്ടെ, സാമൂഹ്യ വനവല്കരണം ഒട്ടുമേ ഇഷ്ടമല്ലാത്ത സാമൂഹ്യ വിരുദ്ധര്‍ പിഴുതു കളഞ്ഞു. അവശേഷിച്ചവയാവട്ടെ, വൃക്ഷങ്ങള്‍ വളര്‍ന്നു വന്നാല്‍ തങ്ങളുടെ സൈന്‍ബോര്‍ഡുകള്‍ മറച്ചാലോ കസ്റ്റമേഴ്‌സിന്റെയും തങ്ങളുടെയുമൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതായാലോ എന്നെല്ലാമുള്ള ദീർഘവീക്ഷണാടിസ്ഥാനത്തിലുള്ള വേവലാതികളുടെ ബാക്കിയായി പല കച്ചവടക്കാരും പിഴുതുകളഞ്ഞു.
തൈകള്‍ ഇങ്ങനെ ചുമ്മാ നട്ടാല്‍ പോരാ, എന്ന് വെളിപാടുണ്ടായതിനെത്തുടര്‍ന്നു സംരക്ഷണത്തിനായി ട്രീ ഗാര്‍ഡുകള്‍ വേണം എന്ന് കോര്‍പ്പറേഷനോട് അഭ്യര്‍ഥനകള്‍ പതിവായി. അങ്ങിനെ പലസ്ഥലത്തും കോര്‍പ്പറേഷന്‍ വക കവചങ്ങള്‍ക്ക് ഉള്ളില്‍ വൃക്ഷത്തൈകള്‍ വളരുന്ന സ്ഥിതിയായി.
നട്ട വൃക്ഷത്തെകളില്‍ കൂടുതലും സര്‍വൈവ് ചെയ്തത് വെല്ലിങ്ടണ്‍ ഐലന്റിലും, ഗാന്ധിനഗറിലും ചാത്യാത്ത് റോഡിലുമാണ്. ഇതിനെല്ലാം വഴി തെളിച്ച് ഒപ്പം നിന്നത് ഇംഗ്‌ളീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. ബി സുജാതദേവിയാണ്. ടീച്ചറുടെ മക്കളായ സഞ്ജു, ഉണ്ണി, കണ്ണന്‍ എന്നിവരും ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നു. ഗോപാലകൃഷ്ണന്‍ എന്ന ഗോപാല്‍ജി, ഗോപന്‍ ചിദംബരന്‍, കെ ശബരിനാഥ്, കാര്‍ത്തിക സുകുമാരന്‍, സവിത ഭട്ട്, മഹേഷ് നായര്‍ എന്നിവരായിരുന്നു നേച്ചര്‍ ക്‌ളബ് സംഘത്തിലെ പ്രധാനികള്‍.
വൃക്ഷത്തൈകള്‍ നടല്‍ മാത്രമായിരുന്നില്ല ഈ സംഘത്തിന്റെ പ്രവര്‍ത്തനം. ജൂണ്‍ അഞ്ചിനു ബോധവല്‍കരണം, ക്വിസ്-ഉപന്യാസ മത്സരം എന്നിവ, മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംഘടിപ്പിക്കലും പതിവായിരുന്നു. ഒരു വര്‍ഷം മീനാമാത ദുരന്തത്തെ കുറിച്ച് ഒരു ലഘു നാടകവും അവതിരിപ്പിച്ചു.
ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലെ ചില മരങ്ങള്‍ വെട്ടിനീക്കാനുള്ള ഗോൾഫ് ക്ലബ് നീക്കമറിഞ്ഞപ്പോഴും നേച്ചർ ക്ലബ് അതിൽ ഇടപെട്ടു. ആയിടെ കൊച്ചി സന്ദർശനത്തിനെത്തിയ പക്ഷിശാസ്ത്രജ്ഞന്‍ ഡോ. സലിം അലിയെയും കൂട്ടി ടീച്ചറും ഞങ്ങളും ബോൾഗാട്ടിയിലെത്തി. അവിടുത്തെ പച്ചപ്പിനെകുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ പത്രങ്ങളിൽ വന്നതോടെ, ഗോൾഫ് ക്ലബ് അധികാരികൾ മരംമുറിക്കൽ പദ്ധതിയിൽ നിന്ന് പിന്മാറി.
സുഭാഷ് പാര്‍ക്കില്‍ കൊച്ചിന്‍ ഫ്‌ളവര്‍ ഷോ നടക്കുമ്പോള്‍, അതിന് എതിര്‍വശത്ത് മഹാരാജാസ് കോളേജിന്റെ കമ്പി വേലിയില്‍ ജലം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെയും മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുമെല്ലാം വലിയ പോസ്റ്റര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ടി കെ വില്‍സന്റെയും ബാലചന്ദ്രന്റെയും നേതൃത്വത്തില്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ നിന്ന് ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് അന്ന് പോസ്റ്ററുകള്‍ തയ്യാറാക്കിയിരുന്നത്. ലോ കോളേജില്‍ നിന്ന് ഫിലിപ്പ് ടി വര്‍ഗിസും, സെയ്ന്‍റ് ആല്‍ബെര്‍ട്ടസ് കോളേജില്‍ നിന്ന് സുൾഫിക്കറുമൊക്കെ സജീവ പങ്കാളികളായതോടെ സംഘത്തിൻ്റെ വേരുകൾക്ക് നീളം വച്ചു.
വൃക്ഷത്തൈകള്‍ നടലിനുമപ്പുറം നഗരത്തിലെ തണല്‍ മരങ്ങള്‍ സംരക്ഷിക്കാനും ഈ "വൃക്ഷ സ്‌നേഹി" സംഘം ശ്രമിച്ചിരുന്നു. കൊച്ചി നഗരത്തിന്റെ ജീവനാഡിയായ എം ജി റോഡിനു വീതി കൂട്ടാന്‍ വേണ്ടി പാതയോരത്തെ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പദ്ധതിയുണ്ടെന്നറിഞ്ഞപ്പോള്‍ ആ വിഷയത്തില്‍ ഇടപെടാന്‍ നേച്ചര്‍ ക്ലബ് തിരുമാനിച്ചു. കൊച്ചി നഗരസഭയുടെ തിരഞ്ഞെടുത്ത കൗൺസിലിൻ്റെ കാലാവധി 1980കളുടെ മദ്ധ്യത്തോടെ കഴിഞ്ഞിരുന്നു. തത്ഫലമായി നഗരസഭ ഉദ്യോഗസ്ഥ ഭരണത്തിന്‍ കീഴിലായിരുന്നു. എറണാകുളം ജില്ലാ കലക്ടര്‍ ആയിരുന്ന വി രാജഗോപാലന്‍ ഐ എ എസ് നായിരുന്നു അന്ന് മേയറുടെ ചുമതല (1986-'87). ഏലിയാസ് ജോര്‍ജ് ഐ എ എസ് ആയിരുന്നു അന്നത്തെ കോര്‍പ്പറേഷന്‍ കമ്മിഷണര്‍.
നേച്ചര്‍ ക്ലബ്, നിവേദനം കൊടുത്തതിനെത്തുടര്‍ന്ന് വളരെ കുറച്ചു മരങ്ങളേ മുറിക്കുന്നുള്ളൂ എന്നു ഞങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരു ഉദ്യോഗസ്ഥനെ അവര്‍ ചുമതലപ്പെടുത്തി. വൈകാതെ, അദ്ദഹം ഞങ്ങളെയും കൂട്ടി എം ജി റോഡില്‍ ഏതൊക്കെ മരങ്ങളാണ് മുറിക്കാന്‍ ആലോചിക്കുന്നത് എന്ന് കാണിച്ചുതരാനെത്തി. ആ ചൂണ്ടിക്കാണിക്കലിലൊന്നും അത്ര കൃത്യത പോര എന്നു തോന്നിയതിനാല്‍ ഞങ്ങള്‍ എം ജി റോഡിലെ മരങ്ങളുടെ ഒരു മാപ് തന്നെയുണ്ടാക്കി.
ഇതേത്തുടര്‍ന്ന് ഒരു യോഗം വിളിച്ചു. എംജി റോഡിൽ ജോസ് ജംഗ്ഷൻ മുതൽ മാധവ ഫാർമസി വരെ മുറിച്ചു മാറ്റുവാൻ കോർപ്പറേഷൻ ഉദ്യോഗസ്ഥൻലിസ്റ്റ് ചെയ്തിരുന്ന തണൽ മരങ്ങളേക്കാൾ കൂടുതൽ മരങ്ങൾ അവർ അവതരിപ്പിച്ച കണക്കിൽ ഉൾപ്പെട്ടിരുന്നു എന്ന് കണ്ട് അവയൊന്നും മുറിക്കാന്‍ സമ്മതിക്കില്ല എന്ന കടുത്ത എതിര്‍പ്പിലായി ഞങ്ങള്‍. ചര്‍ച്ച വഴിമുട്ടി. നഗരസഭാ നേതൃത്വം, ഞങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് മഹാരാജാസ് കോളേജ് നേച്ചര്‍ ക്ലബ് യോഗത്തില്‍ നിന്നിറങ്ങിപ്പോയി.
മഹാരാജാസ് കോളേജ് നേച്ചര്‍ ക്ലബുകാര്‍ ഒന്നടങ്കം അങ്ങനെ ഇറങ്ങിപ്പോകുന്നതിനിടെ കമ്മിഷണര്‍ ഏലിയാസ് ജോര്‍ജ്, സുജാത ടീച്ചറെ "പ്രൊഫസര്‍, ഒരു മിനിറ്റ്..." എന്ന് പറഞ്ഞു പുറകെ ചെന്ന് വിളിച്ചതും, താൻ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം പറഞ്ഞതും ടീച്ചര്‍ സ്‌നേഹത്തോടെ ആശംസകള്‍ പറഞ്ഞതും, ഭരണനേതൃത്വത്തിലെ അഭിപ്രായവത്യാസങ്ങളും പരസ്പരബഹുമാനവും തമ്മില്‍ ഇഴ ചേര്‍ക്കേണ്ടതില്ല എന്ന് പറയാതെ പറഞ്ഞുതരുന്ന ഒരു ഏടായി ഞങ്ങള്‍ക്ക്.
നഗരത്തിലെ വിവിധ കോളേജുകളില്‍ പഠിക്കുന്നവരെയും മറ്റ് സുഹൃത്തുക്കളെയും കൂടി ഉള്‍പ്പെടുത്തി ഒരു ബീഹൈവ് നേച്ചര്‍ ആക്ഷന്‍ ഗ്രൂപ്പും ഇതിനകം ഞങ്ങള്‍ രൂപീകരിച്ചിരുന്നു. മഹാരാജാസ് കോളേജ് നേച്ചര്‍ ക്ലബ്, കോളേജിലെ പച്ചപ്പും പ്രകൃതിസംരക്ഷണവുമായി ഒതുങ്ങിക്കൂടിയാല്‍പ്പോരേ, ഇൻഡ്യൻ റെയർ എർത്ത്സും ഫാക്ടും പോലുള്ള സ്ഥാപനങ്ങൾ ഉയർത്തുന്ന പരിസ്ഥിതി വിഷയങ്ങളില്‍ തലയിടുന്നതും കൈകടത്തുന്നതും എന്തിനാണ് എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് ബീഹൈവിനെ ഞങ്ങള്‍ ഒരുക്കൂട്ടിയത്.
ആ യോഗത്തില്‍ ഞാന്‍ പങ്കെടുത്തത് ബീഹൈവിനെ പ്രതിനിധീകരിച്ചായിരുന്നു. എന്തായാലും നിങ്ങള്‍ ഈ തണല്‍ മരങ്ങള്‍ വെട്ടാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇവ മറ്റെങ്ങോട്ടെങ്കിലും മാറ്റി സ്ഥാപിക്കുന്ന കാര്യം ആലോചിച്ചുകൂടെ എന്നൊരാശയം ബീഹൈവ് മുന്നോട്ടു വെച്ചു. രാജഗോപാലന്‍ സര്‍ ഉടനെ പറഞ്ഞു "അതിന്റെ നോ ഹൌ ഉണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും ആലോചിക്കാവുന്നതാണ്."
കാര്‍ഷിക കോളേജില്‍ അതിന് പറ്റിയ വിദഗ്ധര്‍ ഉണ്ടെന്നും അവരെ കണ്ടുപിടിക്കാമെന്നും പറഞ്ഞു യോഗം പിരിഞ്ഞു. വൃക്ഷങ്ങള്‍ റീലൊക്കേറ്റ് ചെയ്യാമെന്ന ആശയം ബീഹൈവിന് കിട്ടിയത്, കൊല്‍ക്കത്തയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ വർഷങ്ങൾ പഴക്കമുള്ള കൂറ്റന്‍ മരം കടപുഴകി വീണപ്പോൾ ട്രാൻസ്‌ലോക്കേറ്റ് ചെയ്ത് അതിനെ സംരക്ഷിക്കാനായി എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്.
ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, ഒരു രാത്രിയില്‍ ജ്യൂവല്‍ ജംങ്ഷനിലെ മരങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ വെട്ടാന്‍ തുടങ്ങി. അന്ന് ഇന്നത്തെ പോലെ ചെയിന്‍ സോ ഒന്നുമല്ല മഴുവാണ് ആയുധം. കേട്ടറിഞ്ഞ് ഞങ്ങളില്‍ ചിലര്‍ ഓടിയെത്തുകയും മരംമുറിക്കൽ തടയാന്‍ നോക്കുകയും ചെയ്തു. പത്രമാഫീസുകളില്‍ വിവരം അറിയിച്ചു. ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ എത്തി പടമൊക്കെ എടുത്തു. പിറ്റേന്നത്തെ പത്രത്തില്‍ വലിയ വാര്‍ത്തയായി. കോര്‍പ്പറേഷന്‍, പരിസ്ഥിതി പ്രവര്‍ത്തകരുമായി ഉണ്ടാക്കിയ ധാരണ ലംഘിക്കപ്പെടുകയാണുണ്ടായത് എന്ന് മനസ്സിലാക്കിയ മാതൃഭൂമിയുടെ അന്നത്തെ ഡെപ്യൂട്ടി എഡിറ്റര്‍ കെ പി വിജയന്‍ 'കോടാലിരാമന്മാരെ നിലക്ക് നിര്‍ത്തണം' എന്ന് തലക്കെട്ടിൽ എഡിറ്റോറിയല്‍ എഴുതി.
എന്നിട്ടും കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നുള്ള യോഗം കൂടലോ ചര്‍ച്ചകളോ ഒന്നും ഉണ്ടായില്ല. കാര്‍ഷിക കോളേജില്‍ നിന്ന് വിദഗ്ധരാരും വന്നതുമില്ല. മരങ്ങള്‍ റീ ലൊക്കേറ്റ് ചെയ്യുക എന്ന ഞങ്ങളുടെ ആശയം പക്ഷേ നടപ്പാക്കപ്പെട്ടു. വെറും പ്രാകൃതനിലയിലാണെന്നുമാത്രം. ഫുട്‌പാത്തിലെ തണല്‍മരങ്ങളുടെ ചില്ലകളെല്ലാം നിര്‍ദ്ദാക്ഷിണ്യം വെട്ടിമാറ്റി, ചുവട് ഇളക്കി, ക്രെയിന്‍ കൊണ്ട് പൊക്കി മരങ്ങളേ ഇല്ലാതിരുന്ന ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനു ചുറ്റും വെറുമൊരു ചടങ്ങുപോലെ നിര്‍മമതയോടെ നടുമ്പോള്‍, വെറും തായ്ത്തടിമാത്രമായ അവയൊന്നും മുളച്ചുവരില്ല എന്നായിരുന്നിരിക്കാം ഉദ്യോഗസ്ഥ ബോദ്ധ്യം. ബാക്കി വന്നവ സുഭാഷ് പാര്‍ക്കിലും ഇടംപിടിച്ചു. കുറച്ചു കാലമെടുത്തെങ്കിലും ആ വൃക്ഷങ്ങള്‍ക്ക് മുളപൊട്ടി, അവ വീണ്ടും തണലായി പടര്‍ന്നു. ആ മരങ്ങളാണ് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഇന്നു കാണുന്ന പച്ചപ്പ്.
പാതയോരത്തെ തണല്‍ വൃക്ഷങ്ങള്‍കൊണ്ട് ഏറ്റവും പ്രയോജനം കാല്‍നടക്കാര്‍ക്കായിരുന്നു. പക്ഷെ റോഡിനു വീതി കൂട്ടാനാണെന്നു പറഞ്ഞ്, കാല്‍ നടക്കാര്‍ക്ക് മുകളില്‍ കുടപിടിച്ചുനിന്നിരുന്ന മരങ്ങളെ മായ്ച്ചുകളഞ്ഞപ്പോള്‍ ജോസ് ജംങ്ഷന്‍ മുതല്‍ എം ജി റോഡിന്റെ വടക്കെ അറ്റം വരെ പൊരിവെയിലായി. അതുകൊണ്ടെന്താ, ജ്യൂവല്‍ജങ്ഷന് നല്ല വ്യൂവും തിളക്കവും ആയി. മരങ്ങളുടെ ശീതളിമ വേണ്ടെന്നുവച്ച് പകരം ഉള്ളില്‍ നിറയെ എ സി നിറച്ച് തണുപ്പിനെ ആവാഹിക്കാൻ ശ്രമിച്ച് ആ കെട്ടിടങ്ങളങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. പിന്നെ ജ്യൂവൽ ജങ്ഷനില്‍ ഉണ്ടായിരുന്ന ആഭരണക്കടകള്‍ മിക്കവാറുമെല്ലാം തന്നെ അവിടുന്ന് മാറിപ്പോയി. അങ്ങിനെ ജ്യൂവല്‍ ജംങ്ഷന്‍ വീണ്ടും എസ് ആര്‍ വി സ്കൂള്‍ ജങ്ഷനായി.
പിന്നിട് പാതയോരത്തെ തണല്‍ മരങ്ങളൊന്നും അധികം വെട്ടിയിട്ടില്ല. വെട്ടേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. അവയുടെ ചുവട്ടില്‍ ടാറോ കോണ്‍ക്രീറ്റോ ചെയ്താല്‍ വലിയ കാലതാമസമില്ലാതെ അവ ഉണങ്ങി തുടങ്ങും എന്ന എളുപ്പവഴി, അവയെ ഇല്ലാതാക്കാനായി ഇപ്പോള്‍ എല്ലാവരുടേയും മുന്നിലുണ്ട്. വര്‍ഷകാല പ്രൂണിങ് എന്ന നടപടിയേ ഈ നാട്ടിലെങ്ങും ഇല്ലാത്തതുകൊണ്ടും പല വൃക്ഷങ്ങളും പെരുമഴക്കാലത്തുകാറ്റത്തു നിലം പൊത്തും. അല്ലെങ്കില്‍ അവയുടെ ശിഖരങ്ങള്‍ ഒടിഞ്ഞു ഗതാഗത തടസ്സമുണ്ടാക്കും. അപ്പോള്‍ പിന്നെ മുറിച്ച് മാറ്റാന്‍ ഒരു ഒഴിവുകഴിവായല്ലോ.
ഇപ്പോള്‍ മരം മുറിക്കാന്‍ അധികം സമയവും വേണ്ട. ചെയിന്‍ സോ ഉപയോഗിച്ച് ദ്രുതഗതിയില്‍ ഒക്കെയും മുറിച്ച് നീക്കാം. പരിസ്ഥിതി പ്രവര്‍ത്തകരോ ആക്റ്റിവിസ്റ്റുകളോ കാര്യം അറിഞ്ഞു പ്രതിഷേധവുമായി എത്തുന്നതിനു മുന്നേ വെട്ടിനിരത്തല്‍ കഴിഞ്ഞു കോടാലിരാമന്മാര്‍ക്ക് സ്ഥലം കാലിയാക്കാം. 'സ്മാര്‍ട്ട്' പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തില്‍ വെട്ടി മാറ്റിയ മരങ്ങളുടെ കണക്ക്, ഏതെങ്കിലും ഏജന്‍സിയുടെ പക്കലുണ്ടാവുമോ?
ഞങ്ങള്‍ നട്ട പല വൃക്ഷങ്ങളും പച്ചക്കുടകളായി വിരിഞ്ഞ് നില്ക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ ഒരു തണുപ്പ് നിറയും. ഞങ്ങള്‍ക്ക് വെറും 'അവന്യു ട്രീസ്' അല്ലല്ലോ അവ. അന്ന് വൃക്ഷത്തൈകള്‍ നടാനും തണല്‍ മരങ്ങള്‍ മാഞ്ഞുപോവാതെ സംരക്ഷിക്കാനും നടന്നവരില്‍ അവശേഷിക്കുന്ന ചുരുക്കം പേർക്ക് ഈ മരങ്ങള്‍, ഭൂമിയില്‍ നിന്ന് എന്നേക്കുമായി മാഞ്ഞ സവിതാ ഭട്ടിന്റെയും ഗോപാലകൃഷ്ണന്റെയും സുജാത ടീച്ചറുടെയും ടീച്ചറുടെ മക്കളായ സഞ്ജുവിന്റെയും ഉണ്ണിയുടെയും ഓര്‍മ്മത്തണല്‍കൂടിയാണല്ലോ.
Read More: സഞ്ജയ് മോഹന്‍ എഴുതിയ മറ്റ് കുറിപ്പുകള്‍ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.