scorecardresearch

പരിസ്ഥിതി സംരക്ഷണം കോമാളിത്തമല്ല

"പരിസ്ഥിതിയെ ഉൾക്കൊണ്ടുള്ള വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നവരെ കോമാളികളായി ചിത്രീകരിക്കുന്ന കാലമാണ്." പരിസ്ഥിതി ദിനത്തിൽ എഴുത്തുകാരിയും അധ്യാപികയുമായ മൈന ഉമൈബാൻ മുന്നോട്ട് വെക്കുന്ന ചിന്തകൾ

"പരിസ്ഥിതിയെ ഉൾക്കൊണ്ടുള്ള വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നവരെ കോമാളികളായി ചിത്രീകരിക്കുന്ന കാലമാണ്." പരിസ്ഥിതി ദിനത്തിൽ എഴുത്തുകാരിയും അധ്യാപികയുമായ മൈന ഉമൈബാൻ മുന്നോട്ട് വെക്കുന്ന ചിന്തകൾ

author-image
Myna Umaiban
അപ്‌ഡേറ്റ് ചെയ്‌തു
New Update
world environment day, Myna Umaiban, iemalayalam

മൈന ഉമൈബാൻ

പരിസ്ഥിതി എന്ന് കേൾക്കുമ്പോഴേ എന്റെ മനസ് ആ നിമിഷം ഞങ്ങളുടെ നാട്ടിലേക്ക് പറന്നെത്തും. ഒരുപാട് വർഷത്തെ സാമൂഹിക-സാംസ്കാരിക പാരമ്പര്യമൊന്നുമില്ല ഞങ്ങളുടെ നാടിന്. ആദ്യ കുടിയേറ്റം നടന്നത് 1957ലായിരുന്നു. അന്നുതൊട്ട് ഇങ്ങോട്ട് നോക്കിയാൽ 66 വർഷങ്ങളുടെ പാരമ്പര്യം മാത്രം. അതുകൊണ്ട് തന്നെ പരിസ്ഥിതിയെപ്പറ്റി സംസാരിച്ചു തുടങ്ങുമ്പോൾ നാട്ടിൽ നിന്നു തുടങ്ങാൻ എളപ്പവുമാണ്. തൊട്ടു മുമ്പത്തെ തലമുറ കണ്ട നാടും ഞാൻ കണ്ടു വളർന്ന നാടും. എന്റെ വളർച്ചയ്ക്കൊപ്പം പരിസ്ഥിതിനാശവും വളർന്നിട്ടുണ്ട്. ഇപ്പോഴും ശരിയായ സംരക്ഷണത്തിലേക്ക് വന്നിട്ടുമില്ല. ദേവിയാർ കോളനി എന്ന ഗ്രാമം നാലു മലകളുടെ താഴ്‌വരയിലാണ്. നടുവിലൂടെ ആറ് ഒഴുകുന്നു.

Advertisment

ഇപ്പോഴും മധ്യവേനലവധിക്ക് സ്‌കൂള്‍ പൂട്ടാന്‍ കാത്തിരിക്കുന്ന കുട്ടിയാണ് ഞാൻ. വീടിനടുത്ത് ആറ്, പുറകില്‍ മല, മലയ്ക്കുമുകളില്‍ കയറിയാല്‍ പിന്നെയും പിന്നെയും മലനിരകള്‍. രണ്ടു മലകള്‍ക്കിടയിലൂടെ വെള്ളിയരഞ്ഞാണം പോലൊഴുകുന്ന പെരിയാര്‍, എങ്ങും പച്ചപ്പ്, കൈത്തോടുകള്‍…

ആറ്റിൽ നീന്തണം എന്നാണ് എക്കാലത്തേയും ഏറ്റവും വലിയ മോഹം. ഒരിക്കൽ ആറ്റിൽ നിന്നു കയറുന്ന പരിപാടിയില്ലായിരുന്നു. കണ്ണു ചുവന്ന് ചുറ്റും മഞ്ഞുപോലെ തോന്നിക്കുമ്പോൾ കരയിലെ കല്ലുകളിൽ കയറിയിരുന്ന് ഉണങ്ങുകയും പിന്നെയും ആറ്റിലേക്ക് ചാടുകയും ചെയ്യുന്ന തവളകളായിരുന്നു ഞങ്ങൾ. ആറിലെ വെള്ളം വറ്റി കണ്ടിട്ടില്ല. ഇപ്പോ ചെറുകുഴികളിൽ, ചെറുചാലുകളായി വെള്ളം. അതും ഇരുണ്ട് കറുത്ത ചായപ്പൊടി വെള്ളം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന പ്രദേശമാണിവിടം. നേര്യമംഗലം സംരക്ഷിത വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശം. മലയോര പ്രദേശമായതു കൊണ്ട് മഴപെയ്താല്‍ വെള്ളം ചെരുവുകളിലൂടെ ഒഴുകി നേരെ പുഴയിലേക്കെത്തും. പുഴ കുറേ താഴോട്ടൊഴുകി പെരിയാറിലും.

Advertisment

മുമ്പ് ആറ്റിലൊരുപാട് കല്ലുകളുണ്ടായിരുന്നു. മണൽ തെളിയിന്നിടത്തൊക്കെ കല്ലൂര്‍വഞ്ഞിയും കുഞ്ഞുകണ്ടലുമുണ്ടായിരുന്നു. വെള്ളം വല്ലാതങ്ങ് ഒഴുകിപ്പോകാതെ തടഞ്ഞു നിൽക്കാന്‍ ഇതൊക്കെ മതിയായിരുന്നു. ഇപ്പോഴതല്ല അവസ്ഥ.

കെട്ടിടം പണിക്കും കയ്യാല പണിക്കുമായി കല്ലുകളൊക്കെ പൊട്ടിച്ചെടുത്തു മനുഷ്യര്‍. മണലു മുഴുവന്‍ കോരിക്കൊണ്ടുപോയി. മാത്രമല്ല, വേനലായാല്‍ പലരും കൃഷിക്കും മറ്റുമായി പുഴയില്‍ നിന്ന് വെള്ളം പമ്പു ചെയ്‌തെടുക്കാനും തുടങ്ങി. അതോടെ മഴപെയ്യുന്ന വെള്ളം അതേ വേഗത്തില്‍ പെരിയാറില്‍ ചെന്നു ചേരുന്ന സ്ഥിതിയായി.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസം മാത്രമാണ് അവിടെ കാര്യമായി മഴയില്ലാത്തത്. എന്നിട്ടാണ് ഈ അവസ്ഥ.

അഴുക്കായ തുണി, പ്ലാസ്റ്റിക്, പൊട്ടിയ പാത്രങ്ങള്‍, നാട്ടിലെ മാലിന്യങ്ങൾ മുഴുവൻ ആറ്റിലൊഴുക്കുന്നു. ആറ്റിറമ്പ് കൈയ്യേറി ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നു.

ഇങ്ങനെ നാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരുപാടുണ്ട് ഉദാഹരിക്കാൻ. ഒരു വശത്ത് പരിസ്ഥിതി നാശത്തെപ്പറ്റി പറയുകയും മറുവശത്ത് സംരക്ഷണത്തെപ്പറ്റി ക്ലാസുകളും ചർച്ചകളും എങ്ങുമെത്താതെ പോവുകയും ചെയ്യുന്നു എന്നതാണ് രസം. പതിവുപോലെ ഈ പരിസ്ഥിതി ദിനവും ആഘോഷങ്ങളിൽ മുഴുകും. പച്ചയുടുപ്പിട്ട് ഭൂമിയെ രക്ഷിക്കൂ എന്നും മറ്റുമുള്ള പ്ലക്കാർഡുമേന്തി കുഞ്ഞുങ്ങൾ മരത്തൈകൾ നടും. ചിലപ്പോൾ പ്ലാസ്റ്റിക് ശേഖരിക്കും. പ്രഭാഷണങ്ങൾ നടക്കും. അങ്ങനെ അങ്ങനെ…

world environment day, Myna Umaiban, iemalayalam

മൂന്നര കോടി വര്‍ഷത്തെ വിപ്ലകരമായ ചരിത്രത്തിന്റെ പരിണതിയാണ് ഇന്ന് ഭൂമിയില്‍ കാണുന്ന ജീവിതത്തിന്റെ ഈ ചിത്രകമ്പളം.

അതിമനോഹരമായ ഭൂപ്രദേശങ്ങള്‍, വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകള്‍, ജീവന്റെ സമ്പന്നമായ ഇടം. ഭീമാകാരങ്ങളായ പര്‍വതങ്ങള്‍ മുതല്‍ വിശാലമായ സമുദ്രങ്ങള്‍ വരെ, സമൃദ്ധമായ മഴക്കാടുകള്‍ മുതല്‍ വരണ്ട മരുഭൂമികള്‍ വരെ, എത്രയെത്ര വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഈ ഭൂമി.

പക്ഷേ, ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് നാമിപ്പോള്‍. മനുഷ്യന്റെ കൈകടത്തല്‍ കൊണ്ടും പ്രകൃതിപ്രതിഭാസങ്ങള്‍ കൊണ്ടും നമ്മുടെ ആവാസ ഗ്രഹം വലിയ വെല്ലുവിളികള്‍ നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മലിനീകരണം, ജൈവ വൈവിധ്യത്തിന്റെ നഷ്ടം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നമ്മുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുന്നു.

ആഗോളതലത്തിൽ പരിസ്ഥിതി ഒരു വിഷയമായി മാറുന്നത് 1950കള്‍ക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ 1960 ന് ശേഷം. പരിസ്ഥിതിയെ നമ്മള്‍ സംരക്ഷിച്ചില്ലെങ്കില്‍, പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് മനസ്സിലായത് ഏതാണ്ട് ആ കാലഘട്ടത്തിലാണ്. പ്രധാനമായി വഴിത്തിരിവായത് റേച്ചല്‍ കഴ്‌സന്റെ 'നിശബ്ദ വസന്തം' എന്ന പുസ്തകമാണ്. അമേരിക്കയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കഴ്‌സണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അവിടെ കണ്ട പരിസ്ഥിതിനാശം അവരെ ദുഃഖിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അവര്‍ നാട്ടിലെ പരിസ്ഥിതി പ്രശ്‌നങ്ങളെപ്പറ്റി ആഴത്തില്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയതാണ് 'സൈലന്റ് സ്പ്രിങ്' (നിശബ്ദ വസന്തം) എന്ന പ്രശസ്തമായ പുസ്തകം.

ഈ പുസ്തകം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയും പരിസ്ഥിതി പ്രധാന വിഷയമാണ് എന്ന് തിരിച്ചറിയുകയും ചെയ്തു. പരിസ്ഥിതിയെ വേണ്ടവിധത്തില്‍ സംരക്ഷിച്ചില്ലെങ്കില്‍ മനുഷ്യരാശിയെയും പ്രകൃതിയെയും തന്നെ ഇല്ലാതാക്കും എന്ന തിരിച്ചറിവുണ്ടാക്കുന്നതിന് ഈ പുസ്തകം വഴിയൊരുക്കി.

1972 ൽ ഐക്യരാഷ്ട്ര സഭയുടെ സ്റ്റോക്ക്‌ഹോം പരിസ്ഥിതി സമ്മേളനത്തില്‍ വെച്ച് 26 ഇന പരിസ്ഥിതി തത്ത്വങ്ങള്‍ പ്രഖ്യാപിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും വേണ്ടി എല്ലാവര്‍ഷവും ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കാന്‍ തീരുമാനിക്കുന്നത് അതിനെത്തുടര്‍ന്നാണ്. 1974 ജൂണ്‍ അഞ്ചു മുതലാണ് പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത്.

1960കളിലും 70കളിലുമാണ് പരിസ്ഥിതി ഒരു വിഷയമായി ലോകം ചര്‍ച്ച ചെയ്ത് തുടങ്ങിയത് എങ്കിലും പല സമൂഹങ്ങളിലും അതിനും എത്രയോ മുമ്പേ മുതല്‍ പരിസ്ഥിതി ഒരു വിഷയമായി കണ്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ മാഗ്‌നാകാര്‍ട്ട എന്നറിയപ്പെടുന്നത് സിയാറ്റില്‍ മൂപ്പന്റെ പ്രസിദ്ധമായ പ്രസംഗമാണ് അതിലൊന്ന്. ആ പ്രസംഗത്തില്‍ റെഡ് ഇന്ത്യന്‍സ് എങ്ങനെയാണ് പരിസ്ഥിതിയെ കണ്ടിരുന്നത് എന്ന് നമുക്ക് വളരെ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കും.

1854 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ലിന്‍ പിയേഴ്സ് അമരേന്ത്യക്കാരുടെ ഭൂമിവാങ്ങാന്‍ താൽപ്പര്യമറിയിച്ചുകൊണ്ട് സിയാറ്റില്‍ മൂപ്പന് ഒരു കത്തയച്ചു. ആ കത്തിനുളള മറുപടിയാണ് പ്രസിദ്ധമായ പ്രസംഗം എന്ന് കരുതുന്നു.

സിയാറ്റില്‍ മൂപ്പന്‍ ചോദിക്കുന്നു.
"ആകാശത്തെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതെങ്ങനെ? അല്ലെങ്കില്‍ മണ്ണിന്റെ ചൂടിനെ?

ആ ചിന്ത ഞങ്ങള്‍ക്ക് അപരിചിതമാണ്. അന്തരീക്ഷത്തിന്റെ നവനൈര്‍മ്മല്യവും വെളളത്തിന്റെ വെട്ടിത്തിളക്കവും ഞങ്ങളുടേതല്ലാതിരിക്കെ നിങ്ങള്‍ക്ക് അവ എങ്ങനെ വാങ്ങാന്‍ കഴിയും?

കോടാനുകോടി വര്‍ഷങ്ങളില്‍ സംഭവിച്ച മാറ്റങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യ സ്വാധീനത്തിന്റെയും ഫലമാണ് ഇന്ന് കാണുന്ന ആവാസവ്യവസ്ഥ രൂപപ്പെട്ടതിന് പിന്നില്‍.

പതിനായിരം വര്‍ഷം മുമ്പുണ്ടായ കാര്‍ഷിക വിപ്ലവവും മൂന്ന് നൂറ്റാണ്ട് മുമ്പ് മാത്രമുണ്ടായ വ്യാവസായിക വിപ്ലവവും ഭൂപ്രകൃതിയില്‍ വമ്പിച്ച രൂപമാറ്റമുണ്ടാക്കി. ശിലായുധങ്ങള്‍ കൊണ്ട് മരം മുറിച്ചിരുന്ന മനുഷ്യന്‍ ഭൂമിയുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിന് മലകള്‍ തന്നെ ഖനനം ചെയ്യാന്‍ തുടങ്ങി. സാങ്കേതിക വിദ്യ വികസിച്ചപ്പോള്‍ അമിതമായ വിളവെടുപ്പുകള്‍ക്ക് ഒരു നിയന്ത്രണവുമില്ലാതായി.

world environment day, Myna Umaiban, iemalayalam

പ്രകൃതി വിഭവങ്ങള്‍ക്ക് അതിരുകളില്ലെന്ന് നമുക്കൊരു ധാരണയുണ്ട്. പ്രകൃതി കനിഞ്ഞേകിയ ജീവനോപാധികള്‍ക്കും ജൈവ വൈവിധ്യങ്ങള്‍ക്കും കണക്കില്ലെന്ന് നമ്മള്‍ വിചാരിച്ചു. അതൊക്കെ സ്വാഭാവികമായും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണെന്നായിരുന്നു വിശ്വാസവും. പക്ഷേ, ഭൂമിയില്‍ ജീവനെ താങ്ങി നിര്‍ത്തുന്ന ജൈവ വൈവിധ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നശിച്ചു പോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാന്‍ വൈകിപ്പോയെന്നു മാത്രം.

പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യന്‍. വന്‍ മരങ്ങള്‍ മുതല്‍ സൂക്ഷ്മജീവികള്‍ വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനിൽപ്പ്. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ നിലനിൽപ്പ് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനുമാകുന്നത് മനുഷ്യനു മാത്രമാണ്. പുൽമേടുകൾ നശിപ്പിക്കുന്നതും വനവിഭവങ്ങള്‍ വന്‍തോതില്‍ ചൂഷണം ചെയ്യുന്നതും വനങ്ങള്‍ തോട്ടങ്ങളായി മാറ്റുന്നതും വനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമൊക്കെ ജൈവ സമ്പത്തിന് കടുത്ത ഭീഷണിയാണ്.

പ്രകൃതി വിഭവങ്ങളെ അമിതവും അശാസ്ത്രീയവുമായി ചൂഷണം ചെയ്യുന്നതുമൂലം സമൃദ്ധമായ ഭക്ഷ്യവിഭവങ്ങളും മികച്ച പാര്‍പ്പിടങ്ങളും ആരോഗ്യ ശുചീകരണ സംവിധാനങ്ങളുമുണ്ടായി. പക്ഷേ, ഈ നേട്ടങ്ങള്‍ വര്‍ധിച്ച പാരിസ്ഥിതിക തകര്‍ച്ചയുണ്ടാക്കുന്നുവെന്ന് നാം മറന്നു.

2021 ല്‍ ലോക ജനസംഖ്യ 788.84 കോടിയിലെത്തി. അടുത്ത 30 വര്‍ഷത്തിനിടെ 1000 കോടി ജനങ്ങള്‍ക്കുള്ള ജീവിത വിഭവങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1950 മുതല്‍ പ്രകൃതി വിഭവങ്ങള്‍ക്കുള്ള ഉപഭോഗം എക്കാലത്തേക്കാളും വലിയ തോതിലാണ് വര്‍ധിക്കുന്നത്. ലോക ജനസംഖ്യ ഇക്കാലത്തിനിടെ ഇരട്ടിയായി. ആഗോള സമ്പദ് രംഗം അഞ്ചിരട്ടി മെച്ചപ്പെട്ടു. പക്ഷേ, ഗുണഫലം തുല്യമായി വിതരണം ചെയ്യപ്പെടാതെ ഏതാനും വ്യാവസായിക രാജ്യങ്ങളില്‍ മാത്രമൊതുങ്ങി.

അതേസമയം, നമ്മുടെ അധിവാസ ക്രമത്തിലുണ്ടായ മാറ്റം, പരിസ്ഥിതിയുമായുള്ള ബന്ധത്തിലും മാറ്റം വരുത്തി. ലോക ജനസംഖ്യയുടെ പകുതിയോളം പട്ടണങ്ങളിലും മഹാനഗരങ്ങളിലുമാണ് ജീവിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും പ്രകൃതി അവരുടെ നിത്യജീവിതത്തില്‍ നിന്ന് വളരെ ദൂരത്താണ്. പ്രകൃതിയുടെ താളത്തെപ്പറ്റിയോ പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയോ പലര്‍ക്കും കൃത്യമായ വീക്ഷണം ഇല്ലാതാകുന്നു എന്നത് ഇന്നത്തെ കാലത്ത് വളരെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പാരിസ്ഥിതിക ഓഡിറ്റിംഗ് കൂടെ നടത്തേണ്ടതുണ്ട് എന്ന് തിരിച്ചറിയാതെ പോകുന്നു.

പ്രകൃതിയുടെ കണക്കിനേക്കാള്‍ എത്രയോ ഇരട്ടി സസ്യ, ജന്തുജാലങ്ങള്‍ ഭൂമുഖത്തു നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. കാടുകളാണ് ജൈവവൈവിധ്യത്തിന്റെ അറിയപ്പെടുന്ന സങ്കേതം. പക്ഷേ, ഭൂമിയിലെ നാല്‍പ്പത്തഞ്ചു ശതമാനം കാടുകളും അപ്രത്യക്ഷമായി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയാണ് ഇത്രയും വനനാശമുണ്ടായത്. പവിഴപ്പുറ്റുകളുടെയും ചതുപ്പു നിലങ്ങളുടെയും ഗണ്യമായ തിരോധാനവും പ്രശ്നമുണ്ടാക്കുന്നു.

ആഗോള താപനവും ജൈവ വൈവിധ്യങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാണ്. ഓസോണ്‍ പാളിയുടെ വിള്ളല്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ എളുപ്പം ഭൗമോപരിതലത്തില്‍ എത്തിക്കും. ഇത് ജീവ കോശങ്ങള്‍ക്ക് ഭീഷണിയാണ്. ഇപ്പോള്‍ത്തന്നെ ആഗോള താപനം അധിവാസ കേന്ദ്രങ്ങളെയും ജീവജാലങ്ങളുടെ ജീവിതക്രമത്തെയും ബാധിച്ചിട്ടുണ്ട്. ശരാശരി താപനില ഒരു ഡിഗ്രി തോതില്‍ വര്‍ധിച്ചാല്‍ പോലും പല ജീവജാലങ്ങളും നാശം നേരിടുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഭക്ഷ്യോൽപ്പാദന സംവിധാനവും തകരാറിലാകും.

അതേപോലെ, ജൈവ അധിനിവേശവും ജൈവവൈവിധ്യത്തിന് ഭീഷണിയാണ്. അന്യജീവജാലങ്ങള്‍ ഒരു പ്രദേശത്ത് കടന്നുകൂടി പെറ്റുപെരുകി പ്രാദേശീക സസ്യജന്തുജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായിത്തീരുന്നതിനെയാണ് ജൈവ അധിനിവേശം എന്നു പറയുന്നത്. ലോകം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങളിലൊന്നായി ജൈവ അധിനിവേശത്തെ കാണുന്നു.

ആഗോളതലത്തില്‍ ഈ ജീവജാതികള്‍ വരുത്തുന്ന വിളനാശം, കാടിനും പരിസ്ഥിതിക്കും വരുത്തുന്ന നാശവും ഇവയെ നിയന്ത്രിക്കാന്‍ വരുന്ന ചെലവും അധിനിവേശ രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കുമുണ്ടാകുന്ന നാശവുമെല്ലാം കൂട്ടിയാല്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുന്നു എന്നാണ് വിലയിരുത്തൽ.

ആഗോളവൽക്കരണത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടെയും ഇക്കാലത്ത് ജൈവ വൈവിധ്യ ശോഷണം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. ലക്ഷ്യബോധത്തോടെയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന നാശം നമ്മുടെ അറിവിനും ബുദ്ധിക്കും അപ്പുറത്തായിരിക്കും.

ലോകം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടത് കാലാവസ്ഥാ വ്യതിയാനമാണ്. വര്‍ദ്ധിച്ചുവരുന്ന താപനില, തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍, ഉരുകുന്ന മഞ്ഞുപാളികള്‍, മാറിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥകള്‍ എന്നിവ വ്യക്തമായ സൂചകങ്ങളാണ്. ഈ അടയാളങ്ങളെ അവഗണിക്കാന്‍ നമുക്കിക്കിനി കഴിയില്ല.

കാലാവസ്ഥാ വ്യതിയാനം ഒറ്റപ്പെട്ട പ്രശ്‌നമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. അത് നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളുമായി ഇഴചേര്‍ന്നിരിക്കുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയെയും ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഒന്നായി കാലാവസ്ഥ വ്യതിയാനം മാറിയിരിക്കുന്നു. താറുമാറായ കാര്‍ഷിക വ്യവസ്ഥകള്‍ മുതല്‍ പ്രകൃതിദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും വരെ അതാണ് വ്യക്തമാക്കുന്നത്.

ഇന്നത്തെ ലോക സാഹചര്യത്തിൽ ശാസ്ത്രീയമായ സമവായം അത്യാവശ്യമായിരിക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാനകാരണങ്ങളിലൊന്നാണ്. കാര്‍ബണ്‍-ഇന്റന്‍സീവ് ഇന്‍ഡസ്ട്രികളിലും സമ്പ്രദായങ്ങളിലുമുള്ള നമ്മുടെ അമിതാശ്രയമാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചത്. ഇത് മറികടക്കാൻ കൂടുതല്‍ സുസ്ഥിരവും നീതിയുക്തവുമായ കാലത്തിലേക്ക് മാറുക എന്നതാണ് ലോകത്തിനുള്ള മുന്നിലുള്ള പോംവഴി. .

സൗരോര്‍ജ്ജം, കാറ്റ്, ജിയോതെര്‍മല്‍ പവര്‍ തുടങ്ങിയ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ സ്വീകരിക്കാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു. ബദലുകളിലേക്ക് മാറുന്നതിലൂടെ, ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുക മാത്രമല്ല, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കുറഞ്ഞ കാര്‍ബണ്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം നവീകരണത്തിനും സഹകരണത്തിനും സമൃദ്ധിക്കും ഉള്ള അവസരവുമാണ്.

പക്ഷേ, കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യാന്‍ നമ്മുടെ ചിന്തയിലും പെരുമാറ്റത്തിലും അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്. ദൈനംദിന ജീവിതത്തില്‍ സുസ്ഥിരമായ സമ്പ്രദായങ്ങള്‍ സ്വീകരിക്കുകയും ഊര്‍ജ്ജം സംരക്ഷിക്കുകയും മാലിന്യങ്ങള്‍ കുറയ്ക്കുകയും കൂടുതല്‍ കാര്യക്ഷമമായ ഗതാഗത സംവിധാനങ്ങള്‍ സ്വീകരിക്കുകയും വേണം.

world environment day, Myna Umaiban, iemalayalam

കൂടാതെ, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വനങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങിയ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും നിര്‍ണായക പങ്ക് വഹിക്കാനാകും.

എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തെ നമുക്ക് ഒറ്റയ്ക്ക് നേരിടാനാകില്ല. അന്താരാഷ്ട്ര സഹകരണവും പ്രാദേശിക ദേശീയ സഹകരണവും ആവശ്യമുള്ള ആഗോള വെല്ലുവിളിയാണിത്. പ്രാദേശിക അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒരു ആഗോള സമൂഹമെന്ന നിലയില്‍ നാം ഒന്നിച്ച് ഒരു പൊതു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലൂടെ ആരും പിന്നിലാകാത്ത, കൂടുതല്‍ നീതിയുക്തവുമായ ഒരു ലോകം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാന്‍ കഴിയും.

യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (UNEP) നേതൃത്വത്തില്‍, പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ആഹ്വാനം ചെയ്യുന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം. "Beat Plastic Pollution" എന്നതാണ് ഈ വര്‍ഷത്തെ വിഷയം. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധമുണ്ടാക്കലാണ് ലക്ഷ്യം. ഓരോ വര്‍ഷവും, ലോകമെമ്പാടും 400 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കുന്നു. എന്നാല്‍ ഇതിലേറെയും പുനരുപയോഗം സാധ്യമല്ലാത്തതാണ്.

ഓരോ ദിവസവും ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്കും നദികളിലേക്കും തടാകങ്ങളിലേക്കും വലിച്ചെറിയുന്നു. ഇതിന്റെ അനന്തരഫലങ്ങള്‍ അപകടകരമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും മൈക്രോപ്ലാസ്റ്റിക് കടന്നുകയറുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ് നമ്മള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുന്നത്. ഇത് കാലാവസ്ഥാ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുന്നു.

പ്ലാസ്റ്റിക്കുകള്‍ പുനരുപയോഗിക്കാനും പുനഃക്രമീകരിക്കാനും വൈവിധ്യവത്കരിക്കാനും സാധിച്ചാല്‍ 2040-ഓടെ പ്ലാസ്റ്റിക് മലിനീകരണം 80 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ പുതിയ റിപ്പോര്‍ട്ടിൽ പറയുന്നു. പക്ഷേ, ലോകം മുഴുവന്‍ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്.

ഇങ്ങനെയുള്ള കഠിന യാഥാർത്ഥ്യങ്ങൾക്ക് മുന്നിലും "ഡാറ്റ" നിരത്തി പാരിസ്ഥിതിക നാശമൊന്നുമുണ്ടായിട്ടില്ലെന്ന് അവകാശപ്പെടുന്നവരുമുണ്ട്. മാത്രമല്ല, പരിസ്ഥിതിയെ ഉൾക്കൊണ്ടുള്ള വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നവരെ കോമാളികളായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, സിയാറ്റില്‍ മൂപ്പന്റെ പ്രസംഗത്തിന്റെ അവസാന വരികള്‍ ആവർത്തിക്കുകയാണ്.

'ഇത് ജീവിക്കലിന്റെ അന്ത്യം, അതിജീവനത്തിന്റെ തുടക്കം '

Earth Environment Pollution Forest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: