‘നീ എവിടുന്ന് വരുന്നു?’
‘ദേ അവിടുന്ന്. ആ സ്ലിപ്പേഴ്സ് ഇട്ട് നടക്കുന്നത് എന്റെ അമ്മയാണ്.’
‘
അതല്ല ചോദിച്ചത്. നീ ശരിക്കും എവിടുന്നാണിവിടെ വന്നത്?’
‘ദേ അവിടുന്ന്. ആ സ്ലിപ്പേഴ്സ് ഇട്ട് നടക്കുന്നത് എന്റെ അമ്മയാണ്.’
ഹനിഫ് ഖുറെയ്ഷി തന്‍റെ ബാല്യത്തിൽ പരിസരവാസികളില്‍ നിന്ന് സ്ഥിരമായി നേരിട്ടിരുന്ന ചോദ്യങ്ങളും, അതിനു നൽകിയിരുന്ന നിഷ്കളങ്കമായ മറുപടികളുമാണിത്. തന്റെ തവിട്ടുനിറമുള്ള തൊലിയെ തുളയ്ക്കുന്ന നോട്ടവുമായി നിൽക്കുന്ന വെള്ളക്കാർക്ക് വേണ്ടിയിരുന്നത് ഈ മറുപടികൾ അല്ലെന്ന് ബാല്യത്തിലേ മനസ്സിലാക്കേണ്ടി വന്നു അയാൾക്ക്. വിൽ സെൽഫ് എന്ന എഴുത്തുകാരനുമായുള്ള അഭിമുഖത്തിലാണ് തെക്ക്-കിഴക്കന്‍ ലണ്ടന്‍ ഉപനഗരമായ ബ്രോംലിയിൽ വളർന്ന താൻ നേരിടേണ്ടിവന്ന വർണ്ണവിവേചനത്തെപ്പറ്റി ഖുറെയ്ഷി ഇങ്ങനെ മനസ്സുതുറക്കുന്നത്. ‘അവരൊക്കെ വലിയ അസ്തിത്വവാദികളായിരുന്നു!’ പരിഹാസം നിറഞ്ഞ കുസൃതിയോടെയാണ് ആ ചോദ്യം ചെയ്യലുകളെ അറുപതുകള്‍ പിന്നിട്ട ഇന്നത്തെ ഖുറെയ്ഷി ഓര്‍ത്തെടുക്കുന്നത്.
മദ്രാസില്‍ നിന്നും വിഭജനകാലത്ത് പാക്കിസ്ഥാനിലേയ്ക്ക് പോകേണ്ടി വന്ന ഒരു സമ്പന്ന കുടുംബത്തില്‍ നിന്നാണ് ഖുറെയ്ഷിയുടെ അച്ഛന്‍ റഫിയുഷാന്‍ ഇംഗ്ലണ്ടിലെത്തുന്നത്. ഇംഗ്ലീഷ്‌കാരിയായ ഓഡ്രി ബസ്സിനെയാണ് അയാള്‍ വിവാഹം കഴിച്ചത്. 1954 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച്, അവിടെത്തന്നെ വളര്‍ന്ന താന്‍ അവിടത്തുകാര്‍ക്ക് എന്നും ഒരു ‘പാക്കി’യും പാക്കിസ്ഥാനിലെ കുടുംബാംഗങ്ങള്‍ക്ക് ഒരു ‘വിദേശി’യും ആയിരുന്നു എന്നത് ഹനിഫ് ഖുറെയ്ഷിയുടെ സ്വത്വബോധമായി.
റഫിയുഷാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു. ഒരു സാധാരണ ക്ലാര്‍ക്കുദ്യോഗമായിരുന്നു അയാളുടെതെങ്കിലും രാത്രി ഉറങ്ങാതെ ടൈപ്പ് റൈറ്ററില്‍ കൊട്ടിയിരുന്ന റഫിയുഷാന് ഒരിക്കലും ഒരു എഴുത്തുകാരനായി പേരെടുക്കാനായില്ല. പരാജിതനായ അച്ഛന്‍ പക്ഷെ ഹനിഫ് ഖുറെയ്ഷിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായി. അവന്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ക്കപ്പുറം ചെറുപ്രായത്തിലേ നാടകകൃത്തായും തിരക്കഥാകൃത്തായും അറിയപ്പെടാന്‍ തുടങ്ങി. ആത്മകഥാംശമുള്ള ‘My Ear at His Heart’ എന്ന പുസ്തകത്തില്‍ ഖുറെയ്ഷി ബോധധാരാസങ്കേതത്തിലൂടെ തന്‍റെ എഴുത്തിന്‍റെ പിറവി അന്വേഷിക്കുന്നുണ്ട്. പുസ്തകച്ചട്ടയിലെ ചിത്രത്തില്‍ കാണുന്ന റഫിയുഷാന്‍റെ മടിയില്‍ ഇരിക്കുന്ന കൊച്ചുകുട്ടിയായ ഹനിഫ് അച്ഛന്‍റെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ചെവിയിലൂടെ തന്നെയാണ് സര്‍ഗ്ഗപ്രക്രിയയിലെയ്ക്കുള്ള വഴികള്‍ കണ്ടെത്തിയതെന്ന് ഈ പുസ്തകം വെളിവാക്കുന്നു.
പതിനെട്ടാം വയസ്സ് മുതല്‍ പ്രശസ്തമായ റോയല്‍ കോര്‍ട്ട് തീയേറ്ററില്‍ സഹായിയായി കൂടിയതാണ് ഖുറെയ്ഷിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സാമുവല്‍ ബക്കെറ്റിനെ പോലുളള നാടകകൃത്തുക്കളെ അടുത്തുകാണാനും പുതുപുത്തൻ നാടകങ്ങളുടെ പിന്നാമ്പുറജോലികള്‍ ചെയ്യാനും ലഭിച്ച അവസരം അവന്‍ മുതലാക്കി. കണ്ടും ചെയ്തും പഠിച്ച സങ്കേതങ്ങള്‍ ഉപയോഗിച്ച് നാടകങ്ങള്‍ എഴുതി. ഇതിനിടെ ലന്‍കാസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഫിലോസഫി ബിരുദം പഠിക്കാന്‍ ചേര്‍ന്നെങ്കിലും അത് മുഴുമിച്ചില്ല. പിന്നീട് ലണ്ടന്‍ കിങ്‌സ് കോളേജില്‍ നിന്ന് ഫിലോസഫിയില്‍ തന്നെ ബിരുദമെടുത്തു.
Read More: ഹനീഫ് ഖുറൈഷിയുടെ കഥ ഇവിടെ വായിക്കാം വിവാഹങ്ങളും വധകൃത്യങ്ങളും -ഹനിഫ് ഖുറെയ്ഷിയുടെ കഥ/ പരിഭാഷ – ജോസ് വര്‍ഗ്ഗീസ്
സ്റ്റീഫന്‍ ഫ്രിയെഴ്സ് (Stephen Frears) സംവിധാനം ചെയ്ത ‘My Beautiful Laundrette’ എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിച്ചതോടെ ഖുറെയ്ഷി ലോകമറിയുന്ന എഴുത്തുകാരനായി. ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സിന്‍റെ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഇതിനു ലഭിച്ചു. ഇതുകൂടാതെ തിരക്കഥയ്ക്കുള്ള ഓസ്കാര്‍ നോമിനേഷനും. ഡാനിയേല്‍ ഡേ ലൂവിസ് (Daniel Day Lewis) എന്ന നാടക/സിനിമാ നടന് തന്‍റെ അഭിനയജീവിതത്തിലെ മറക്കാനാവാത്ത ഒരു റോള്‍ ആയിരുന്നു ആ ചിത്രം നല്‍കിയത് (പിന്നീട് ഈ നടന്‍ മൂന്നു തവണ നായക നടനുള്ള ഓസ്ക്കാര്‍ നേടി, 2012 ല്‍ Lincoln ന് ഉള്‍പ്പെടെ). തെരുവില്‍ അലയുന്ന വീടുംകൂടുമില്ലാത്ത ഒരു വെള്ളക്കാരന്‍ ‘സ്കിന്‍ഹെഡ്’ ആയ ജോണിയെയാണ് ഇതില്‍ ലൂവിസ് അവതരിപ്പിച്ചത്. ജോണിയുടെ പഴയ സഹപാഠിയും പാകിസ്ഥാന്‍ വംശജനുമായ ഒമര്‍ അലി അവന്‍റെ അമ്മാവൻ നാസറിനെ സഹായിക്കാനായി അയാളുടെ മുടങ്ങിക്കിടന്ന ഒരു അലക്ക്കമ്പനി തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് തടയാന്‍ തെരുവുതെമ്മാടികളായ തന്‍റെ കൂട്ടുകാരോടൊപ്പം ശ്രമിക്കുന്ന ജോണി ഒമറുമായുള്ള പഴയ സൗഹൃദം വീണ്ടെടുക്കുന്നതും, പിന്നെ പ്രണയത്തിലാകുന്നതും, അതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നതും രസകരമായി കാട്ടിത്തരുന്നു ഖുറെയ്ഷിയും ഫ്രിയേഴ്സും 32 വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ ഈ ചിത്രം ഇന്നും ചലച്ചിത്രനിരൂപകര്‍ ചര്‍ച്ചചെയ്യുന്നു – അരികുവല്‍ക്കരിക്കപ്പെട്ട യുവത്വം, 1980കളിലെ ഇംഗ്ലണ്ടില്‍ പ്രവാസികള്‍ക്ക് നേരെ നടന്നിരുന്ന അതിക്രമങ്ങള്‍, വര്‍ണ്ണവിവേചനം, അതിരുകള്‍ ഭേദിക്കുന്ന ലൈംഗിക ചോദനകള്‍/ബന്ധങ്ങള്‍, സ്വവര്‍ഗാനുരാഗം, മയക്കുമരുന്ന് കച്ചവടം, മാര്‍ഗരറ്റ് താച്ചറുടെ രാഷ്ട്രീയ നിലപാടുകള്‍, ബ്രിട്ടീഷ് മാര്‍ക്സിസം, ഇവയെപ്പറ്റിയൊക്കെ തുറന്നു സംസാരിച്ച ഒരു കോമെഡിയെന്ന നിലയ്ക്ക് അത് ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. കൂടാതെ വിക്ടോറിയന്‍ സദാചാര നിഷ്കര്‍ഷകളില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തുകടക്കാന്‍ വിസമ്മതിച്ചിരുന്ന ബ്രിട്ടീഷ് സിനിമകളില്‍ നിന്നും ഒരു വലിയ വഴിത്തിരിവാകുകയും ചെയ്തു ഈ ചിത്രം.
‘Buddha of Suburbia’ (1990) എന്ന ആദ്യ നോവല്‍ ഖുറെയ്ഷിയുടെ പ്രശസ്തി ഉയര്‍ത്തി. സുഹൃത്തായ സല്‍മാന്‍ റുഷ്ദിയാണ് എന്തുകൊണ്ട് നോവല്‍ എഴുതിക്കൂടാ എന്നൊരു ചോദ്യം ഖുറെയ്ഷിയോട് ആദ്യം ചോദിക്കുന്നത്. അതുവരെ നാടകങ്ങളും തിരക്കഥകളും എഴുതിയതില്‍ നിന്ന് ലഭിച്ച അനുഭവമെല്ലാം കൈമുതലാക്കി ഖുറെയ്ഷി നോവല്‍ രചിക്കുകയും ചെയ്തു. റുഷ്ദിയുടെ Midnight’s Children (1983) ഒരു വലിയ പ്രചോദനമായിരുന്നെങ്കിലും പിന്തുടര്‍ന്നത് ആ ശൈലിയല്ല. എല്ലാ നോവലുകളിലും യഥാതഥമായ ആഖ്യാനമാണ് ഖുറെയ്ഷിയുടേത്. ആഖ്യാനരീതികളിലെ പരീക്ഷണങ്ങളോ ഗിമ്മിക്കുകളോ അതിഭാവുകത്വമോ തീരെയില്ല. മറിച്ച്, തനിക്ക് അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഇംഗ്ലീഷ് ഭാഷാപ്രയോഗങ്ങളും അതിലൂടെ ഉരുത്തിരിയുന്ന ഹാസ്യവും ഒക്കെയാണ് ഖുറെയ്ഷിയുടെ പരീക്ഷണമേഖലകള്‍. മറ്റാര്‍ക്കും അനുകരിക്കാനാവാത്ത പ്രമേയത്തിലെ പുതുമകള്‍ ഖുറെയ്ഷിയെ എപ്പോഴും വ്യത്യസ്തനാക്കി. വര്‍ഷങ്ങളായുള്ള നാടക/സിനിമാ പ്രവൃത്തിപരിചയം വായനക്കാരുടെ ശ്രദ്ധ ഒരു നിമിഷം പോലും നഷ്ട്പ്പെടുത്താതെ നിലനിര്‍ത്താനുള്ള വഴികാട്ടിയായി അയാള്‍ക്ക്. ഉപനഗരവാസികളിലെ ഭൗതികാസക്തിയും ഇടത്തരം ബൗദ്ധികനിലവാരവും തന്‍റെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്നത് മനസ്സിലാക്കിയ കരീം എന്ന യുവാവ് അതില്‍നിന്നൊക്കെ രക്ഷതേടി നഗരങ്ങളിലേയ്ക്ക് പോകുന്നു. അവിടുത്തെ അരക്ഷിതാവസ്ഥകള്‍ക്കിടയില്‍ അവന്‍ നടത്തുന്ന ജീവിത പരീക്ഷണങ്ങളാണ് ഈ നോവലിന്‍റെ ഇതിവൃത്തം. ഒരു അഭിനേതാവാകാനാണ് കരീം കിണഞ്ഞുപരിശ്രമിക്കുന്നത്. ലണ്ടനിലെ നാടകരംഗത്ത് ആ കാലഘട്ടത്തില്‍ നടന്നിരുന്ന ചുവടുമാറ്റങ്ങളും പരീക്ഷണങ്ങളുടെ പേരില്‍ നടന്നിരുന്ന തമാശകളും ചില അണിയറരഹസ്യങ്ങളുമൊക്കെ ഈ നോവലില്‍ വിഷയമായി. ബ്രിട്ടീഷ് സിനിമകളിലും നാടകങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലെ വ്യക്തികളെ ചിത്രീകരിച്ചിരുന്ന രീതിയില്‍ ഒളിഞ്ഞിരിക്കുന്ന അധിനിവേശ ചിന്താഗതികളെ തുറന്നുകാട്ടുന്നുമുണ്ട് ഈ നോവല്‍.
ബ്രോംലിയിലെ തന്‍റെ സ്കൂളില്‍ ഉണ്ടായിരുന്ന (പില്‍ക്കാലത്ത് പ്രശസ്ത പോപ്‌ഗായകനായി മാറിയ) ഡേവിഡ് ബോവിയെ മാതൃകയാക്കി ചാര്‍ളി ഹീറോ എന്ന ഒരു കഥാപാത്രത്തെയും ഖുറെയ്ഷി ഇതില്‍ സൃഷ്ടിച്ചു. മുഖ്യകഥാപാത്രമായ കരീമാകട്ടെ പാകിസ്ഥാനിയായ അച്ഛന്‍റെയും ഇംഗ്ലീഷുകാരിയായ അമ്മയുടെയും മകന്‍. വായനക്കാര്‍ കരീമിന് ഖുറെയ്ഷിയുമായുള്ള സമാനതകള്‍ തിരയാന്‍ ഇത് കാരണമായി.ബി ബി സി വലിയ പ്രാധാന്യത്തോടെ ഇത് ടെലിവിഷൻ സീരീസ് ആക്കിയപ്പോള്‍ ബ്രിട്ടണിലെ സ്വീകരണമുറികളിലെ സ്ഥിരം കാഴ്ചകളും ചര്‍ച്ചകളും ഒരു തവിട്ടുനിറക്കാരന്‍റെ സാഹസകൃത്യങ്ങള്‍ക്ക് വഴിമാറി. ഖുറെയ്ഷി തന്നെയാണ് ഇതിന്റെ തിരക്കഥ രചിച്ചത്. സുഹൃദ്ബന്ധത്തിന് കെട്ടുറപ്പേകി ഡേവിഡ് ബോവി ഈ സീരീസിനൊരുക്കിയ ശീര്‍ഷകസംഗീതവും പ്രശസ്തി നേടി. .
ഫത്‌വയും പുസ്തകം കത്തിക്കലുമൊക്കെ പ്രമേയമായി വരുന്ന “The Black Album” (1995) പിന്നീട് 2009ല്‍ നാടകരൂപത്തിലും എത്തി. ഇതിലെ കേന്ദ്രകഥാപാത്രമായ ഷാഹിദ് രണ്ടു ചിന്താസരണികൾക്കിടയിൽ കുടുങ്ങിപ്പോവുന്ന ഒരു വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥിപ്രക്ഷോഭത്തിന്റെ മറപറ്റി അവതരിക്കുന്ന മതതീവ്രവാദത്തിലേയ്ക്ക് വീണ്ടുവിചാരമില്ലാതെ എടുത്തുചാടുന്ന സഹപാഠികള്‍ ഒരുവശത്ത്. മറുവശത്ത് യൂണിവേഴ്സിറ്റിയിലെ സാംസ്കാരികപഠനക്ലാസ്സില്‍ താൻ ആഗ്രഹിച്ചപോലെ ജനപ്രിയസംഗീതജ്ഞന്‍ പ്രിന്‍സിനെ പറ്റി പഠിക്കാന്‍ തനിക്ക് അവസരം തന്ന ഡീഡീ എന്ന അധ്യാപിക പരിചയപ്പെടുത്തുന്ന ആധുനിക പാശ്ചാത്യലോകത്തിന്‍റെ പ്രലോഭനങ്ങൾ. ഒമറില്‍ നിന്നും കരീമില്‍ നിന്നും ഷാഹിദിലേയ്ക്കുള്ള ദൂരം എണ്‍പതുകളില്‍ നിന്ന് തൊണ്ണൂറുകളിലേയ്ക്ക് ബ്രിട്ടീഷ് പൊതുസമൂഹം വെച്ച ചുവടുകളിലൂടെ അളക്കാം.
‘Intimacy’ (1998) എന്ന നോവൽ അതിലെ മദ്ധ്യവയസ്കനായ മുഖ്യകഥാപാത്രത്തിന്‍റെ മനോവ്യാപാരങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. വ്യവസ്ഥാപിത കുടുംബം എന്ന ആശയത്തിനു പുറത്താണ് താന്‍ എന്ന് ഒറ്റദിവസത്തെ ചിന്തകളില്‍ നിന്ന് അയാള്‍ സ്വയം കണ്ടെത്തുന്നു. പക്ഷെ ഒരു കുടുംബസ്ഥന്‍ തന്റെ ഭാര്യയേയും രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകിയോടൊപ്പം പോകാന്‍ തീരുമാനിക്കുന്ന ഒരു സാധാരണ കഥയായി പലപ്പോഴും വായനക്കാര്‍ ഇതിനെ ലളിതവല്‍ക്കരിച്ചു. ഖുറെയ്ഷിയുടെ സ്വകാര്യജീവിതവുമായി താരതമ്യപ്പെടുത്തി ചില സദാചാരചര്‍ച്ചകള്‍ ഉയര്‍ത്തിവിടുകയും ചെയ്തു ഈ ചെറുനോവല്‍. ലൈംഗികതയെ നമ്മളാണോ അതോ ലൈംഗികത നമ്മളെയാണോ നിയന്ത്രിക്കുന്നത് എന്ന ചോദ്യം ഇതിന്‍റെ വായനക്കാരെ അലട്ടും. ആദ്യത്തെ വിവാദങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ ആഖ്യാനത്തില്‍ വളരെ മികവുപുലര്‍ത്തുന്ന ഒരു കൃതിയായി ഇത് സ്വീകരിക്കപ്പെടുകയും ഒരു നല്ല സിനിമാ അഡാപ്റ്റേഷന്‍ അതിന് ഉണ്ടാവുകയും ചെയ്തു.
‘Gabirel’s Gift’ (2001) വളരെയേറെ കഴിവുകളുള്ള ഗബ്രിയേല്‍ എന്ന ബാലന്‍ സര്‍ഗ്ഗാത്മകതയിലൂടെ ജീവിതത്തിലെ കടമ്പകള്‍ കടക്കുന്നതിന്‍റെ രസകരമായ ആവിഷ്ക്കാരമാണ്. മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനമെടുക്കുമ്പോള്‍ വിഷമിക്കുന്നുണ്ടെങ്കിലും പെട്ടെന്ന് തന്നെ അതിന്‍റെ നല്ലവശങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു അവന്‍. ഇനിമുതല്‍ തനിക്കും രണ്ടു വീടുകളെപ്പറ്റി സുഹുത്തുക്കളോട് സംസാരിക്കാമല്ലോ എന്നത് അവനെ സന്തോഷിപ്പിക്കുന്നു. കൂടാതെ അച്ഛനെയും അമ്മയെയും രണ്ട് വ്യക്തികളായി കൂടുതല്‍ അടുത്തുമനസ്സിലാക്കാന്‍ അവന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഒരര്‍ത്ഥത്തില്‍ അച്ഛന്‍റെ അലസവും കുത്തഴിഞ്ഞതുമായ ജീവിതത്തില്‍ നിന്ന് അയാളെ കരകയറ്റാനും അമ്മയുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിലേയ്ക്ക് കാര്യങ്ങളെ കൊണ്ടുപോകാനുമൊക്കെ അവന്‍റെ ചില ഇടപെടലുകള്‍ നിമിത്തമാകുന്നു. ഒരു ചിത്രകാരന്‍ എന്ന നിലയിൽ നിന്ന് ചെറുസിനിമകളുടെ സംവിധായകനിലേയ്ക്കുള്ള വളർച്ചയിൽ അവന്‍റ കണ്ടെത്തലുകളും അബദ്ധങ്ങളും വെളിപാടുകളുമൊക്കെ കൌതുകകരമായി അവതരിപ്പിച്ചിരിക്കുന്നു ഇതില്‍. അതിലും പ്രധാനം അപകടങ്ങളില്‍ നിന്ന് സ്വയം രക്ഷിക്കാനുള്ള വഴികള്‍ തന്‍റെ പുതിയ അവസ്ഥ അവനെ പഠിപ്പിക്കുന്നു എന്നതാണ്.
‘Something to Tell You’ (2008) ഒരു സൈക്കോഅനലിസ്റ്റായ ജമാലിന്‍റെ കഥയാണ്. മറ്റുള്ളവരുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാകുക എന്നത് അയാളുടെ ജോലിയുടെ ഭാഗമാണ്. പക്ഷെ അതിലൊക്കെ വലിയ ഒരു രഹസ്യം അയാളുടെ ഉള്ളില്‍ കിടന്ന് നീറുന്നുണ്ട്. ലണ്ടന്‍ ജീവിതത്തിന്‍റെ ഉപരിതലവും അടിത്തട്ടും ഒരുപോലെ കാട്ടിത്തരുന്നു ഈ നീണ്ട നോവല്‍. മറക്കാനാവാത്ത ഖുറെയ്ഷി-കഥാപാത്രങ്ങളുടെ കൂട്ടത്തിലേയ്ക്ക് ജമാലിന്‍റെ സഹോദരി മിരിയം, സുഹൃത്ത് ഹെന്രി എന്നിവരും കൂട്ടിച്ചെര്‍ക്കപ്പെടുന്നു ഇവിടെ. ഫ്രോയിഡിയന്‍ അനാലിസിസിനു രസകരമായ മാനങ്ങള്‍ നല്‍കുന്നുമുണ്ട് ഈ നോവല്‍. ഒപ്പം കുറ്റബോധം, തോല്‍വി, നിരാശ, ലൈംഗികത ഇവയുടെയൊക്കെ കാണാപ്പുറങ്ങളിലൂടെയും ഇത് സഞ്ചരിക്കുന്നു. മദ്ധ്യവയസ്ക്കനായ ജമാല്‍ താന്‍ യുവാവായിരുന്നപ്പോള്‍ ബ്രിട്ടണില്‍ നടന്ന ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ മാത്രമാണ് ‘Buddha of Sububia’ ലെ കരീമിന്‍റെയോ ‘Black Album’ ലെ ഷാഹിദിന്‍റെയോ കാലം അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ‘My Beautiful Laundrette’ ലെ ഒമര്‍ ഇതില്‍ ഒരു മദ്ധ്യവയസ്കനായ വ്യവസായിയായി കടന്നുവരുന്നുമുണ്ട്. 2005 ജൂലൈ ഏഴിന് ലണ്ടന്‍ ഭൂഗര്‍ഭട്രെയിനുകളെ കേന്ദ്രീകരിച്ചു നടന്ന ഭീകരാക്രമണങ്ങളോടെ അവസാനിക്കുന്ന ഈ നോവല്‍ ആധുനിക ലണ്ടന്‍ നഗരത്തെ പലരീതിയില്‍ അടയാളപ്പെടുത്തുന്നതോടോപ്പം ഇത്തരം നഗരങ്ങളുടെ ഭാവിയെപ്പറ്റി പ്രവചനപരമായ പരാമര്‍ശങ്ങളും നടത്തുന്നുണ്ട്.
‘The Last Word’ (2014) വാര്‍ധക്യത്തിലെത്തിയ മമൂണ്‍ അസം എന്ന പ്രശസ്ത എഴുത്തുകാരനെപ്പറ്റിയും അയാളുടെ ജീവിതത്തെക്കുറിച്ച് പഠിക്കാനെത്തുന്ന ചെറുപ്പക്കാരനായ ജീവചരിത്രകാരന്‍ ഹാരി ജോണ്‍സനെപ്പറ്റിയുമാണ്. വായനക്കാര്‍ ഇതില്‍ വി.എസ്. നയ്പോളിനെയും ജീവചരിത്രകാരന്‍ പാട്രിക് ഫ്രെഞ്ചിനെയും, കൂടാതെ നയ്പോളിന്‍റെ ഭാര്യ നാദിറയെയും ഒക്കെ കണ്ടുവെങ്കില്‍ അതിശയപ്പെടാനില്ല. പക്ഷെ നയ്പോളിന്‍റെ ജീവിതത്തില്‍ നടന്നിട്ടില്ലാത്ത പല സംഭവങ്ങളും കൂട്ടിച്ചേര്‍ത്ത് ഇതിനെ ഒരു ഭാവനാസൃഷ്ടിയായാണ് ഖുറെയ്ഷി അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ നോവലുകളെപ്പോലെയൊരു ചലനമുണ്ടാക്കാന്‍ ഇതിന് സാധിച്ചില്ലെങ്കിലും, ഭാവിയില്‍ വളരെയേറെ വായിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു പുസ്തകമാണിത്. നയ്പോള്‍ എന്ന എഴുത്തുകാരനെയോ വ്യക്തിയെയോ മനസ്സിലാക്കാന്‍ ഇങ്ങനെയൊരു നോവലിന്‍റെ ആവശ്യമില്ല. പക്ഷെ ഈ നോവല്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട് – സാഹിത്യലോകത്തെ പുരുഷകേന്ദ്രീകൃത കാഴ്ച്ചപ്പാടുകളും മുതലെടുപ്പുകളും കപടതയും ഒക്കെ നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ വെളിപ്പെടുത്തുന്നുണ്ട് ഈ നോവല്‍.
ഖുറെയ്ഷിയുടെ ഏറ്റവും പുതിയ നോവലായ ‘The Nothing’ (2017) ഹിച്കോക്ക് സിനിമകളെ അനുസ്മരിപ്പിക്കും, പ്രത്യേകിച്ചും ‘Rear Window’. വാള്‍ഡോ എന്ന പ്രശസ്തനായ സിനിമാസംവിധായകനാണ് ഇതിലെ കേന്ദ്രകഥാപാത്രം. ശരീരം തളര്‍ന്ന് കിടക്കയില്‍ നിന്ന് വീല്‍ചെയറിലേയ്ക്കും തിരിച്ചും ഇഴഞ്ഞ് ജീവിതം തള്ളിനീക്കുന്ന ഇയാളുടെ മനസ്സ് പക്ഷെ ഓരോ നിമിഷവും ഉണര്‍ന്നിരിക്കുന്നു. വളരെ ചെറുപ്പമായ ഭാര്യ സെനാബ് തന്‍റെ ഒരു പരിചയക്കാരനുമായി അടുക്കുന്നത് മണത്തറിയുന്ന വാള്‍ഡോ നടത്തുന്ന ചാരപ്രവൃത്തികളാണ് ഈ നോവലിന്‍റെ മുഖ്യഭാഗം. സിനിമാലോകത്ത് മറ്റുള്ളവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന എഡ്ഡി എന്ന ആ പരിചയക്കാരന്‍ തന്‍റെ വീട്ടില്‍ ഒരു സഹായിയായി കടന്നുകൂടുന്നതും ഭാര്യയുമായി അടുക്കുന്നതും ഒക്കെ വാള്‍ഡോ രഹസ്യക്യാമറകളിലൂടെയും ഐപാഡിലൂടെയും കമ്പ്യൂട്ടറുകളിലൂടെയും ഒപ്പിയെടുക്കുകയാണ്. വീട്ടിലെ ചലനങ്ങളും ശബ്ദങ്ങളും നിഴലുകളും, എന്തിന് കണ്ണാടികളിലെ പ്രതിബിംബങ്ങള്‍ പോലും, വാള്‍ഡോയുടെ നിരീക്ഷണത്തിലാണ്. വീല്‍ചെയറിലെ ദുശ്ശാഠൃക്കാരനായ ഒരു ഭീകരനായി മാറുന്നുണ്ട് വാള്‍ഡോ. പക്ഷെ അയാള്‍ മരണത്തോട് പടവെട്ടി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് ഒരിക്കല്‍ തനിക്കു സ്വന്തമായിരുന്ന പ്രണയം മാത്രമാണ് എന്നത് കഥാഗതിയെ മാറ്റിമറിക്കുന്നു. സ്വാര്‍ത്ഥവും ബാലിശവുമെങ്കിലും മരിക്കുന്നതുവരെയും സ്നേഹിക്കപ്പെടണം എന്ന അയാളുടെ ആവശ്യം ന്യായമല്ലേ എന്ന് നമുക്ക് തോന്നിയേക്കാം. അയാളുടെ പ്രതികാരം പ്രതീകാത്മകമായിരുന്നെന്ന് തിരിച്ചറിയുമ്പോള്‍ കഥമുഴുവന്‍ ഒരു ചിരിയോടെ ഓര്‍ക്കാനും നമുക്കാവും. വളരെയേറെ പരിമിതികളുള്ള (വാള്‍ഡോയുടെ) വീക്ഷണകോണിലൂടെ വികസിക്കുന്ന ഈ നോവല്‍ ആഖ്യാനത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തത്.
നോവലുകള്‍ എഴുതുന്നതിന്‍റെ ഇടവേളകളില്‍ കുറെയേറെ ചെറുകഥകളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട് ഖുറെയ്ഷി. ഉപന്യാസങ്ങള്‍ പലതും പ്രവചനസ്വഭാവം ഉള്ളവയാണ്. ഒരു കഥാകാരന്‍ എന്ന നിലയില്‍ ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ഖുറെയ്ഷിയുടെ റഡാറില്‍ പതിയുന്നത് പലപ്പോഴും മറ്റുള്ളവര്‍ കാണാത്തതും അനുഭവിക്കാത്തതുമാണ്. താന്‍ അടുത്തറിഞ്ഞ ജീവിതമാണ് എപ്പോഴും അയാളുടെ കഥാപരിസരവും വിഷയവും.
1994ൽ The New Yorker ല്‍ വന്ന ‘My Son the Fanatic’ എന്ന ചെറുകഥ 9/11 ന് മുന്‍പ് ആരും കാണാതിരുന്ന ചില സാമൂഹ്യമാറ്റങ്ങള്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ഏകദേശം ഇതേ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ‘The Black Album’ (1995) എന്ന നോവലും വികസിക്കുന്നത്. ഫത്‌വയില്‍ നിന്ന് ജിഹാദിലേയ്ക്കുള്ള വഴികളോടൊപ്പം വികസിതരാജ്യങ്ങളില്‍ വളര്‍ന്നുകൊണ്ടിരുന്ന പുതിയതരം സാംസ്കാരിക അസഹിഷ്ണുതകളും തുറന്നു കാട്ടുന്നുണ്ട് ഈ രചനകള്‍. ഒരു ചെറുകഥയുടെ അസ്ഥികൂടത്തിനു മജ്ജയും മാംസവും നല്‍കി ഒരു സിനിമ നിര്‍മ്മിച്ച് അതിനെ വിജയിപ്പിക്കുക എന്നത് അത്രയെളുപ്പമല്ല എങ്കിലും ‘Broke back Mountain (2005) പോലെ ചില അപവാദങ്ങളൊഴിച്ച്) ഖുറെയ്ഷി തന്നെ തിരക്കഥയെഴുതി ഉദയന്‍ പ്രസാദ് സംവിധാനം ചെയ്ത My Son The Fanatic (1997) അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധനേടി. ഓംപുരിയുടെ അതിശക്തമായ ഒരു കഥാപാത്രവും ഇതിലൂടെ ഉടലെടുത്തു.
ഖുറെയ്ഷി ഒരു സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട് ‘London Kills Me (1991). അതിനെടുത്ത പ്രയത്നത്തിലൂടെ എഴുത്ത് തന്നെയാണ് തന്‍റെ മേഖല എന്ന് തിരിച്ചറിഞ്ഞതായി പറയുന്നു അയാള്‍. ഖുറെയ്ഷി തിരക്കഥ രചിച്ച മറ്റു പ്രശസ്തമായ സിനിമകള്‍ ‘Sammy and Rosie Get Laid’ (1998), ‘The Mother’ (2003), ‘Venus’ (2007), ‘Le Week-End’ (2013) എന്നിവയാണ്.
നോവലുകളും നാടകങ്ങളും സിനിമകളുമൊക്കെ കൂടാതെ 688 പേജുകളുള്ള ‘Collected Stories’ (2012) ഉം 400 പേജുകളുള്ള ‘Collected Essays'(2011) ഉം ഖുറെയ്ഷിയുടെതായുണ്ട്. വില്ല്യം ഷേക്സ്പിയര്‍, സോമര്‍സെറ്റ് മോം പോലെയുള്ള ചുരുക്കം ചിലര്‍ എഴുതിയതോളം വരും ഇത്, വലിപ്പത്തിലും ഉള്ളടക്കത്തിലും. പി. ജി. വുഡ്ഹൌസ്, ഈവ്-ലിന്‍ വോ എന്നിവരെപ്പോലെ ഖുറെയ്ഷിയും താന്‍ അറിഞ്ഞോ അറിയാതെയോ രേഖപ്പെടുത്തുന്ന സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ ഒരു കാലഘട്ടത്തിന്‍റെയും സമൂഹത്തിന്‍റെയും അടയാളങ്ങള്‍ നമ്മുടെ വായനലോകത്തില്‍ പ്രവേശിക്കുന്നു. ചരിത്രപുസ്തകങ്ങള്‍ക്ക് നല്‍കാനാവാത്ത പലതും അതിലുണ്ടാവാം.
ജോസ് വർഗീസ്- സൗദി അറേബ്യയില്‍ ജസാന്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനാണ്. ലേയ്ക്-വ്യൂ , സ്ട്രാന്‍ഡ്സ് പബ്ലിഷേഴ്സ് എന്നിവയുടെ എഡിറ്റര്‍. ഇംഗ്ലീഷില്‍ എഴുതുന്നു, മലയാളം-ഇംഗ്ലീഷ് , ഇംഗ്ലീഷ്-മലയാളം വിവര്‍ത്തനങ്ങള്‍ ചെയ്യുന്നു