/indian-express-malayalam/media/media_files/uploads/2017/04/ajijesh-2.jpg)
രാമനാട്ടുകര വായനശാലയിലെ സായാഹ്നസംഘത്തില്‍ ഭാവിയില്‍ കുട്ടികളുണ്ടാവുമോ എന്ന് അകാരണമായി ഭയപ്പെടുന്ന അവിവാഹിതനായ ഒരു കൂട്ടുകാരനുണ്ട് എനിക്ക്. സ്ഥിരമായുള്ള അവന്റെ ഈ ആധി കേള്‍ക്കുമ്പോള്‍ വിവാഹത്തിന് മുമ്പും അതിന് ശേഷവും മറ്റെന്തെല്ലാം മനോഹരമായ കോപ്പുകളുണ്ടെടാ ഓര്‍ക്കാന്‍ എന്ന് പല തവണ ഞാന്‍ അവനോട് ചോദിച്ചിട്ടുണ്ട്. എത്രയാലോചിച്ചിട്ടും എന്തുകൊണ്ടാണ് അവനിത്തരത്തിലൊരു ചിന്തയെന്ന് എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. അതെന്തുകൊണ്ടാണെന്ന് പറഞ്ഞുതരാന്‍ അവനൊട്ടു കഴിഞ്ഞിട്ടുമില്ല. അല്ലെങ്കിലും മനുഷ്യരുടെ ആധി ഒഴിയുന്ന കാലമുണ്ടാവില്ലല്ലോ...
അവന്റെ ഈ ആധി ആദ്യമായി കേട്ട് പാര്‍ക്കിലെ ഇരുമ്പുകമ്പി ചാരി തരിച്ചു നിന്ന വൈകുന്നേരം പിന്നില്‍ നിന്നും ഒരാള്‍ പതുക്കെ വന്ന് എന്നെ തോണ്ടിയിരുന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ എവിടെയോ കണ്ട മുഖം! പെട്ടെന്ന് ഒരു മിന്നല്‍ക്കഷണം തലച്ചോറിലൊന്ന് മാണ്ടു. എനിക്ക് ആളെ മനസ്സിലായി. ഒരു പക്ഷേ അയാള്‍ക്കത് മനസ്സിലായിട്ടുണ്ടാകില്ല. അതുകൊണ്ടാണല്ലോ എന്റെ കൈ പിടിച്ച് ഞങ്ങടെ വായനശാലക്കുള്ളിലെ പുസ്തകങ്ങളുടെ അലമാരക്കരികിലേക്ക് കൊണ്ടുപോയത്. രണ്ടാമത്തെ തട്ടില്‍ ഇടതുഭാഗത്തായ് ടോള്‍സ്റ്റോയിയുടെ പുസ്തകത്തിനോട് ചാരി അകാലവാര്‍ദ്ധക്യം പൂണ്ട ആ പുസ്തകം ഞാന്‍ മറന്നുപോയിട്ടുണ്ടാകും എന്ന് അയാള്‍ കരുതിയിരിക്കണം. അല്ലെങ്കിലും, മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ പറ്റിയ മലയാളകഥ ഏതെന്ന് ചോദിച്ചാല്‍ അത് നിങ്ങള്‍ ഉള്‍പ്പെട്ട കഥയാണെന്ന് പറഞ്ഞ് മനപാഠമാക്കിയ എന്റെ മനസ്സ് അയാള്‍ എങ്ങനെ അറിയാനാണ്!
നിങ്ങളെ എങ്ങനെയാണ് ഞങ്ങള്‍ മറക്കുക?
ആ ചെറിയ ക്ലിനിക്കല്‍ ലബോറട്ടറിയും അതിലെ സിസ്റ്റര്‍മാരേയും ഊഴം കാത്തിരിക്കുന്നവരേയും മറക്കാന്‍ കഴിയുമോ ഞങ്ങള്‍ക്ക്. അന്ന് തിരുപ്പതി ദൈവത്തെപ്പോലെ ആഭരണങ്ങളണിഞ്ഞ് ചെക്കപ്പിന് കാത്തിരുന്ന പുത്യണ്ണ് പ്രസവിച്ച കുട്ടി ഇപ്പോള്‍ വല്യ ആളായിട്ടുണ്ടാവും. അവുക്കാദര്‍കുട്ടി മരിച്ചിട്ടുണ്ടാകും, അയാള്‍ അന്നേ വൃദ്ധനാണല്ലോ... ആ ചുമയുടെ ശബ്ദം ചെവിയില്‍ വട്ടം ചുറ്റുന്നിണ്ടിപ്പോഴും. തീപ്പെട്ടിയില്‍ തീട്ടം കൊണ്ടുവന്ന വൃദ്ധയുടെ അസുഖം എന്തായാവോ?
എന്തൊക്കെയായാലും അന്ന് ലാട്രിന്‍ എന്ന ബോര്‍ഡ് വെച്ച ചെറിയ മുറിയില്‍ നാല്‍പ്പതുകാരനായ നിങ്ങള്‍ ഒറ്റക്കായിരുന്നില്ല, വായനക്കാരായ ഞാന്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ എന്നെപ്പോലുള്ള ഒരുപാടു പേര്‍ ഉണ്ടായിരുന്നു. നെഞ്ചിടിപ്പോടെയായിരുന്നു അന്ന് നിങ്ങളുടെ ഓരോ ചലനത്തേയും ഞങ്ങള്‍ നോക്കിക്കണ്ടത്. ജീവിതത്തിനും മസ്തിഷ്‌ക്കമരണത്തിനും ഇടയില്‍ കിടന്ന് കള്ളനും പോലീസും കളിക്കുന്ന ആ പരല്‍മീനിനെ ഒന്ന് പിടപ്പിക്കാന്‍ വേണ്ടി നിങ്ങള്‍ വിയര്‍ക്കുമ്പോള്‍ പ്രാര്‍ത്ഥനയിലായിരുന്നു ഞങ്ങള്‍ വായനക്കാര്‍. നിങ്ങള്‍ അവിടെ കാട്ടിക്കൂട്ടിയ പരാക്രമങ്ങളില്‍ വേദനിച്ചത് ഞങ്ങളായിരുന്നു.
അവിവാഹിതയായ ആ മെലിഞ്ഞ സിസ്റ്റര്‍ വാതിലില്‍ മുട്ടാന്‍ വൈകിയത് ഞങ്ങള്‍ വായനക്കാര്‍ അവരുടെ കൈ പിടിച്ചുവെച്ചിട്ടായിരുന്നെന്ന് നിങ്ങള്‍ക്കറിയില്ലല്ലോ.. നിങ്ങള്‍ക്ക് അത്രയും സമയം കിട്ടിക്കോട്ടെ എന്ന് ഞങ്ങള്‍ കരുതി.
എന്നിട്ടും, എന്നിട്ടും നിങ്ങള്‍ വെറുംകൈയ്യോടെ മുറിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ തലമുറയെ പകര്‍ത്താനാവാത്ത ഒരു പറ്റം മനുഷ്യരുടെ ദയനീയമായ തേങ്ങലുകളായിരുന്നു ഞങ്ങള്‍ക്ക് ചുറ്റും. വായനക്കാരായ ഞങ്ങളെ തകര്‍ത്തുകൊണ്ടാണ് നിങ്ങള്‍ ഇറങ്ങിപ്പോയത്. നാളെയല്ലെങ്കില്‍ മറ്റെന്നാള്‍ എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഞങ്ങള്‍ നോക്കിയത് ഈ ലോകത്തിന്റെ അരക്കെട്ടിലേക്കായായിരുന്നു. മറ്റെന്നാള്‍ നിങ്ങള്‍ പോയിരുന്നോ എന്ന് ചോദിക്കാനുള്ള ത്രാണിയില്ല. ദയവുചെയ്ത് നിര്‍ബന്ധിക്കരുത്, ഞങ്ങള്‍ക്കത് ചോദിക്കാന്‍ കഴിയില്ല.
ഇതാണോ യ്യ് പറഞ്ഞ പുസ്തകം? ചോദ്യം കേട്ടപ്പോഴാണ് സ്ഥലകാലബോധം വന്നത്. ഞാന്‍ ചുറ്റുഭാഗവും നോക്കി. അയാളെ കാണാനില്ല. മുന്നില്‍, കുട്ടികളുണ്ടാവില്ലെന്ന് ആധി പിടിച്ചവന്റെ കൈയ്യില്‍ പറുദീസാനഷ്ടം.
ഗര്‍ഭപാത്രത്തെകുറിച്ചും തലമുറയെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ആധി പിടിക്കുന്ന അഥവാ ആധി പിടിപ്പിക്കുന്ന പുസ്തകം. അതെ, എന്നു പറഞ്ഞതിനോടൊപ്പം പുത്രകാമേഷ്ടി ആദ്യം വായിക്കാനും പറഞ്ഞു.വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും മരണപ്പെടുകയും ചെയ്തു.
ഇപ്പോഴും ഞങ്ങള്‍ വായനശാലയില്‍ കൂടിയിരിക്കാറുണ്ട്, ഭാവിയില്‍ കുട്ടികളുണ്ടാവില്ല എന്നും പറഞ്ഞ് അവന്‍ ആധി പിടിക്കാറുണ്ട്, ഞാനത് കേള്‍ക്കാറുമുണ്ട്. പക്ഷേ അന്നത്തെയാ വൈകുന്നേരത്തിനുശേഷം പുത്രകാമേഷ്ടി എന്ന കഥയില്‍ ലാട്രിന്‍ മുറിയില്‍ നിന്നും ഇറങ്ങിയ മനുഷ്യന്‍ എന്നേയോ അവനേയോ വന്ന് തോണ്ടിയിട്ടില്ല, കൈ പിടിച്ച് പുസ്തകം വെച്ച അലമാരയ്ക്ക് മുന്നിലേക്ക് കൊണ്ടുപോയിട്ടുമില്ല.
ഒരുപക്ഷേ, അയാള്‍ തിരിച്ചറിഞ്ഞിരിക്കണം ലോകത്തിനെ കുറിച്ച് അല്‍പ്പമെങ്കിലും വ്യാകുലപ്പെടുന്നവര്‍ അയാളെ ഒരിക്കലും മറക്കില്ലെന്ന്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.